
ദില്ലി: അമേരിക്കയിൽ നിന്ന് എൽപിജി ഇറക്കുമതി ചെയ്യുന്നതിനുള്ള ഒരു വർഷത്തെ കരാറിൽ ആദ്യമായി ഇന്ത്യൻ പൊതുമേഖലാ എണ്ണക്കമ്പനികൾ ഒപ്പുവെച്ചതായി കേന്ദ്ര പെട്രോളിയം, പ്രകൃതി വാതക മന്ത്രി ഹർദീപ് സിംഗ് പുരി. ഇന്ത്യയുടെ ഊർജ്ജ സുരക്ഷ ശക്തിപ്പെടുത്തുന്നതിനുള്ള ഒരു പ്രധാന ചുവടുവയ്പാണ് ഇതെന്നും ചരിത്ര പ്രധാനമായ തീരുമാനമാണെന്ന് വിശേഷിപ്പിച്ചുകൊണ്ട് സോഷ്യൽ മീഡിയ പോസ്റ്റിലൂടെയാണ് മന്ത്രി കരാർ വിവരം പുറത്തുവിട്ടത്.
ലോകത്തിലെ ഏറ്റവും വലുതും വേഗത്തിൽ വളരുന്നതുമായ എൽപിജി വിപണികളിൽ ഒന്നായ ഇന്ത്യ അമേരിക്കയുമായി കൈകോർക്കുന്നത് സുപ്രധാന ചുവടുവെയ്പാണ്. ഇന്ത്യയിലെ ജനങ്ങൾക്ക് സുരക്ഷിതവും താങ്ങാനാവുന്ന വിലയിലുള്ളതുമായ എൽപിജി വിതരണം നൽകാനുള്ള ശ്രമമാണെന്നും ഇന്ത്യൻ പൊതുമേഖലാ എണ്ണക്കമ്പനികൾ ഏകദേശം 2.2 മെട്രിക് ടൺ എൽപിജി ഇറക്കുമതി ചെയ്യുന്നതിനുള്ള ഒരു വർഷത്തെ കരാറിൽ ഒപ്പുവെച്ചിട്ടുണ്ടെന്നും ഹർദീപ് സിംഗ് പുരി പറഞ്ഞു. ഇന്ത്യൻ വിപണിയിലെ യുഎസ് എൽപിജി ഉൾപ്പെടുന്ന ആദ്യത്തെ ദീർഘകാല കരാറാണിതെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യയുടെ വാർഷിക എൽപിജി ഇറക്കുമതിയുടെ 10 ശതമാനത്തോളം വരുന്ന ഈ തുക യുഎസ് ഗൾഫ് കോസ്റ്റിൽ നിന്നാണ് ലഭ്യമാക്കുക. ആഗോള എൽപിജി വ്യാപാരത്തിലെ പ്രധാന വിലനിർണ്ണയ പോയിന്റായ മൗണ്ട് ബെൽവിയുവിനെ അടിസ്ഥാനമാക്കിയാണ് കരാറെന്ന് ഹർദീപ് സിംഗ് പുരി പറഞ്ഞു.
ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ലിമിറ്റഡ് (ഐഒസിഎൽ), ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് (ബിപിസിഎൽ), ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് (എച്ച്പിസിഎൽ) എന്നിവയിലെ ടീമുകൾ കഴിഞ്ഞ മാസങ്ങളിൽ പ്രധാന അമേരിക്കൻ ഉൽപ്പാദകരുമായി ചർച്ച നടത്താൻ അമേരിക്ക സന്ദർശിച്ചിരുന്നുവെന്നും അതാണ് കരാറിലെത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.