
ഇന്ത്യയും അമേരിക്കയും തമ്മില്‍ വ്യാപാരക്കരാറിലെത്തി എന്ന വാര്‍ത്ത വലിയ ആവേശത്തോടെയാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. എന്നാല്‍, പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും പ്രഖ്യാപിച്ച ഈ പുതിയ 'ഡീലില്‍' ചില അവ്യക്തതകള്‍ ബാക്കി നില്‍ക്കുന്നുണ്ട്. അമേരിക്കയിലേക്ക് കയറ്റുമതി ചെയ്യുന്ന ഇന്ത്യന്‍ ഉല്‍പ്പന്നങ്ങളുടെ തീരുവ 25 ശതമാനത്തില്‍ നിന്ന് 18 ശതമാനമാക്കി കുറച്ചതാണ് പ്രധാന നേട്ടമായി എടുത്തുപറയുന്നത്. എങ്കിലും ചില കാര്യങ്ങളില്‍ സംശയം തുടരുകയാണ്
1. എവിടെയാണ് ഈ കരാറിന്റെ പൂര്‍ണ്ണരൂപം? ട്രംപിന്റെ സോഷ്യല്‍ മീഡിയ പോസ്റ്റില്‍ വ്യാപാര കരാറിനെക്കുറിച്ച് പറയുന്നുണ്ടെങ്കിലും അതിന്റെ വിശദാംശങ്ങള്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല. അമേരിക്കന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് മേലുള്ള നികുതി ഇന്ത്യ 'പൂജ്യം' ആക്കുമെന്ന് ട്രംപ് അവകാശപ്പെടുമ്പോള്‍, കേന്ദ്ര സര്‍ക്കാര്‍ ഇതിനെക്കുറിച്ച് ഒരക്ഷരം മിണ്ടിയിട്ടില്ല. കൃഷി, ക്ഷീര മേഖലകളില്‍ അമേരിക്കയ്ക്ക് കൂടുതല്‍ ഇളുവകള്‍ ഇന്ത്യ നല്‍കുമോ എന്നതിലും വ്യക്തതയില്ല. യൂറോപ്യന്‍ യൂണിയനുമായുള്ള കരാര്‍ പോലെ ഇതിന്റെ കൃത്യമായ നിബന്ധനകള്‍ പൊതുജനങ്ങള്‍ക്കു മുന്നില്‍ വെളിപ്പെടുത്തിയിട്ടില്ല എന്നത് ശ്രദ്ധേയമാണ്.
2. 18% നികുതി കൊണ്ട് ഇന്ത്യയ്ക്ക് ഗുണമുണ്ടോ? ഇന്ത്യയുടെ പ്രധാന എതിരാളികളായ ബംഗ്ലാദേശ്, വിയറ്റ്‌നാം തുടങ്ങിയ രാജ്യങ്ങള്‍ക്ക് 20 ശതമാനവും പാകിസ്ഥാന് 19 ശതമാനവുമാണ് അമേരിക്കയില്‍ തീരുവ. ഇതിനെക്കാള്‍ കുറഞ്ഞ 18 ശതമാനത്തിലേക്ക് ഇന്ത്യ എത്തിയത് നേട്ടം തന്നെയാണ്. എന്നാല്‍ മറ്റു അയല്‍രാജ്യങ്ങള്‍ക്ക് ലഭിക്കുന്ന 5 ശതമാനത്തിന്റെ പ്രത്യേക ഇളവ് ഇന്ത്യയ്ക്ക് ഇപ്പോഴും ലഭ്യമല്ല. അതിനാല്‍ തന്നെ 18 ശതമാനം എന്നത് ഇന്ത്യന്‍ കയറ്റുമതിക്കാര്‍ക്ക് പൂര്‍ണ്ണമായ ആശ്വാസം നല്‍കുന്ന ഒന്നല്ല.
3. റഷ്യന്‍ എണ്ണ ഇറക്കുമതി ഇന്ത്യ നിര്‍ത്തുമോ? ഏറ്റവും വലിയ തര്‍ക്കവിഷയമാണിത്. പ്രധാനമന്ത്രി മോദി റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നത് നിര്‍ത്താമെന്ന് സമ്മതിച്ചതായാണ് ട്രംപ് അവകാശപ്പെടുന്നത്. എന്നാല്‍ ഇന്ത്യയുടെ വിദേശകാര്യ മന്ത്രാലയം ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. കഴിഞ്ഞ കുറച്ചു മാസങ്ങളായി റഷ്യയില്‍ നിന്നുള്ള എണ്ണ ഇറക്കുമതി ഇന്ത്യ വന്‍തോതില്‍ കുറച്ചിട്ടുണ്ട്. റിലയന്‍സ് ഉള്‍പ്പെടെയുള്ള കമ്പനികള്‍ ജനുവരിയില്‍ റഷ്യയില്‍ നിന്ന് എണ്ണ വാങ്ങിയിട്ടില്ല എന്നതും ട്രംപിന്റെ സമ്മര്‍ദ്ദം ഫലം കാണുന്നു എന്നതിന്റെ സൂചനയാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.
4. അമേരിക്കന്‍ ഉപരോധത്തിന് മുന്നില്‍ ഇന്ത്യ വഴങ്ങിയോ? റഷ്യയെ കൂടാതെ ഇറാന്‍, വെനസ്വേല എന്നീ രാജ്യങ്ങളില്‍ നിന്നുള്ള എണ്ണ ഇറക്കുമതിയുടെ കാര്യത്തിലും അമേരിക്കന്‍ നിലപാടുകള്‍ക്ക് ഇന്ത്യ വഴങ്ങുന്നതായി കാണാം. ഇറാന്റെ ചൗബഹാര്‍ തുറമുഖ പദ്ധതിയില്‍ നിന്ന് ഇന്ത്യ പിന്നോട്ട് പോകുകയാണോ എന്ന ചോദ്യവും ഉയരുന്നുണ്ട്. ഫെബ്രുവരി ഒന്നിന് അവതരിപ്പിച്ച കേന്ദ്ര ബജറ്റില്‍ ചൗബഹാര്‍ പദ്ധതിക്കായി തുകയൊന്നും നീക്കിവെച്ചിട്ടില്ല. ഇത് അമേരിക്കന്‍ ഉപരോധത്തെ ഇന്ത്യ ഭയപ്പെടുന്നു എന്നതിന്റെ തെളിവായി പ്രതിപക്ഷം ചൂണ്ടിക്കാട്ടുന്നു.
5. 500 ബില്യണ്‍ ഡോളറിന്റെ നിക്ഷേപം നടക്കുമോ? അടുത്ത ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ ഇന്ത്യ അമേരിക്കയില്‍ നിന്ന് 500 ബില്യണ്‍ ഡോളറിന്റെ (ഏകദേശം 42 ലക്ഷം കോടി രൂപ) ഊര്‍ജ്ജവും ഉല്‍പ്പന്നങ്ങളും വാങ്ങുമെന്ന് ട്രംപ് പ്രഖ്യാപിച്ചിട്ടുണ്ട്. നിലവില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള ആകെ വ്യാപാരം 131 ബില്യണ്‍ ഡോളര്‍ മാത്രമാണ്. ഈ സാഹചര്യത്തില്‍ ഇത്രയും വലിയൊരു തുകയുടെ നിക്ഷേപം എത്രത്തോളം പ്രായോഗികമാണ് എന്നതില്‍ സാമ്പത്തിക വിദഗ്ധര്‍ക്ക് സംശയമുണ്ട്.
കയറ്റുമതിക്കാര്‍ക്ക് 18% നികുതി വലിയ ആശ്വാസമാണെങ്കിലും, ഇതിനായി ഇന്ത്യ നല്‍കേണ്ടി വരുന്ന 'വില' എത്രയാണെന്ന കാര്യത്തില്‍ ഇപ്പോഴും ദുരൂഹത തുടരുകയാണ്.