പ്രതീക്ഷകളും പ്രവചനങ്ങളും മറികടന്ന് സടകുടഞ്ഞ് ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ; 18 മാസത്തെ ഏറ്റവും വേഗത്തിലുള്ള വളർച്ചയിൽ, രണ്ടാം പാദത്തിൽ കുതിച്ച് ജിഡിപി

Published : Nov 28, 2025, 08:40 PM IST
India GDP growth, GDP growth  India set for over 7  GDP growth

Synopsis

ജൂലൈ-സെപ്റ്റംബർ പാദത്തിൽ 8.2 ശതമാനം വളർച്ചയാണ് രാജ്യം നേടിയത്. ഉപഭോക്തൃ ചെലവിലെ വർധനവും ഉത്സവകാല ഉൽപ്പാദനവുമാണ് ഈ മുന്നേറ്റത്തിന് പിന്നിൽ, ഇതോടെ സർക്കാർ വാർഷിക വളർച്ചാ പ്രവചനം 7 ശതമാനമായി ഉയർത്തി.

ദില്ലി: ഉപഭോക്തൃ ചെലവിലെ ശക്തമായ വർധനവും പ്രാദേശിക ഉത്സവങ്ങൾ മുന്നിൽ കണ്ടുള്ള ഉൽപാദന വർധനവും മൂലം ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ കഴിഞ്ഞ 18 മാസത്തെ ഏറ്റവും വേഗത്തിലുള്ള വളർച്ച രേഖപ്പെടുത്തി. ജൂലൈ-സെപ്റ്റംബർ പാദത്തിൽ 8.2 ശതമാനം വളർച്ചയാണ് രാജ്യം നേടിയത്. മുൻ പാദത്തിലെ 7.8 ശതമാനം വളർച്ചയെയും മറികടന്നാണ് ഈ മുന്നേറ്റം. ഇന്ന് പുറത്തുവിട്ട കണക്കുകളാണ് വേഗത്തിലുള്ള മുന്നേറ്റം പ്രകടമാകുന്നത്.

ലോകത്തിലെ അഞ്ചാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയുടെ ഈ ശക്തമായ വളർച്ച, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഭ്യന്തര പിന്തുണ വർദ്ധിപ്പിക്കാൻ സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ. കൂടാതെ, റഷ്യൻ എണ്ണ വാങ്ങലുമായി ബന്ധപ്പെട്ട് യുഎസ് ഏർപ്പെടുത്തിയ അധിക നികുതികളെ തുടർന്ന് പ്രതിസന്ധിയിലായ ടെക്സ്റ്റൈൽസ്, രത്നം-ആഭരണങ്ങൾ, ഭക്ഷ്യവസ്തുക്കൾ തുടങ്ങിയ മേഖലകളുമായി ബന്ധപ്പെട്ട് യുഎസുമായി വ്യാപാര കരാറിന് ശ്രമിക്കാനുള്ള സാധ്യതകളും തുറന്നു നൽകുന്നതാണ് പുതിയ വളര്‍ച്ചാ റിപ്പോര്‍ട്ട്.

"2025/26 സാമ്പത്തിക വർഷത്തിലെ രണ്ടാം പാദത്തിലെ 8.2 ശതമാനം ജിഡിപി വളർച്ച വളരെ മികച്ചതാണ്. വളർച്ചയെ അനുകൂലിക്കുന്ന നയസമീപനങ്ങളുടെയും പരിഷ്കാരങ്ങളുടെയും സ്വാധീന ഫലമാണ്," എന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി എക്‌സിൽ കുറിച്ചു. പരിഷ്കരണങ്ങൾ മുന്നോട്ട് കൊണ്ടുപോകുന്നത് സർക്കാർ തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആഗോള അനിശ്ചിതത്വങ്ങൾ നിലനിൽക്കുമ്പോഴും ആഭ്യന്തര സമ്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിനായി, കഴിഞ്ഞ മൂന്ന് മാസത്തിനിടെ സർക്കാർ നൂറുകണക്കിന് ഉൽപ്പന്നങ്ങളുടെ ജിഎസ്ടി കുറയ്ക്കുകയും ഏറെക്കാലമായി വൈകിയ തൊഴിൽ പരിഷ്കാരങ്ങൾ നടപ്പിലാക്കുകയും ചെയ്തിരുന്നു.

പ്രതീക്ഷയ്ക്കും അപ്പുറം വളര്‍ച്ചാ നിരക്ക്

ഈ ശക്തമായ വളർച്ചാ കണക്കുകളുടെ പശ്ചാത്തലത്തിൽ, ഈ സാമ്പത്തിക വർഷത്തെ വളർച്ചാ പ്രവചനങ്ങളിലും സർക്കാർ മാറ്റം വരുത്തി. "ഈ വർഷം മുഴുവനുള്ള വളർച്ച 7 ശതമാനമോ അല്ലെങ്കിൽ അതിലും കൂടുതലോ ആയിരിക്കുമെന്ന് ഇപ്പോൾ നമുക്ക് ആത്മവിശ്വാസത്തോടെ പറയാൻ കഴിയും എന്ന് കണക്കുകൾ പുറത്തുവന്നതിന് ശേഷം നടന്ന വാര്‍ത്താ സമ്മേളനത്തിൽ സർക്കാരിൻ്റെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് വി അനന്ത നാഗേശ്വരൻ പറഞ്ഞു. നേരത്തെ 6.3 ശതമാനം മുതൽ 6.8 ശതമാനം വരെ വളർച്ചയാണ് അദ്ദേഹം പ്രവചിച്ചിരുന്നത്.

ജിഡിപി യുടെ ഏകദേശം 57 ശതമാനം വരുന്ന സ്വകാര്യ ഉപഭോക്തൃ ചെലവ് ജൂലൈ-സെപ്റ്റംബർ പാദത്തിൽ മുൻ വർഷത്തെ അപേക്ഷിച്ച് 7.9ശതമാനം വർധിച്ചു. മുൻ പാദത്തിൽ ഇത് 7ശതമാനം ആയിരുന്നു. "റെക്കോർഡ് ജി.ഡി.പി. വളർച്ചയ്ക്ക് പിന്നിൽ പ്രധാനമായും കയറ്റുമതിയുടെ മുന്നേറ്റമാണ്," എന്ന് മുംബൈയിലെ എലാര സെക്യൂരിറ്റീസിലെ സാമ്പത്തിക വിദഗ്ധനായ ഗരിമ കപൂർ പറഞ്ഞു. "ഈ കണക്കുകൾ പ്രകാരം, 26 സാമ്പത്തിക വർഷത്തിലെ മൊത്തത്തിലുള്ള ജിഡിപി വളർച്ച 7.5 ശതമാനത്തിന് അടുത്ത് എത്താൻ സാധ്യതയുണ്ട്. ഇത് റിസർവ് ബാങ്കിൻ്റെയും സർക്കാരിൻ്റെയും കണക്കുകളേക്കാൾ വളരെ കൂടുതലാണെന്നും കപൂർ കൂട്ടിച്ചേർത്തു.

PREV
PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
Read more Articles on
click me!

Recommended Stories

വീട് സ്വന്തമാക്കുന്നവരുടെ എണ്ണം കൂടിയേക്കും, ആർബിഐ പലിശ കുറച്ച നേട്ടം റിയൽഎസ്റ്റേറ്റ് മേഖലയ്ക്കും
ഭവന വായ്പ എടുത്തവർക്ക് വലിയ ആശ്വാസം; പലിശ കുറച്ച് ആർബിഐ, ഇഎംഐ എങ്ങനെ കുറയ്ക്കാം