സ്വര്‍ണവിലയിലെ റെക്കോര്‍ഡ് കുതിപ്പ്: ജി7 നടപടികളെ ഭയന്ന് രാജ്യങ്ങള്‍ സ്വര്‍ണം വാങ്ങിക്കൂട്ടുന്നുവെന്ന് റഷ്യ

Published : Nov 28, 2025, 04:10 PM IST
gold reserves

Synopsis

വിദേശനാണ്യ കരുതല്‍ ശേഖരം വൈവിധ്യവത്കരിക്കുന്നതിന്റെ ഭാഗമായി ഈ രാജ്യങ്ങള്‍ സ്വര്‍ണത്തിലേക്ക് തിരിയുകയാണെന്ന് റഷ്യന്‍ സെന്‍ട്രല്‍ ബാങ്ക് ആരോപിച്ചു.

 

ആഗോള വിപണിയില്‍ സ്വര്‍ണവില റെക്കോര്‍ഡുകള്‍ തിരുത്തി കുതിക്കുന്നതിന് പിന്നില്‍ ജി7 രാജ്യങ്ങളുടെ നടപടികളാണെന്ന ആരോപണവുമായി റഷ്യന്‍ സെന്‍ട്രല്‍ ബാങ്ക് രംഗത്ത്. റഷ്യയുടെ മരവിപ്പിച്ച ആസ്തികള്‍ ഉപയോഗിക്കാനുള്ള ജി7 കൂട്ടായ്മയുടെ നീക്കങ്ങളെത്തുടര്‍ന്ന് വികസ്വര രാജ്യങ്ങള്‍ വന്‍തോതില്‍ സ്വര്‍ണം വാങ്ങിക്കൂട്ടുന്നതാണ് വിലക്കയറ്റത്തിന് കാരണമെന്നാണ് റഷ്യയുടെ വിലയിരുത്തല്‍. റഷ്യയുടെ വിദേശ നിക്ഷേപങ്ങള്‍ മരവിപ്പിച്ച നടപടി ആഗോള സാമ്പത്തിക ക്രമത്തില്‍ അനിശ്ചിതത്വം സൃഷ്ടിച്ചിട്ടുണ്ട്. ഇതോടെ ഡോളറിലും യൂറോയിലുമുള്ള നിക്ഷേപങ്ങള്‍ സുരക്ഷിതമല്ലെന്ന ഭയം വികസ്വര രാജ്യങ്ങളുടെ സെന്‍ട്രല്‍ ബാങ്കുകള്‍ക്കുണ്ട്. വിദേശനാണ്യ കരുതല്‍ ശേഖരം വൈവിധ്യവത്കരിക്കുന്നതിന്റെ ഭാഗമായി ഈ രാജ്യങ്ങള്‍ സ്വര്‍ണത്തിലേക്ക് തിരിയുകയാണെന്ന് റഷ്യന്‍ സെന്‍ട്രല്‍ ബാങ്ക് ആരോപിച്ചു.

സ്വര്‍ണ വിലയില്‍ വന്‍ കുതിപ്പ്

1979-ന് ശേഷമുള്ള ഏറ്റവും വലിയ വില വര്‍ധനവാണ് സ്വര്‍ണ വിപണിയില്‍ ഈ വര്‍ഷം രേഖപ്പെടുത്തിയത്. ഈ വര്‍ഷം മാത്രം 59 ശതമാനം വര്‍ധനവാണ് സ്വര്‍ണ വിലയില്‍ ഉണ്ടായത്. ഒക്ടോബര്‍ 20-ന് ഒരു ഔണ്‍സ് സ്വര്‍ണത്തിന് 4,381 ഡോളര്‍ എന്ന റെക്കോര്‍ഡ് നിരക്കില്‍ എത്തിയിരുന്നു. ആഗോളതലത്തിലുള്ള സാമ്പത്തിക മാന്ദ്യ ഭീഷണിയും അമേരിക്കയിലെ നികുതി നയങ്ങളിലെ അനിശ്ചിതത്വവും സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണത്തിന് പ്രിയം വര്‍ധിപ്പിച്ചു.

മരവിപ്പിച്ച ആസ്തികള്‍

റഷ്യയുടെ ഏകദേശം 30,000 കോടി ഡോളറിന്റെ (ഏകദേശം 25 ലക്ഷം കോടി രൂപ) ആസ്തികളാണ് പാശ്ചാത്യ രാജ്യങ്ങള്‍ മരവിപ്പിച്ചിരിക്കുന്നത്. ഇതില്‍ 21,000 കോടി യൂറോയും യൂറോപ്പിലാണുള്ളത്. ബ്രസല്‍സ് ആസ്ഥാനമായുള്ള 'യൂറോക്ലിയര്‍' എന്ന സെക്യൂരിറ്റീസ് ഡിപ്പോസിറ്ററിയിലാണ് ഇതില്‍ ഭൂരിഭാഗവും സൂക്ഷിച്ചിരിക്കുന്നത്. അതേസമയം, നവംബര്‍ 14-ലെ കണക്കുകള്‍ പ്രകാരം 734.1 ബില്യണ്‍ ഡോളറാണ് റഷ്യയുടെ നിലവിലെ സ്വര്‍ണ, വിദേശനാണ്യ കരുതല്‍ ശേഖരം.

PREV
Read more Articles on
click me!

Recommended Stories

വീട് സ്വന്തമാക്കുന്നവരുടെ എണ്ണം കൂടിയേക്കും, ആർബിഐ പലിശ കുറച്ച നേട്ടം റിയൽഎസ്റ്റേറ്റ് മേഖലയ്ക്കും
ഭവന വായ്പ എടുത്തവർക്ക് വലിയ ആശ്വാസം; പലിശ കുറച്ച് ആർബിഐ, ഇഎംഐ എങ്ങനെ കുറയ്ക്കാം