
ദില്ലി: യുപിഐ പോലെ എഐയും ഇന്ത്യയിൽ തരംഗമാകുമെന്ന് റേസർപേ സിഇഒ ഹർഷിൽ മാത്തൂർ. ഇന്ത്യ എഐ ഇംപാക്ട് സമ്മിറ്റിൽ എഎൻഐയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തെ ഡിജിറ്റൽ പബ്ലിക് ഇൻഫ്രാസ്ട്രക്ചറിലുള്ള ജനങ്ങളുടെ വിശ്വാസവും പുതിയ സാങ്കേതികവിദ്യകൾ അതിവേഗം സ്വീകരിക്കുന്ന ശീലവുമാണ് ഈ ശുഭാപ്തിവിശ്വാസത്തിന് കാരണമെന്ന് അദ്ദേഹം പറയുന്നു
ലോകത്തെ മിക്ക രാജ്യങ്ങളും എഐയെ സംശയത്തോടെയാണ് കാണുന്നത്. അവർക്ക് സാങ്കേതികവിദ്യയിൽ അത്ര വിശ്വാസമില്ല. അത് തങ്ങളുടെ ജീവിതത്തിൽ എന്ത് മാറ്റം വരുത്തുമെന്ന ആശങ്കയിലാണ് അവർ. എന്നാൽ ഇന്ത്യക്കാരുടെ കാര്യം അങ്ങനെയല്ല, സാങ്കേതികവിദ്യയുടെ കാര്യത്തിൽ നമുക്ക് നല്ല അനുഭവങ്ങളാണുള്ളതെന്ന് അദ്ദേഹം വ്യക്തമാക്കി.
യുപിഐ, ആധാർ തുടങ്ങിയ ഉദാഹരണങ്ങൾ ചൂണ്ടിക്കാട്ടി, കഴിഞ്ഞ പത്ത് വർഷത്തിനിടയിലെ ഡിജിറ്റൽ മുന്നേറ്റങ്ങൾ ജനങ്ങളുടെ ജീവിതം കൂടുതൽ എളുപ്പവും ലളിതവും വേഗതയേറിയതുമാക്കി എന്ന് ഹർഷിൽ മാത്തൂർ പറഞ്ഞു. ഇത് പുതിയ സാങ്കേതികവിദ്യകളോട് ഒരു തുറന്ന സമീപനവും വിശ്വാസവും വളർത്തിയെടുക്കാൻ സഹായിച്ചു. ലോകത്തിലെ പ്രമുഖ എഐ കമ്പനികളുടെയെല്ലാം രണ്ടാമത്തെ വലിയ വിപണി ഇന്ത്യയാണ്. വോയിസ് അധിഷ്ഠിത എഐ സംവിധാനങ്ങൾ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്നതും ഇന്ത്യയിലാണ്. പല ആഗോള കമ്പനികളും തങ്ങളുടെ ഏറ്റവും വേഗത്തിൽ വളരുന്ന വിപണിയായി ഇന്ത്യയെയാണ് കാണുന്നതെന്ന് അദ്ദേഹം പറഞ്ഞു.
റേസർപേയുടെ എഐ സംരംഭങ്ങളെക്കുറിച്ച് സംസാരിച്ച മാത്തൂർ, തങ്ങളുടെ കമ്പനി തുടക്കം മുതലേ എഐ ഉപയോഗിക്കുന്നുണ്ടെന്ന് പറഞ്ഞു. ഉപഭോക്താക്കൾക്ക് നേരിട്ട് പ്രയോജനം ലഭിക്കുന്ന ഏജന്റിക് കൊമേഴ്‌സ് എന്ന ആശയമാണ് ഇതിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നായി അദ്ദേഹം കാണുന്നത്.
എഐ കാരണം തൊഴിൽ നഷ്ടപ്പെടുമോ എന്ന ആശങ്കകളെക്കുറിച്ചും മാത്തൂർ സംസാരിച്ചു. നിലവിലുള്ള ജോലികളിൽ വലിയ മാറ്റങ്ങൾ വരുമെന്ന് സമ്മതിച്ച അദ്ദേഹം, എന്നാൽ പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുമെന്നും വാദിച്ചു. കഴിഞ്ഞ ദശാബ്ദത്തിൽ കണ്ടന്റ് ക്രിയേറ്റർമാർ, യൂട്യൂബർമാർ തുടങ്ങിയ പുതിയ ജോലികൾ ഉയർന്നുവന്നത് അദ്ദേഹം ഉദാഹരണമായി ചൂണ്ടിക്കാട്ടി. പല പരമ്പരാഗത ജോലികളും ഇല്ലാതായെങ്കിലും, മനുഷ്യന്റെ സർഗ്ഗാത്മകതയെ കൂടുതൽ ഉപയോഗിക്കുന്നതും മികച്ച വരുമാനം നൽകുന്നതുമായ പുതിയ ജോലികൾ വന്നു. എഐയുടെ കാര്യത്തിലും ഇതുതന്നെയാണ് സംഭവിക്കാൻ പോകുന്നത്, അദ്ദേഹം കൂട്ടിച്ചേർത്തു.