
കഴിഞ്ഞ ഒരാഴ്ചയായി വിമാനത്താവളങ്ങളിലെ ഡിസ്പ്ലേ ബോര്‍ഡുകളില്‍ 'ക്യാന്‍സല്‍ഡ്' എന്ന ചുവപ്പ് നിറത്തിലുള്ള വാക്കുകള്‍ തെളിഞ്ഞപ്പോള്‍ പ്രതിസന്ധിയിലായത് ആയിരക്കണക്കിന് യാത്രക്കാരാണ്. മണിക്കൂറുകള്‍ നീണ്ട കാത്തിരിപ്പ്, റദ്ദാക്കിയ വിമാനങ്ങള്‍, കുത്തനെ ഉയര്‍ന്ന ടിക്കറ്റ് നിരക്ക്. രാജ്യത്തെ ഏറ്റവും വലിയ വിമാനക്കമ്പനിയായ ഇന്‍ഡിഗോ നേരിട്ട പ്രതിസന്ധി യഥാര്‍ത്ഥത്തില്‍ ഒരു മുന്നറിയിപ്പാണ്; ഇന്ത്യന്‍ വ്യോമയാന മേഖല രണ്ട് കമ്പനികളുടെ മാത്രം കൈപ്പിടിയിലൊതുങ്ങുമ്പോള്‍ ഉണ്ടാകുന്ന വലിയ അപകടത്തിന്റെ മുന്നറിയിപ്പ്. രാജ്യത്തെ 140 കോടി ജനങ്ങളുടെ യാത്രാസ്വപ്നങ്ങള്‍ വെറും രണ്ട് കമ്പനികളെ മാത്രം ആശ്രയിച്ചു നില്‍ക്കുമ്പോള്‍, അതിലൊരു കമ്പനിക്ക് ചെറുതായൊന്നു കാലിടറിയാല്‍ പോലും അത് മൊത്തം സംവിധാനത്തെയും ബാധിക്കുമെന്നതാണ് ഇപ്പോഴത്തെ അവസ്ഥ.
വിദഗ്ധര്‍ കാലങ്ങളായി നല്‍കുന്ന മുന്നറിയിപ്പ് ശരിവെക്കുന്നതാണ് ഇപ്പോള്‍ നടക്കുന്ന സംഭവവികാസങ്ങള്‍. 'കാപ്പ ഇന്ത്യ'യുടെ കണക്കുകള്‍ പ്രകാരം ഇന്ത്യയിലെ ആഭ്യന്തര വിമാന സര്‍വീസുകളുടെ 60 ശതമാനവും ഇന്‍ഡിഗോയുടെ കൈവശമാണ്. ടാറ്റയുടെ ഉടമസ്ഥതയിലുള്ള എയര്‍ ഇന്ത്യ ഗ്രൂപ്പ് 26 ശതമാനവും കൈയാളുന്നു. അതായത്, ഇന്ത്യന്‍ ആകാശത്തിന്റെ 86 ശതമാനവും നിയന്ത്രിക്കുന്നത് ഈ രണ്ട് വമ്പന്മാര്‍ മാത്രം. ബാക്കിയുള്ള ചെറിയ വിമാനക്കമ്പനികള്‍ക്ക് ഇത്തരം പ്രതിസന്ധികള്‍ മറികടക്കാനുള്ള സാമ്പത്തിക ശേഷിയോ വിമാനങ്ങളോ ഇല്ല എന്നതാണ് യാഥാര്‍ത്ഥ്യം.
സാധാരണഗതിയില്‍ ഒരു കമ്പനിക്ക് പ്രശ്‌നം നേരിടുമ്പോള്‍ മറ്റൊരു കമ്പനി രക്ഷക്കെത്താറുണ്ട്. എന്നാല്‍ എയര്‍ ഇന്ത്യ ലയിപ്പിക്കല്‍ നടപടികളുമായും സാങ്കേതിക തകരാറുകളുമായും മല്ലിടുകയാണ്. ഇന്‍ഡിഗോയുടെ വീഴ്ചയില്‍ പകച്ചുപോയ യാത്രക്കാരെ ഉള്‍ക്കൊള്ളാന്‍ എയര്‍ ഇന്ത്യയ്ക്കോ മറ്റ് ചെറിയ കമ്പനികള്‍ക്കോ സാധിച്ചില്ല. ആകാശ എയര്‍, സ്‌പൈസ് ജെറ്റ് തുടങ്ങിയ കമ്പനികള്‍ക്ക് ആയിരക്കണക്കിന് യാത്രക്കാരെ പെട്ടെന്ന് ഏറ്റെടുക്കാനുള്ള ശേഷിയുമില്ല.
പൈലറ്റുമാര്‍ക്ക് കൂടുതല്‍ വിശ്രമം നല്‍കണമെന്ന നിയമം നടപ്പിലാക്കാന്‍ രണ്ട് വര്‍ഷത്തെ സമയം ലഭിച്ചിട്ടും കമ്പനികള്‍ ആവശ്യത്തിന് ജീവനക്കാരെ നിയമിച്ചില്ലെന്ന് പൈലറ്റുമാരുടെ സംഘടനകള്‍ ആരോപിക്കുന്നു. ലാഭം മാത്രം നോക്കി കുറഞ്ഞ ജീവനക്കാരെ വെച്ച് 'സര്‍ക്കസ്' കളിച്ചതാണ് തിരിച്ചടിയായതെന്ന് ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ പൈലറ്റ്‌സ് ചൂണ്ടിക്കാട്ടുന്നു.
വിമാനങ്ങള്‍ റദ്ദാക്കിയതോടെ ടിക്കറ്റ് നിരക്കുകള്‍ കുതിച്ചുയര്‍ന്നു. അടിയന്തരമായി യാത്ര ചെയ്യേണ്ടവര്‍ നാലും അഞ്ചും ഇരട്ടി തുക നല്‍കേണ്ടി വന്നു. മറ്റ് മാര്‍ഗമില്ലാത്തവര്‍ യാത്ര റദ്ദാക്കി. മത്സരിക്കാന്‍ കൂടുതല്‍ വിമാനക്കമ്പനികള്‍ ഇല്ലാത്ത വിപണിയില്‍ യാത്രക്കാര്‍ക്ക് ചോദിക്കാനും പറയാനും ആരുമില്ലാത്ത അവസ്ഥയാണ്. ചുരുക്കത്തില്‍, ലോകത്തിലെ മൂന്നാമത്തെ വലിയ വ്യോമയാന വിപണിയായി ഇന്ത്യ വളരുമ്പോഴും, ആകാശം ഭരിക്കുന്നത് രണ്ട് പേര്‍ മാത്രമാണെങ്കില്‍ ഇത്തരം പ്രതിസന്ധികള്‍ ഇനിയും ആവര്‍ത്തിച്ചേക്കാം.