ഇന്‍ഷുറന്‍സ് പോളിസി പോര്‍ട്ട് ചെയ്ത ശേഷം ക്ലെയിം നിരസിച്ചാല്‍ എന്തുചെയ്യണം? തുടര്‍ച്ചയായ കവറേജ് നഷ്ടപ്പെടില്ലെന്ന് ഉറപ്പാക്കുന്നത് എങ്ങനെ?

Published : Oct 19, 2025, 04:18 PM IST
How to Understand Health Insurance Policy Documents Without Confusion

Synopsis

അഞ്ച് വര്‍ഷം തികയുന്നതിന് മുന്‍പ് പോലും, ക്ലെയിം നിരസിക്കുന്നതിന് മുന്‍പ് പോളിസി ഉടമയുടെ തുടര്‍ച്ചയായ കവറേജും മുന്‍കാല ക്ലെയിം രേഖകളും ഇന്‍ഷുറര്‍ പരിഗണിക്കേണ്ടതുണ്ട്.

കൃത്യമായി ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസി പുതുക്കുകയും നിയമങ്ങളെല്ലാം പാലിച്ച് മറ്റൊരു കമ്പനിയിലേക്ക് പോളിസി പോര്‍ട്ട് ചെയ്യുകയും ചെയ്ത ഒരു വ്യക്തി. മാസങ്ങള്‍ക്കുശേഷം ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോള്‍ ക്ലെയിം നിരസിക്കപ്പെടുന്നു. പോളിസി എടുക്കുന്നതിന് മുന്‍പ് ഉണ്ടായിരുന്ന ഒരു രോഗാവസ്ഥ  വെളിപ്പെടുത്തിയില്ല എന്നതായിരുന്നു കാരണം. നാല് വര്‍ഷത്തിലധികമായി തുടര്‍ച്ചയായ കവറേജും ശരിയായ പോര്‍ട്ടിംഗും ഉള്ള സാഹചര്യത്തില്‍, ക്ലെയിം നിഷേധിക്കാന്‍ ഇന്‍ഷുറര്‍ക്ക് അവകാശമുണ്ടോ? സാധാരണ പലയാളുകളും നേരിടാന്‍ സാധ്യതയുള്ള ഒരു പ്രതിസന്ധിയാണിത്. പോളിസി മാറ്റുമ്പോള്‍ ആനുകൂല്യങ്ങള്‍ നഷ്ടപ്പെടുന്നില്ലെന്ന് ഉറപ്പാക്കാനാണ് ഇന്‍ഷുറന്‍സ് റെഗുലേറ്ററി ആന്‍ഡ് ഡെവലപ്മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ  പോര്‍ട്ടബിലിറ്റി നിയമങ്ങള്‍ കൊണ്ടുവന്നത്.

പോളിസി പോര്‍ട്ട് ചെയ്യുമ്പോള്‍, പഴയ പോളിസിയില്‍ പൂര്‍ത്തിയാക്കിയ കാലാവധി പുതിയ ഇന്‍ഷുറര്‍ കണക്കിലെടുക്കണം. അതായത്, നിലവിലുള്ള രോഗങ്ങള്‍ക്കുള്ള കാത്തിരിപ്പ് കാലാവധി തടസ്സമില്ലാതെ തുടരും. പോളിസി ഉടമകള്‍ക്കുള്ള മറ്റൊരു പ്രധാന സുരക്ഷയാണ് 'മൊറട്ടോറിയം ക്ലോസ്'. നിയമങ്ങള്‍ അനുസരിച്ച്, ഒരു പോളിസി തുടര്‍ച്ചയായി അഞ്ച് വര്‍ഷം നിലനിര്‍ത്തിയാല്‍, വിവരങ്ങള്‍ മറച്ചുവെച്ചതിന്റെയോ തെറ്റായി ചിത്രീകരിച്ചതിന്റെയോ പേരില്‍ ക്ലെയിം നിഷേധിക്കാന്‍ കഴിയില്ല.

അഞ്ച് വര്‍ഷം തികയുന്നതിന് മുന്‍പ് പോലും, ക്ലെയിം നിരസിക്കുന്നതിന് മുന്‍പ് പോളിസി ഉടമയുടെ തുടര്‍ച്ചയായ കവറേജും മുന്‍കാല ക്ലെയിം രേഖകളും ഇന്‍ഷുറര്‍ പരിഗണിക്കേണ്ടതുണ്ട്. പോളിസിക്കായി അപേക്ഷിക്കുമ്പോഴോ പോര്‍ട്ട് ചെയ്യുമ്പോഴോ അറിയപ്പെടുന്ന എല്ലാ ആരോഗ്യപ്രശ്‌നങ്ങളും വെളിപ്പെടുത്തുന്നത് എല്ലായ്‌പ്പോഴും നല്ലതാണെങ്കിലും, തട്ടിപ്പിന് തെളിവില്ലാതെയും പോളിസി തുടര്‍ച്ച നിലനിര്‍ത്തുകയും ചെയ്തിട്ടുണ്ടെങ്കില്‍, സാങ്കേതിക കാരണങ്ങള്‍ ചൂണ്ടിക്കാട്ടി മാത്രം ഇന്‍ഷുറര്‍മാര്‍ക്ക് ക്ലെയിമുകള്‍ നിഷേധിക്കാന്‍ കഴിയില്ല.

ക്ലെയിം നിരസിച്ചാല്‍ അപ്പീല്‍ നല്‍കേണ്ട വിധം:

നിങ്ങളുടെ ക്ലെയിം നിരസിക്കപ്പെട്ടാല്‍, ആദ്യം ഇന്‍ഷുററുടെ ഗ്രീവന്‍സ് റിഡ്രസല്‍ ഓഫീസര്‍ക്ക് പരാതി നല്‍കുക. പ്രത്യേക പോളിസി ക്ലോസുകള്‍ ഉദ്ധരിച്ചുകൊണ്ടുള്ള വിശദമായ മറുപടി ആവശ്യപ്പെടുക. മറുപടി തൃപ്തികരമല്ലെങ്കില്‍, ഇന്‍ഷുറന്‍സ് റെഗുലേറ്ററി ആന്‍ഡ് ഡെവലപ്മെന്റ് അതോറിറ്റി ഓഫ് ഇന്ത്യയുടെ പരാതി പ്ലാറ്റ്ഫോമായ ഭീമാ ഭരോസ  പോര്‍ട്ടല്‍ വഴി പ്രശ്‌നം അധികാരികളുടെ ശ്രദ്ധയില്‍പ്പെടുത്തുക. അല്ലെങ്കില്‍, എല്ലാ രേഖകളും സഹിതം ഇന്‍ഷുറന്‍സ് ഓംബുഡ്‌സ്മാനെ സമീപിക്കുക. പോളിസി കോപ്പികള്‍, പ്രീമിയം രസീതുകള്‍, മെഡിക്കല്‍ രേഖകള്‍, ആശുപത്രി ബില്ലുകള്‍ എന്നിവ ഇതിനായി സമര്‍പ്പിക്കണം.

PREV
Read more Articles on
click me!

Recommended Stories

മൂന്ന് ലക്ഷം കോടിയിലേറെ ഇന്ത്യയിൽ നിക്ഷേപിക്കും, വമ്പൻ പ്രഖ്യാപനവുമായി ആമസോൺ
കോടികളുടെ അവിശ്വസനീയ വളർച്ച! ഒരു ലക്ഷം രൂപ 5.96 കോടിയായി വളർന്നത് 5 വർഷം കൊണ്ട്; വൻ നേട്ടം കൊയ്‌ത് ഈ ഓഹരി