
ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യുന്നത് കൂടുതല്‍ എളുപ്പമാക്കാന്‍ ആദായ നികുതി വകുപ്പ് പുതിയ സൗകര്യം ഒരുക്കിയിരിക്കുകയാണ്. സങ്കീര്‍ണ്ണമായ വരുമാന ഘടനയുള്ള ദശലക്ഷക്കണക്കിന് നികുതിദായകര്‍ക്ക് പ്രയോജനകരമാകുന്ന രീതിയില്‍ മുന്‍കൂട്ടി പൂരിപ്പിച്ച വിവരങ്ങളോടെ ഐടിആര്‍-2 ഫോം സമര്‍പ്പിക്കാം. ശമ്പളമുള്ളവരും, ഒന്നിലധികം വീടുകളുള്ളവരും, മൂലധന നേട്ടമുള്ളവരും (ഓഹരികള്‍, മ്യൂച്വല്‍ ഫണ്ടുകള്‍, വസ്തു വില്‍പ്പന എന്നിവയില്‍ നിന്ന്) ഇനി അവരുടെ റിട്ടേണുകള്‍ ഫയല്‍ ചെയ്യാന്‍ എക്‌സല്‍ യൂട്ടിലിറ്റികള്‍ ഡൗണ്‍ലോഡ് ചെയ്യുകയോ ജെഎസ്ഒഎന്‍ (സ്‌ക്രീനില്‍ വായിക്കാവുന്ന രൂപത്തില്‍)ഫയലുകള്‍ ഉണ്ടാക്കി അപ്ലോഡ് ചെയ്യുകയോ ചെയ്യേണ്ടതില്ല.
ആരാണ് ഐടിആര്‍-2 ഫയല്‍ ചെയ്യേണ്ടത്?
ഐടിആര്‍ -2 ഫോം പ്രധാനമായും താഴെ പറയുന്ന വ്യക്തികള്‍ക്കും ഹിന്ദു അവിഭക്ത കുടുംബങ്ങള്‍ക്കും വേണ്ടിയുള്ളതാണ്:
ശമ്പളത്തില്‍ നിന്നോ പെന്‍ഷനില്‍ നിന്നോ വരുമാനം ലഭിക്കുന്നവര്‍.
ഒന്നിലധികം വീടുകളുള്ളവര്‍.
മൂലധന നേട്ടമുള്ളവര്‍ (ഓഹരികള്‍, മ്യൂച്വല്‍ ഫണ്ടുകള്‍, വസ്തു വില്‍പ്പന എന്നിവയില്‍ നിന്ന്).
വിദേശ ആസ്തികളോ വരുമാനമോ ഉള്ളവര്‍.
എന്നാല്‍, ബിസിനസ്സില്‍ നിന്നോ പ്രൊഫഷനില്‍ നിന്നോ വരുമാനമുള്ളവര്‍ക്കോ പങ്കാളിത്ത സ്ഥാപനത്തില്‍ നിന്ന് പ്രതിഫലം ലഭിക്കുന്നവര്‍ക്കോ ITR-2 ഉപയോഗിക്കാന്‍ കഴിയില്ല.
ഈ വര്‍ഷത്തെ പുതിയ മാറ്റങ്ങള്‍ ഇതുവരെ ഐടിആര്‍-1, ഐടിആര്‍ -4 എന്നിവ മാത്രമാണ് നേരിട്ട് ഓണ്‍ലൈനായി ഫയല്‍ ചെയ്യാന്‍ സാധിച്ചിരുന്നത്.ഐടിആര്‍-2 ഫയല്‍ ചെയ്യാന്‍ എക്‌സല്‍ യൂട്ടിലിറ്റി മാത്രമേ ഉണ്ടായിരുന്നുള്ളൂ, ഇത് സമയമെടുക്കുന്നതും കൂടുതല്‍ മാനുവലായിട്ടുള്ളതുമായ നടപടി ക്രമമാണ്. ഈ പുതിയ മാറ്റത്തോടെ, പോര്‍ട്ടല്‍ ഇപ്പോള്‍: ഫോം 26എസ്, എഐഎസ്, പാന്‍, ടിഐഎസ് എന്നിവയില്‍ നിന്നുള്ള ഡാറ്റ സ്വയമേവ പൂരിപ്പിക്കുന്നു. കൂടാതെ നികുതിദായകര്‍ക്ക് റിട്ടേണുകള്‍ നേരിട്ട് ഓണ്‍ലൈനായി ഫയല്‍ ചെയ്യാന്‍ അനുവദിക്കുകയും ജെഎസ്ഒഎന്‍ ഫയലുകള്‍ ഉണ്ടാക്കി അപ്ലോഡ് ചെയ്യേണ്ട ആവശ്യം ഇല്ലാതാക്കുകയും ചെയ്യുന്നു.
എന്തുകൊണ്ടാണ് കാലതാമസം? ആദായ നികുതി വകുപ്പ് സാധാരണയായി ഓണ്‍ലൈന്‍ ഫയലിംഗ് യൂട്ടിലിറ്റികള്‍ ഏപ്രില്‍ അല്ലെങ്കില്‍ മെയ് മാസത്തോടെ പുറത്തിറക്കാറുണ്ട്. എന്നാല്‍ ഈ വര്‍ഷം ഐടിആര്‍-2, ഐടിആര്‍-3 യൂട്ടിലിറ്റികള്‍ 100 ദിവസത്തിലധികം വൈകി. ഈ കാലതാമസവും ഐടിആര്‍ ഫോമുകളിലെ മാറ്റങ്ങളും കാരണം, നോണ്‍-ഓഡിറ്റ് കേസുകള്‍ക്കുള്ള ഐടിആര്‍ ഫയല്‍ ചെയ്യാനുള്ള അവസാന തീയതി ജൂലൈ 31-ല്‍ നിന്ന് 2025 സെപ്റ്റംബര്‍ 15 ലേക്ക് സര്‍ക്കാര്‍ നീട്ടിയിരുന്നു. ജൂലൈ 18 വരെ 1.41 കോടിയിലധികം ഐടിആറുകള്‍ ഫയല്‍ ചെയ്യുകയും, അതില്‍ 1.12 കോടി ഇതിനോടകം പ്രോസസ്സ് ചെയ്യുകയും ചെയ്തിട്ടുണ്ട്.
ഐടിആര്‍-2 ഓണ്‍ലൈനായി ഫയല്‍ ചെയ്യാന്‍ സാധിച്ചതിലൂടെ നികുതിദായകര്‍ക്കുള്ള പ്രയോജനങ്ങള്‍
വേഗത്തില്‍ റിട്ടേണ്‍ ഫയല്‍ ചെയ്യാം.
തെറ്റുകള്‍ വരാനുള്ള സാധ്യത കുറയുന്നു.
ടാക്‌സ് കണ്‍സള്‍ട്ടന്റുമാരെ ആശ്രയിക്കുന്നത് കുറയ്ക്കാം.