Latest Videos

മലബാർ സിമന്റ്സിനെ ലാഭത്തിലെത്തിച്ചു, തൊഴിലാളികളോട് ഇടഞ്ഞു; എംഡി മുഹമ്മദലിയുടെ രാജി സർക്കാർ സ്വീകരിച്ചു

By Web TeamFirst Published Apr 1, 2022, 2:47 PM IST
Highlights

മലബാര്‍ സിമന്‍റ്സിന്‍റെ പ്രതിമാസം ഉൽപ്പാദനം രണ്ട് കൊല്ലത്തിനുള്ളില്‍ ആറ് ലക്ഷം ടണ്ണില്‍ നിന്ന് പന്ത്രണ്ട് ലക്ഷം ടണ്ണായി ഉയര്‍ത്താനുള്ള നീക്കം നടക്കുന്നതിനിടെയാണ് എം ഡിയായ എം മുഹമ്മദാലി വ്യവസായ വകുപ്പിന് രാജി സമര്‍പ്പിച്ചത്

പാലക്കാട്: മലബാർ സിമന്റ്സ് എംഡി  എം മുഹമ്മദലിയുടെ രാജി സര്‍ക്കാര്‍ സ്വീകരിച്ചു. ട്രാവന്‍കൂര്‍ കൊച്ചിന്‍ കെമിക്കല്‍സ് എം ഡിയായ കെ ഹരികുമാറിന് പകരം ചുമതല നല്‍കി സര്‍ക്കാര്‍ ഉത്തരവായി. ഒന്നര മാസം മുൻപാണ് എം മുഹമ്മദാലി രാജിക്കത്ത് നല്കിയത്. മുഹമ്മദാലിക്കെതിരെ സി ഐ ടി യു  സമരത്തിനിറങ്ങിയിരുന്നു.

മലബാര്‍ സിമന്‍റ്സിന്‍റെ പ്രതിമാസം ഉൽപ്പാദനം രണ്ട് കൊല്ലത്തിനുള്ളില്‍ ആറ് ലക്ഷം ടണ്ണില്‍ നിന്ന് പന്ത്രണ്ട് ലക്ഷം ടണ്ണായി ഉയര്‍ത്താനുള്ള നീക്കം നടക്കുന്നതിനിടെയാണ് എം ഡിയായ എം മുഹമ്മദാലി വ്യവസായ വകുപ്പിന് രാജി സമര്‍പ്പിച്ചത്. മാർച്ച് 31 വരെയേ തുടരൂ എന്നാണ് മുഹമ്മദാലി അറിയിച്ചത്. രാജി വ്യക്തിപരമായ കാര്യങ്ങളിലെന്നാണ് വിശദീകരണം. കമ്പനിയിലെ തൊഴിലാളി യൂണിയനുകളുമായി നല്ല ബന്ധത്തിലായിരുന്നില്ല എം ഡി.

ശമ്പള പരിഷ്കരണ ശുപാർശ എം ഡി തടഞ്ഞുവെച്ചു, സംഘടനാ സ്വാതന്ത്ര്യം അനുവദിക്കുന്നില്ല തുടങ്ങിയ കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി മുഹമ്മദാലിയെ സി ഐ ടി യു ജനുവരി 29 ന് ഉപരോധിച്ചിരുന്നു ചെയ്തിരുന്നു. പിന്നാലെയാണ് രാജി തീരുമാനമെടുത്തത്. എന്നാല്‍ എം ഡിയുടെ തൊഴിലാളി വിരുദ്ധ നിലപാടിനെ ചോദ്യം ചെയ്യുക മാത്രമാണ് ചെയ്തിട്ടുള്ളതെന്നും രാജി തീരുമാനത്തില്‍ പങ്കില്ലെന്നുമാണ് സി ഐ ടി യു വിശദീകരിക്കുന്നത്. 

സിമന്റ് നിര്‍മാണ മേഖലയില്‍ പരിചയമുള്ള മുഹമ്മദാലിയെ  2019 നവംബറിലായിരുന്നു മലബാർ സിമന്റ്സ് എം ഡിയായി നിയമിച്ചത്. തിരുച്ചിറപ്പള്ളി സ്വദേശിയായ മുഹമ്മദാലി വിദേശത്തും തമിഴ്‌നാട്ടിലെയും സിമന്‍റ് കമ്പനികളില്‍ ജോലി ചെയ്ത് പരിചയമുള്ളയാളാണ്. കുറച്ച് കാലമായി നഷ്ടത്തിലായിരുന്നു മലബാര്‍ സിമന്‍റ്സ്. മുഹമ്മദാലി ചുമതലയേറ്റശേഷം കഴിഞ്ഞ വര്‍ഷം മലബാർ സിമന്റ്സ് ലാഭത്തിലേക്ക് തിരിച്ചെത്തിയിരുന്നു.

click me!