
2026 ഫെബ്രുവരി 28 നാണ് അമേരിക്കയും ഇസ്രയേലും ഇറാനുമായി യുദ്ധം ആരംഭിച്ചത്. ഇതു വരെയും ഒരു തരത്തിലുള്ള ഒത്തുതീർപ്പുകൾക്കും രാജ്യങ്ങൾ തയ്യാറായിട്ടില്ല. 2 മാസത്തോളമായി സകല ലോകരാജ്യങ്ങളും ഇതിന്റെ ഭവിഷ്യത്തുകൾ ഒരു തരത്തിലല്ലെങ്കിൽ മറ്റൊരു തരത്തിൽ അനുഭവിച്ചു കൊണ്ടിരിക്കുകയാണ്. ഇന്ത്യയടക്കമുള്ള വികസ്വര രാജ്യങ്ങളിൽ മിക്കവാറും എല്ലാ സാധനങ്ങളുടെയും വില വർധിപ്പിച്ചിരിക്കുകയാണ്.
യുദ്ധത്തിന്റെ ആദ്യ ദിവസങ്ങളിൽ ആഗോളതലത്തിൽ എണ്ണ, ഗ്യാസ്, വളം എന്നിവയുടെ വിതരണത്തെയാണ് ഈ പ്രതിസന്ധി ബാധിച്ചത്. എന്നാൽ സമീപദിവസങ്ങളിൽ മരുന്നുകളുടെയും കോണ്ടം പോലുള്ള ഗർഭനിരോധന മാർഗങ്ങളുടെയും വിലയിലും വലിയ വർധനവ് ഉണ്ടായതായി ഫാർമസിസ്റ്റുകൾ ചൂണ്ടിക്കാട്ടുന്നുണ്ട്. യുകെയിൽ സാധാരണ മരുന്നുകൾക്ക് 20 മുതൽ 30 ശതമാനം വരെ അധികം ഈടാക്കുന്നുണ്ട്. സാധാരണ വേദനസംഹാരിയായ പാരാസെറ്റമോളിന്റെ വില നാലിരട്ടിയിലധികം വർധിച്ചുവെന്നും റിപ്പോർട്ടുകളുണ്ട്. അസംസ്‌കൃത വസ്തുക്കളുടെ വിലക്കയറ്റമാണ് ഇതിന് കാരണം. ഇന്ത്യയിലാകട്ടെ, സാധാരണ വേദനസംഹാരികൾക്ക് 96 ശതമാനം വരെ വിലവർധന ഉണ്ടായതായും കെമിസ്റ്റുകൾ റിപ്പോർട്ട് ചെയ്യുന്നു.
ആഗോള വിപണിയില്‍ ഗര്‍ഭനിരോധന ഉറ വിലയില്‍ 20 മുതല്‍ 30 ശതമാനം വരെ വര്‍ധനയുണ്ടാകുമെന്നും ലോകത്തെ ഏറ്റവും വലിയ നിര്‍മ്മാതാക്കളായ മലേഷ്യന്‍ കമ്പനി കാരക്‌സ് അറിയിച്ചു. ഡ്യൂറെക്‌സ്, ട്രോജന്‍ തുടങ്ങിയ പ്രമുഖ ബ്രാന്‍ഡുകള്‍ക്ക് പുറമെ ഐക്യരാഷ്ട്രസഭയുടെയും മറ്റും ആരോഗ്യ പദ്ധതികളിലേക്കും ഉത്പന്നങ്ങൾ നൽകുന്ന കാരക്സ് ആഗോളതലത്തില്‍ പ്രതിവര്‍ഷം 500 കോടിയിലധികം ഗര്‍ഭനിരോധന ഉറകള്‍ നിര്‍മ്മിക്കുന്ന കമ്പനിയാണ്. യുഎസും ഇറാനും തമ്മിലുള്ള യുദ്ധവും ഹോര്‍മുസ് കടലിടുക്കിലെ പ്രതിസന്ധിയുമാണ് വിലക്കയറ്റത്തിന് പ്രധാന കാരണമായി കമ്പനിയും ചൂണ്ടിക്കാണിക്കപ്പെടുന്നത്.
യുദ്ധത്തിന്റെ തുടക്കം മുതൽ ഇറാൻ ഹോർമുസ് കടലിടുക്ക് അടച്ചിരിക്കുകയാണ്. ലോകത്തെ എണ്ണയുടെയും LNGയുടെയും 20 ശതമാനവും സാധാരണ നിലയിൽ കടന്നുപോകുന്നത് ഇതിലൂടെയാണ്. എണ്ണ വിതരണത്തെ ആശ്രയിച്ചിരിക്കുന്ന ഫാർമസ്യൂട്ടിക്കൽ വിതരണ ശൃംഖലകളെയും ഇത് ബാധിച്ചതായി വിദഗ്ധർ പറയുന്നു. ദുബായ് പോലുള്ള ഗൾഫ് നഗരങ്ങൾ മരുന്നുകളുടെ കടത്തിനുള്ള പ്രധാന കേന്ദ്രങ്ങളാണ്. ശീതീകരണ സംവിധാനം (Cold chain) ആവശ്യമുള്ള മരുന്നുകളുടെ വിതരണം യുദ്ധം കാരണം തടസ്സപ്പെട്ടിരിക്കുകയാണ്. വിമാനമാർഗമുള്ള ചരക്ക് നീക്കത്തെയാണ് യുദ്ധം ഏറ്റവും കൂടുതൽ ബാധിച്ചിരിക്കുന്നതെന്ന് ഫാർമ ലോജിസ്റ്റിക്സ് വിദഗ്ധനായ പ്രൊഫസർ വൗട്ടർ ഡെവുൾഫ് പറയുന്നു. ജീവൻരക്ഷാ മരുന്നുകളുടെയും വാക്സിനുകളുടെയും 90 ശതമാനവും വിമാനമാർഗമാണ് എത്തിക്കുന്നത്. യുദ്ധം കാരണം വിമാന സർവീസുകൾ റദ്ദാക്കിയതും ഇന്ധന പ്രതിസന്ധിയും വിതരണത്തിൽ കാലതാമസവും ചെലവും വർധിപ്പിക്കുന്നുണ്ട്.
മരുന്നുകളുടെ വിലക്കയറ്റം ആഗോളതലത്തിൽ ബാധിക്കുമെങ്കിലും ഓരോ രാജ്യത്തിന്റെയും സാഹചര്യം വ്യത്യസ്തമായിരിക്കും. മരുന്ന് ഉൽപ്പാദനത്തിൽ മുൻപന്തിയിലാണെങ്കിലും ഇന്ത്യ അസംസ്‌കൃത വസ്തുക്കൾക്കായി ഗൾഫ് മേഖലയെയാണ് ആശ്രയിക്കുന്നത്. അതിനാൽ ഇന്ത്യയെ ഇത് കാര്യമായി ബാധിക്കും. യൂറോപ്യൻ രാജ്യങ്ങൾക്ക് 2 മുതൽ 10 മാസം വരെയുള്ള മരുന്നുകൾ മുൻകൂട്ടി ശേഖരിച്ചു വെക്കുന്ന (Stockpiling) സംവിധാനമുണ്ട്. എങ്കിലും ബ്രിട്ടനിലെ എൻഎച്ച്എസ് (NHS) വരും ആഴ്ചകളിൽ മരുന്ന് ക്ഷാമം ഉണ്ടായേക്കുമെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ആഫ്രിക്കൻ രാജ്യങ്ങൾ, സുഡാൻ, യമൻ, പലസ്തീൻ തുടങ്ങിയ രാജ്യങ്ങളെയാണ് ഇത് ഏറ്റവും മോശമായി ബാധിക്കുക. മരുന്നുകൾ ശേഖരിച്ചുവെക്കാനുള്ള സാമ്പത്തിക ശേഷി ഇല്ലാത്തതാണ് ഇവർ നേരിടുന്ന പ്രധാന പ്രതിസന്ധി. നിലവിൽ ലബനൻ, പലസ്തീൻ, ഇറാൻ എന്നിവിടങ്ങളിലാണ് ഏറ്റവും വലിയ പ്രതിസന്ധിയുള്ളത്. എങ്കിലും മരുന്നുകൾക്ക് മുൻഗണന നൽകുന്നതുകൊണ്ട് വിമാന സർവീസുകൾ സാധാരണ നിലയിലാകുന്നതോടെ കുറച്ചെങ്കിലും ആശ്വാസം ലഭിക്കുമെന്ന് വിദഗ്ധർ പ്രതീക്ഷിക്കുന്നു.