ഇന്ത്യൻ വിവാഹങ്ങൾ ഇപ്പോൾ വിദേശ വിനോദസഞ്ചാരികൾക്ക് പണം നൽകി പങ്കെടുക്കാവുന്ന ഒരു വിനോദസഞ്ചാര അനുഭവമായി മാറുകയാണ്. 'ജോയിൻ മൈ വെഡ്ഡിങ്' പോലുള്ള പ്ലാറ്റ്‌ഫോമുകൾ വഴി വിദേശികൾ ടിക്കറ്റെടുത്ത് കല്യാണങ്ങളിൽ പങ്കെടുക്കുമ്പോൾ, ഇത് ദമ്പതികൾക്ക് ഒരു അധിക വരുമാന മാർഗ്ഗമായി മാറുന്നു.

ആഡംബരവും വൈവിധ്യമാര്‍ന്ന ചടങ്ങുകളും രുചികരമായ ഭക്ഷണങ്ങളുമെല്ലാമായി ലോകമെമ്പാടും പ്രശസ്തമാണ് ഇന്ത്യന്‍ വിവാഹങ്ങള്‍. എന്നാല്‍ ഇപ്പോള്‍ ഈ ഇന്ത്യന്‍ കല്യാണങ്ങള്‍ വിദേശ സഞ്ചാരികളെ ആകര്‍ഷിക്കുന്ന ഒരു പ്രധാന വിനോദസഞ്ചാര അനുഭവമായി മാറുകയാണ്. വന്‍ തുക ടിക്കറ്റ് നിരക്കായി നല്‍കി ഇന്ത്യന്‍ വിവാഹങ്ങളില്‍ പങ്കെടുക്കാന്‍ വിദേശികള്‍ തയ്യാറാകുന്നു എന്നതും, ഇത് വിവാഹം നടത്തുന്ന ദമ്പതികള്‍ക്ക് ഒരു അധിക വരുമാന മാര്‍ഗ്ഗമായി മാറുന്നു എന്നതുമാണ് പുതിയ വാര്‍ത്ത.

'ജോയിന്‍ മൈ വെഡ്ഡിങ്', 'ദേശി ഡിസ്‌കവറീസ്' തുടങ്ങിയ ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളാണ് വിദേശ വിനോദസഞ്ചാരികളെയും ഇന്ത്യന്‍ ദമ്പതികളെയും തമ്മില്‍ ഇതിനായി ബന്ധിപ്പിക്കുന്നത്. വെറുമൊരു കാഴ്ചക്കാരനായി ചരിത്രസ്മാരകങ്ങള്‍ സന്ദര്‍ശിക്കുന്നതിനോ യാത്രകള്‍ നടത്തുന്നതിനോ പകരം യഥാര്‍ത്ഥ ഇന്ത്യന്‍ വിവാഹങ്ങളില്‍ പങ്കെടുക്കാനാണ് വിദേശികള്‍ താല്പര്യപ്പെടുന്നത്. ടിക്കറ്റെടുക്കുന്നതിലൂടെ ഇവര്‍ക്ക് ബരാത്ത്, സംഗീത്, പരമ്പരാഗത ചടങ്ങുകള്‍, വിഭവസമൃദ്ധമായ സദ്യ എന്നിവയിലെല്ലാം ഒരുപോലെ പങ്കാളികളാകാന്‍ സാധിക്കും.

വരുമാനവും സാമ്പത്തിക വശവും

ഒരു വിദേശിക്ക് ഈ വിവാഹത്തില്‍ പങ്കെടുക്കുന്നതിനായി ഏകദേശം 250 ഡോളര്‍ (ഏകദേശം 21,000 മുതല്‍ 24,000 രൂപ വരെ) ആണ് ടിക്കറ്റ് നിരക്ക് ഈടാക്കുന്നത്. ടിക്കറ്റ് തുകയുടെ 15 ശതമാനം ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമിന്റെ കമ്മീഷനായി പോകും. 25 ശതമാനം തുക വിദേശികള്‍ക്ക് ആവശ്യമായ ഗതാഗതം, വസ്ത്രങ്ങള്‍ വാടകയ്ക്കെടുക്കല്‍, മറ്റ് ക്രമീകരണങ്ങള്‍ എന്നിവയ്ക്ക് സഹായിക്കുന്ന ട്രാവല്‍ ഗൈഡിന് ലഭിക്കും. ബാക്കി വരുന്ന വലിയ പങ്കായ 60 ശതമാനം തുകയാണ് വിവാഹം നടത്തുന്ന ദമ്പതികള്‍ക്ക് ലഭിക്കുന്നത്. ഇതനുസരിച്ച് ഒരു വിദേശ അതിഥിയില്‍ നിന്ന് ദമ്പതികള്‍ക്ക് ഏകദേശം 14,000 രൂപ ലഭിക്കും. 

ഇതില്‍ ഒരു അതിഥിക്കായുള്ള ഭക്ഷണത്തിനും മറ്റ് സല്‍ക്കാരങ്ങള്‍ക്കുമായി ഏകദേശം 6,000 രൂപ ചെലവ് വരുമെന്ന് കണക്കാക്കിയാല്‍ പോലും 8,000 രൂപയോളം ദമ്പതികള്‍ക്ക് ലാഭമായി മാറ്റിവെക്കാന്‍ സാധിക്കും. ഒരു കല്യാണത്തിന് 12 വിദേശ അതിഥികള്‍ പങ്കെടുത്താല്‍ ദമ്പതികള്‍ക്ക് ഏകദേശം ഒരു ലക്ഷം രൂപയോളം വരുമാനം ലഭിക്കും. ഇത് വിവാഹച്ചെലവിന്റെ ഒരു വലിയ ഭാഗം കണ്ടെത്താന്‍ അവരെ സഹായിക്കുന്നു.