ഉള്ളി വരും അങ്ങ് വിദേശത്ത് നിന്ന്, വില കുറയ്ക്കാന്‍ രണ്ടും കല്‍പ്പിച്ച് സര്‍ക്കാര്‍

By Web TeamFirst Published Oct 8, 2019, 5:01 PM IST
Highlights

ഡയറക്ടര്‍ ജനറല്‍ ഓഫ് ഫോറിന്‍ ട്രേഡ് രാജ്യത്ത് നിന്നുളള ഉള്ളിക്കയറ്റുമതി നിലവില്‍ നിരോധിച്ചിരിക്കുകയാണ്. 

ദില്ലി: ഉള്ളിയുടെ കയറ്റുമതി നിരോധിച്ചതിന് പിന്നാലെ ഇറക്കുമതിയിലൂടെ രാജ്യത്തെ ഉള്ളി വിലക്കയറ്റം തടയാല്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെടല്‍ തുടങ്ങി. ഇതിന്‍റെ ഭാഗമായി എംഎംടിസി ഒക്ടോബറില്‍ 2,000 ടണ്‍ സവാള (വലിയ ഉള്ളി) ഇറക്കുമതിക്ക് ടെണ്ടര്‍ വിളിച്ചു. ഉള്ളി ഉല്‍പാദന സംസ്ഥാനങ്ങളിലുണ്ടായ പ്രളയത്തെ തുടര്‍ന്ന് രാജ്യത്തിന്‍റെ പല ഭാഗത്തും സവാളയ്ക്ക് വില കിലോഗ്രാമിന് 80 രൂപ വരെ ഉയര്‍ന്നിരുന്നു. 

ഡയറക്ടര്‍ ജനറല്‍ ഓഫ് ഫോറിന്‍ ട്രേഡ് രാജ്യത്ത് നിന്നുളള ഉള്ളിക്കയറ്റുമതി നിലവില്‍ നിരോധിച്ചിരിക്കുകയാണ്. വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും കൈയില്‍ വയ്ക്കാവുന്ന ഉള്ളിയുടെ അളവിനും സര്‍ക്കാര്‍ നിയന്ത്രണം ഉണ്ട്. ചെറുകിട കച്ചവടക്കാര്‍ക്ക് 100 ക്വിന്‍റലും മൊത്ത വ്യാപാരികള്‍ക്ക് 500 ക്വിന്‍റലും കൈവശം വയ്ക്കാം. 

മുന്‍ വര്‍ഷത്തെ ഏപ്രില്‍- ജൂലൈ കാലയളവിനെ അപേക്ഷിച്ച് ഈ വര്‍ഷം സമാന കാലയളവില്‍ ഉള്ളിക്കയറ്റുമതിയില്‍ 10.7 ശതമാനത്തിന്‍റെ ഇടിവ് രേഖപ്പെടുത്തി. മലേഷ്യ, ബംഗ്ലാദേശ്, ശ്രീലങ്ക, യുഎഇ തുടങ്ങിയ ഇടങ്ങളിലേക്കാണ് പ്രധാനമായും ഇന്ത്യയില്‍ നിന്ന് ഉള്ളിക്കയറ്റുമതി ചെയ്യുന്നത്.

click me!