കർഷകരേക്കാൾ 2020 ൽ ആത്മഹത്യ ചെയ്തത് ബിസിനസുകാർ; കണക്കുകൾ കേന്ദ്രസർക്കാരിന്റേത്

By Web TeamFirst Published Nov 3, 2021, 3:52 PM IST
Highlights

ആത്മഹത്യ ചെയ്തവരിൽ ഏറെയും സാമ്പത്തിക പ്രതിസന്ധിയെ തുടർന്നാണ് ആത്മഹത്യ ചെയ്തതെന്നാണ് വിവരം. ഇതിന് പുറമെ കുടുംബ ബന്ധങ്ങളിലെ പ്രശ്നങ്ങളും പലരുടെയും ആത്മഹത്യകളിലേക്ക് നയിച്ചിട്ടുണ്ട്

ദില്ലി: കഴിഞ്ഞ വർഷം ഇന്ത്യയിൽ ആത്മഹത്യ ചെയ്തതിൽ അധികവും ബിസിനസുകാർ. ആകെ 11716 ബിസിനസുകാരാണ് 2020 കലണ്ടർ വർഷം ആത്മഹത്യ ചെയ്തത്. 10677 കർഷകരാണ് ഇതേസമയം രാജ്യമൊട്ടാകെ ആത്മഹത്യ ചെയ്തതെന്നാണ് ദേശീയ ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ കണക്ക്.

2015 ൽ 100 ബിസിനസ് ആത്മഹത്യ ചെയ്തപ്പോൾ 144 കർഷകരായിരുന്നു ആത്മഹത്യ ചെയ്തതെന്നായിരുന്നു അനുപാതം. എന്നാൽ 2020 ൽ 100 ബിസിനസുകാർ ആത്മഹത്യ ചെയ്യുമ്പോൾ 91 കർഷകർ ആത്മഹത്യ ചെയ്യുന്നതായാണ് അനുപാത കണക്ക്.

ആത്മഹത്യ ചെയ്തവരിൽ ഏറെയും സാമ്പത്തിക പ്രതിസന്ധിയെ തുടർന്നാണ് ആത്മഹത്യ ചെയ്തതെന്നാണ് വിവരം. ഇതിന് പുറമെ കുടുംബ ബന്ധങ്ങളിലെ പ്രശ്നങ്ങളും പലരുടെയും ആത്മഹത്യകളിലേക്ക് നയിച്ചിട്ടുണ്ട്.

2020 ൽ ആത്മഹത്യ ചെയ്ത ബിസിനസുകാരുടെ എണ്ണത്തിൽ 29.4 ശതമാനം വർധനവുണ്ടായി. 2019 ൽ 13.3 ശതമാനമായിരുന്നു വളർച്ച. അതേസമയം മുൻവർഷത്തെ അപേക്ഷിച്ച് ആത്മഹത്യ ചെയ്ത കർഷകരുടെ എണ്ണം 3.9 ശതമാനമാണ് വളർന്നത്. കർഷക ആത്മഹത്യകളിൽ ജീവനൊടുക്കിയ സ്ത്രീ കർഷകരുടെ എണ്ണം ഉൾപ്പെടുത്തിന്നില്ലെന്ന് പരാതിയുണ്ട്. ഈ കാറ്റഗറിയിൽ മാത്രം 22374 പേരുണ്ട്.

ആത്മഹത്യ കണക്ക്

2016

കർഷകർ - 11379
ബിസിനസുകാർ - 8573

2017

കർഷകർ - 10655
ബിസിനസുകാർ - 7778

2018

കർഷകർ - 10349
ബിസിനസുകാർ - 7990

2019

കർഷകർ - 10281
ബിസിനസുകാർ - 9052

2020
കർഷകർ - 10677
ബിസിനസുകാർ - 11716


കഴിഞ്ഞ വർഷം ആത്മഹത്യ ചെയ്ത ബിസിനസുകാരിൽ 4226 പേർ കച്ചവടക്കാരാണ്. 4356 പേർ വ്യാപാരികളും 3134 പേർ മറ്റ് ബിസിനസുകൾ ചെയ്യുന്നവരുമായിരുന്നു. ആത്മഹത്യ ചെയ്ത കർഷകരിൽ 5579 പേർ കർഷകരും 5098 പേർ കർഷക തൊഴിലാളികളുമാണ്.

click me!