രാജ്യത്തെ തൊഴില്‍ സാഹചര്യവും സാമ്പത്തിക സ്ഥിതിയും മോശമാകുന്നതായി റിസര്‍വ്വ് ബാങ്ക് സര്‍വേ

By Web TeamFirst Published Oct 11, 2019, 7:45 PM IST
Highlights

സ്വന്തം വരുമാനം കുറഞ്ഞതായി സര്‍വേയില്‍ പങ്കെടുത്തവരില്‍ 26.7 ശതമാനം ആളുകള്‍ പറയുന്നു. 2017 നവംബറിന് ശേഷം വരുമാനത്തില്‍ കുറവ് വന്നതായി വ്യക്തമാക്കിയത് 28 ശതമാനം പേരാണ്. തൊഴില്‍ സാഹചര്യത്തിലെ പ്രശ്നങ്ങള്‍ വീടുകളിലെ അന്തരീക്ഷത്തെ ബാധിച്ചതായി സര്‍വേയില്‍ പങ്കെടുത്ത 47.9 ശതമാനം ആളുകള്‍ പറയുന്നു.

മുംബൈ: ഇന്ത്യയിലെ തൊഴില്‍ സാഹചര്യങ്ങള്‍ മോശമാകുന്നതായി റിസര്‍വ്വ് ബാങ്കിന്‍റെ പഠനം.  റിസര്‍വ്വ് ബാങ്കിന്‍റെ  കോണ്‍ഫിഡന്‍സ് സര്‍വേയാണ് രാജ്യത്തെ തൊഴില്‍ സാഹചര്യവും സാമ്പത്തിക സ്ഥിതിയും മോശമാകുന്നതായി റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്. രാജ്യത്തെ 13 പ്രധാന നഗരങ്ങളില്‍ നടത്തിയ സര്‍വേ റിപ്പോര്‍ട്ടാണ് പുറത്തുവന്നിരിക്കുന്നത്. 

സര്‍വേയില്‍ പങ്കെടുത്തവരില്‍ 52.5 ശതമാനം ആളുകളും തൊഴില്‍ സാഹചര്യത്തെക്കുറിച്ച് രൂക്ഷ വിമര്‍ശനമുയര്‍ത്തിയത്. 2012 മുതലാണ് തൊഴില്‍ സാഹചര്യങ്ങളെക്കുറിച്ചുള്ള ആശങ്ക ഇത്രകണ്ട് വഷളായതെന്നും സര്‍വേ വ്യക്തമാക്കുന്നു. വരും വര്‍ഷങ്ങളില്‍ നിലവിലെ സാഹചര്യങ്ങള്‍ ഇതിലും മോശമാകുമെന്ന് സര്‍വേയില്‍ പങ്കെടുത്ത 33.4 ശതമാനം പേര്‍ പറയുന്നു. 

സ്വന്തം വരുമാനം കുറഞ്ഞതായി സര്‍വേയില്‍ പങ്കെടുത്തവരില്‍ 26.7 ശതമാനം ആളുകള്‍ പറയുന്നു. 2017 നവംബറിന് ശേഷം വരുമാനത്തില്‍ കുറവ് വന്നതായി വ്യക്തമാക്കിയത് 28 ശതമാനം പേരാണ്. തൊഴില്‍ സാഹചര്യത്തിലെ പ്രശ്നങ്ങള്‍ വീടുകളിലെ അന്തരീക്ഷത്തെ ബാധിച്ചതായി സര്‍വേയില്‍ പങ്കെടുത്ത 47.9 ശതമാനം ആളുകള്‍ പറയുന്നു. വീടുകളിലെ അവശ്യചെലവുകള്‍ വെട്ടിക്കുറക്കേണ്ടി വന്നുവെന്ന് സര്‍വേയില്‍ പങ്കെടുത്ത 30.1ശതമാനം ആളുകള്‍ വ്യക്തമാക്കി. 

രാജ്യത്തെ മൊത്തം സാമ്പത്തികാവസ്ഥ വഷളായിക്കൊണ്ടിരിക്കുകയാണെന്ന് സര്‍വേയില്‍ പങ്കെടുത്ത 47.9 പേരും അഭിപ്രായപ്പെട്ടു. 2013ലായിരുന്നു ഇതിന് മുന്‍പ് രാജ്യത്തെ സാമ്പത്തിക അവസ്ഥയെക്കുറിച്ച് ഇത്രയും ആളുകള്‍ ആശങ്ക പ്രകടിപ്പിച്ചത്. വരും വര്‍ഷങ്ങളിലും സാമ്പത്തികാവസ്ഥ കാര്യമായി മെച്ചപ്പെടില്ലെന്ന് സര്‍വേയില്‍ പങ്കെടുത്ത 38.6 ശതമാനം ആളുകളും  അഭിപ്രായപ്പെട്ടു. 

എട്ട് മെട്രോ നഗരങ്ങളിലും ഏഴ് സംസ്ഥാന തലസ്ഥാനങ്ങളിലും റിസര്‍വ്വ് ബാങ്ക് സര്‍വേ നടത്തി. 5192 വീടുകളിലും തൊഴില്‍ സാഹചര്യങ്ങളിലെ മാറ്റത്തെക്കുറിച്ചും സര്‍വ്വേ അന്വേഷിച്ചതായാണ് റിപ്പോര്‍ട്ട്. ദില്ലി, മുംബൈ, കൊല്‍ക്കത്ത, ചെന്നൈ, ബെംഗലൂരു, ഹൈദരാബാദ്, ഭോപ്പാല്‍, ഗുവാഹത്തി, ജയ്പൂര്‍, ലക്‌നൗ, പട്‌ന, തിരുവനന്തപുരം നഗരങ്ങളും സര്‍വേയുടെ ഭാഗമായി. 

click me!