എട്ട് വർഷം കോടികളുടെ ലാഭം; പത്ത് വർഷം കൊണ്ട് കുന്നുകൂടിയ കടം; BSNL നെ തകർത്തതാര്...?

By Web TeamFirst Published Oct 11, 2019, 1:12 PM IST
Highlights

ഒരു സർക്കാർ സംരംഭം എന്ന നിലക്ക്, വെറും ലാഭേച്ഛ മാത്രം പരിഗണിക്കാതെ, രാജ്യത്തിൻറെ എല്ലാ കോണിലും തങ്ങളുടെ കവറേജ് ലഭ്യമാക്കാൻ BSNL എന്നും ശ്രമിച്ചിട്ടുണ്ട്. 

കഴിഞ്ഞ കുറേ വർഷമായി നഷ്ടത്തിലോടുന്ന രണ്ടു സർക്കാർ സ്ഥാപനങ്ങളാണ് BSNLലും, MTNLലും. ഈ രണ്ടു സ്ഥാപനങ്ങളും അടച്ചു പൂട്ടണം എന്ന ധനകാര്യവകുപ്പിന്റെ നിർദേശം കഴിഞ്ഞ  ദിവസം മാധ്യമങ്ങളിലൂടെ പുറത്തുവന്നിരുന്നു. പുനരുജ്ജീവനത്തിനായി 74,000 കോടിയുടെ ധനസഹായം അഭ്യർത്ഥിച്ചുകൊണ്ടുള്ള പ്രസ്തുത കമ്പനികളുടെ പ്രൊപ്പോസലും കഴിഞ്ഞ ദിവസം ധനമന്ത്രാലയം തള്ളിയിരുന്നു. അതോടെ, പിരിച്ചുവിടലിന്റെ വക്കിൽ എത്തിനിൽക്കുന്നത് രണ്ടുലക്ഷത്തോളം വരുന്ന ജീവനക്കാരാണ്. ആശങ്കയുടെ മുൾമുനയിൽ നിൽക്കുന്നത് അവരെ ആശ്രയിച്ച് ജീവിക്കുന്ന കുടുംബങ്ങളാണ്. 

എൺപതുകളിലും തൊണ്ണൂറുകളിൽ ബാല്യം പിന്നിട്ടിട്ടുള്ള  ഇന്നത്തെ മധ്യവയസ്കർക്കും യുവാക്കളിൽ ചിലർക്കുമൊക്കെ ഓർമ  കാണും ഇന്നും, ലാൻഡ്‌ലൈൻ ഫോണുകളിലൂടെ പൂത്തുലഞ്ഞിരുന്ന അവരുടെ പ്രണയഭാഷണങ്ങൾ. തൊണ്ണൂറുകളുടെ അവസാനത്തിൽ മൊബൈൽ ഫോൺ രംഗപ്രവേശം ചെയ്തപ്പോഴും അത് ഒരു ആഡംബരമായി തുടർന്നു. അന്നും ആളുകൾ പരസ്പരം സംസാരിക്കാൻ ആശ്രയിച്ചിരുന്നത് ലാൻഡ് ലൈനിനെത്തന്നെയായിരുന്നു. അതിനും പത്തിരുപത് മുപ്പത് വർഷം പിന്നോട്ട് പോയാൽ, ട്രങ്ക് കോളുകൾ ബുക്ക് ചെയ്ത് മണിക്കൂറുകൾ കാത്തിരുന്നിരുന്ന മറ്റൊരു കാലവും ഉണ്ടായിരുന്നു. അന്ന് വീട്ടിൽ ഒരു ലാൻഡ് ഫോൺ എന്നാൽ അത് ഒരു ധനാഢ്യന്റെ ഭവനം എന്നായിരുന്നു അർഥം. ഒരു പ്രദേശത്തിന്റെ ഒന്നാകെ സമ്പർക്ക ഉപാധിയായി വർത്തിച്ചിരുന്നത്, അവിടത്തെ സാമാന്യം പണമുള്ളവരുടെ വീടുകളിലെ ലാൻഡ് ഫോൺ ആയിരുന്നു. രാത്രികാലങ്ങളിൽ അവിടെ അടിയന്തര ഫോൺ കോളുകൾ വന്നിരുന്നു. ഗൾഫിലും മറ്റും ഉള്ളവരുടെ ഉറ്റവർ, അയല്പക്കത്തെ വീടുകളിൽ ചെന്ന് തങ്ങളുടെ പ്രിയപ്പെട്ടവരുടെ ഫോൺവിളികൾക്കായി  കാത്തിരുന്നിരുന്നു. എല്ലാവർക്കും ചുരുങ്ങിയത് പത്തുപതിനഞ്ചു ഫോൺ നമ്പരെങ്കിലും മനഃപാഠമായി അറിഞ്ഞിരുന്നു. കേരളത്തിന്റെ മുക്കിലും മൂലയിലും കൂണുപോലെ STD/ISD ബൂത്തുകളും മുളച്ചുപൊങ്ങി.

1996 സെപ്റ്റംബർ 17-ന്  കേരളത്തിൽ എസ്കോടെൽ എന്ന സ്ഥാപനം ആദ്യമായി സെല്ലുലാർ സർവീസ് ആരംഭിച്ചു. എറണാകുളത്തെ ഹോട്ടൽ അവന്യു റീജന്റിൽ വെച്ച് എഴുത്തുകാരൻ തകഴി ശിവശങ്കരപ്പിള്ളയാണ് ആദ്യത്തെ മൊബൈൽ കോൾ ചെയ്തത്. അതിനും ഒരു വർഷം മുമ്പ് കൊൽക്കത്തയിൽ ഇന്ത്യയിലെ ആദ്യത്തെ മൊബൈൽ കോൾ വിളിക്കപ്പെട്ടിരുന്നു. അന്ന് അത് തങ്ങളുടെ തകർച്ചയുടെ ആദ്യപടിയാണ് എന്ന് ടെലിഫോൺസ് വകുപ്പ് തിരിച്ചറിഞ്ഞിരുന്നില്ല. പിന്നെയും നാലുവർഷം കഴിഞ്ഞ് 

BSNL യുഗം

2000 സെപ്റ്റംബർ 15-നാണ്  100% സർക്കാർ ഉടമസ്ഥതയിലുള്ള ഒരു ടെലികമ്യൂണിക്കേഷൻസ് കോർപ്പറേഷനായി ബിഎസ്എൻഎൽ രൂപീകരിക്കപ്പെടുന്നത്.  ആദ്യത്തെ ഒരു ദശാബ്ദക്കാലം പ്രതിവർഷം 10,000 കോടിയോളം ലാഭമുണ്ടാക്കിക്കൊണ്ടിരുന്ന  ഈ സർക്കാർ സ്ഥാപനം പിന്നീടുള്ള വർഷങ്ങളിൽ നഷ്ടത്തിലേക്ക് കൂപ്പുകുത്തുകയായിരുന്നു. 

2010-ൽ 3G സ്പെക്ട്രം ലേലം നടക്കുന്നു. തങ്ങളുടെ 22 സർക്കിളുകളിൽ 20-ലും BSNL-ന് സ്പെക്ട്രം അനുവദിച്ചു കിട്ടി. അതിനായി സ്ഥാപനം സർക്കാരിലേക്ക് 10,187 കോടി രൂപ ഫീസ് ഒടുക്കി. അതേകാലത്തുതന്നെ ഭാരതി എയർടെൽ, റീലിയൻസ് കമ്യൂണിക്കേഷൻസ്, എയർസെൽ, ഐഡിയ, വൊഡാഫോൺ, ടാറ്റ ടെലി സർവീസസ് തുടങ്ങിയ സ്വകാര്യസ്ഥാപനങ്ങളും അവരവർക്കുവേണ്ട സ്പെക്ട്രം സ്വന്തമാക്കി. അക്കൊല്ലം തന്നെയാണ് മുകേഷ് അംബാനി റിലയൻസ് ജിയോ എന്ന സ്ഥാപനവും തുടങ്ങുന്നത്. 2015  ആയപ്പോഴേക്കും ജിയോസോഫ്റ്റ് ലോഞ്ച് ചെയ്യപ്പെടുന്നു. 2016  സെപ്റ്റംബറിൽ 4 G സ്പെക്ട്രം ലേലത്തിന് തൊട്ടുമുമ്പായി ജിയോ സേവനങ്ങൾ ജനങ്ങൾക്ക് ലഭ്യമായിത്തുടങ്ങുന്നു. 

ജിയോ, വോഡാഫോൺ, എയർടെൽ, ഐഡിയ തുടങ്ങിയ എല്ലാ സ്വകാര്യ കമ്പനികൾക്കും 4G സ്പെക്ട്രം കൈവശം ഉണ്ടാവുമ്പോഴും, അതിനു ശേഷം ഇന്ത്യൻ ടെലികോം മാർക്കറ്റ് 5G-യെ ആശ്ലേഷിക്കാൻ തയ്യാറെടുക്കുമ്പോഴും BSNL എന്ന സർക്കാർ ടെലികോം സേവനദാതാവ് തങ്ങളുടെ 3G സ്പെക്ട്രവും മുറുകെപ്പിടിച്ചുകൊണ്ടിരിക്കുകയായിരുന്നു. അന്ന് BSNL-നു മാത്രം 4G സ്പെക്ട്രം അനുവദിക്കാതിരുന്ന സർക്കാർ നയങ്ങൾ സ്വകാര്യകമ്പനികളെ സഹായിക്കാനായിരുന്നു എന്ന് പരക്കെ ആക്ഷേപമുണ്ട്. ഇപ്പോൾ മാർക്കറ്റിൽ മറ്റുള്ള സ്വകാര്യകമ്പനികളെല്ലാം തന്നെ 4G സ്പെക്ട്രം കൊണ്ട് പരമാവധി ലാഭം കൊയ്ത്തുകഴിഞ്ഞ സ്ഥിതിക് ഇനി BSNL -ന് 4G സ്പെക്ട്രം അനുവദിച്ചുകിട്ടിയിട്ട് എന്തുകാര്യം എന്ന ചോദ്യവും ഉയരുന്നുണ്ട്. ഇനി ഒരു 4G സ്പെക്ട്രം അനുവദിച്ചുകിട്ടി അതിൽ നിന്നുകൂടി നഷ്ടം വന്നാൽ അത് കമ്പനിക്ക് കൂടുതൽ പ്രതിസന്ധികൾ മാത്രമേ ഉണ്ടാക്കൂ എന്ന് IIM അഹമ്മദാബാദിൽ നിന്നുള്ള ഒരു വിദഗ്ധ സംഘം നടത്തിയ പഠനത്തിൽ പറഞ്ഞിരുന്നു. 

ഒരു സർക്കാർ സംരംഭം എന്ന നിലക്ക്, വെറും ലാഭേച്ഛ മാത്രം പരിഗണിക്കാതെ, രാജ്യത്തിൻറെ എല്ലാ കോണിലും തങ്ങളുടെ കവറേജ് ലഭ്യമാക്കാൻ BSNL എന്നും ശ്രമിച്ചിട്ടുണ്ട്. നഷ്ടമാകും എന്ന ഭയത്താൽ സ്വകാര്യ സേവനദാതാക്കൾ അവഗണിച്ചിട്ടുള്ള പല ഓണംകേറാമൂലകളിലും ഇന്നും റേഞ്ച് കിട്ടുന്നത് BSNL-നു മാത്രമാണ്. ഇത്രയൊക്കെ പ്രതികൂല സാഹചര്യങ്ങളുണ്ടായിരുന്നിട്ടും ഇന്നും BSNL ഇന്നും രാജ്യത്തെ ടെലികോം സേവനദാതാക്കളുടെ ഇടയിൽ നാലാം സ്ഥാനത്താണ്. BSNL പൂട്ടിയാൽ, ഇന്നത്തെ സാഹചര്യത്തിൽ അത് ലാഭമുണ്ടാക്കിക്കൊടുക്കാൻ പോകുന്നത് റിലയൻസ് ജിയോക്കായിരിക്കും. 

ജിയോ എഫക്ടിൽ പതറി BSNL 

ടെലികോം സെക്ടറിലേക്ക് ജിയോയുടെ പ്രവേശം മാർക്കറ്റിൽ വളരെയധികം കോലാഹലങ്ങൾ ഉണ്ടാക്കിക്കൊണ്ടായിരുന്നു. ആരോഗ്യകരമല്ലാത്ത എന്ന് പോലും തോന്നിപ്പിക്കുന്നത്ര മോഹിപ്പിക്കുന്ന ഓഫറുകളുമായിട്ടാണ് ജിയോ മാർക്കറ്റിൽ കടുംവെട്ട് നടത്തിയത്. അതോടെ ഡാറ്റ നിരക്കുകൾ പത്തിലൊന്നായി കുറഞ്ഞു. ഫ്രീകോൾ ഏർപ്പെടുത്തിയതോടെ സകലരും ജിയോ സിമ്മിനായി പരക്കം പാഞ്ഞു. മാസം മാസം വാടക കൊടുത്തുകൊണ്ട് BSNL ലാൻഡ്‌ലൈൻ നിലനിർത്തുക എന്ന നഷ്ടക്കച്ചവടം പലരും അവസാനിപ്പിച്ചു. മാർക്കറ്റിൽ മത്സരം കൂടിയതോടെ അരയും തലയും മുറുക്കി പല സ്വകാര്യ സേവനദാതാക്കളും തങ്ങളുടെ നിരക്കുകളും കുറച്ചും, തൊഴിലാളികളുടെ എണ്ണം വെട്ടിക്കുറച്ചും ജിയോയോട് മുട്ടിനിന്നു. എന്നാൽ അതിനൊപ്പിച്ച് മത്സരിക്കുന്നതിൽ BSNL പിന്നിലായിപ്പോയി. അങ്ങനെ എളുപ്പത്തിൽ ജോലിക്കാരുടെ എണ്ണം കുറക്കാനോ, ഒരു പരിധിയിൽ കവിഞ്ഞ് താരിഫ് കുറക്കാനോ ഒന്നും സർക്കാർ സ്ഥാപനം എന്ന നിലക്ക് BSNL-നായില്ല.  

ജിയോ കടന്നുവന്നതിന്റെ അടുത്ത വർഷം തന്നെ ഇന്ത്യൻ ടെലികോം സെക്ടറിലെ മറ്റുള്ള കമ്പനികൾ നഷ്ടം രേഖപ്പെടുത്തിത്തുടങ്ങി. ജിയോയുടെ കടന്നുവരവോടെ സകല കമ്പനികളും നഷ്ടക്കണക്കുകളിലേക്ക് കൂപ്പുകുത്തി. ഒപ്പം ബിഎസ്എൻഎലും. പിടിച്ചുനിൽക്കാനാവാതെ മറ്റുള്ള കമ്പനികളിൽ ചിലത് അടച്ചുപൂട്ടി.  ചിലത് തമ്മിൽ ലയിച്ചു. ഇങ്ങനെ ടെലികോം സെക്ടറിലെ കമ്പനികൾക്കിടയിൽ തത്വദീക്ഷയില്ലാതെ നടന്ന കടുത്ത മത്സരം രംഗത്തെ സേവനദാതാക്കളിൽ പ്രമുഖരുടെ തന്നെ നാശത്തിന് വഴിയൊരുക്കിയിട്ടും അതിലൊന്നും ഇടപെടാതെ മാറിനിൽക്കുന്ന TRAIയുടെ നിലപാടും ഒരർത്ഥത്തിൽ BSNL-ന്റെ പതനത്തിന് ആക്കം കൂട്ടി എന്നുവേണം പറയാൻ. 

നഷ്ടത്തിൽ നിന്ന് കരകയറാൻ സഹായിക്കാത്ത ഗവണ്മെന്റ് പോളിസികളും, മറ്റുള്ള സേവനദാതാക്കളെക്കാൾ മോശം സാങ്കേതികസേവനങ്ങളും, സർക്കാർ സംവിധാനത്തിലൂടെ  ഇടപെടാനും സേവനങ്ങൾ ആർജ്ജിക്കാനുമുള്ള നൂലാമാലകളും, ഇടയ്ക്കിടെ മുടങ്ങുന്ന നെറ്റ് വർക്കും ഒക്കെ ചേർന്നാണ് BSNL എന്ന നവരത്ന ടെലികമ്യൂണിക്കേഷൻസ് സ്ഥാപനത്തിന്റെ സൽപ്പേരിന് ക്ഷയമുണ്ടാക്കിയതും, അതിനെ ഇത്തരത്തിൽ നഷ്ടത്തിലേക്ക് വലിച്ചിട്ടതും. ഇപ്പോഴും, ഒരു തിരിച്ചുവരവിന് സാദ്ധ്യതകൾ നിലനിൽക്കുന്നുണ്ട്. പൊതുമേഖലാ സ്ഥാപനമായ BSNL-നെ ടെലികോം സേവനരംഗത്തു നിന്ന് നീക്കം ചെയ്‌താൽ അത് സ്വകാര്യകമ്പനികളുടെ ഏകാധിപത്യത്തിലും, ലാഭത്തിൽ മാത്രം അധിഷ്ഠിതമായ സേവനങ്ങളിലുമാണ് ചെന്നെത്താൻ പോകുന്നത്. ഇന്നത്തെ ഓഫറുകളുടെ പെരുമഴയിൽ ആ യാഥാർഥ്യം നമ്മൾ കാണാതെ പോകരുത്. 

click me!