'കാര്‍ഡ് വില്‍പ്പന ഫാസ്റ്റായി', ഫാസ്റ്റ് ടാഗ് ഇനിമുതല്‍ പെട്രോള്‍ പമ്പുകളിലേക്കും പാര്‍ക്കിങ് സംവിധാനത്തിലേക്കും

By Web TeamFirst Published Nov 5, 2019, 10:50 AM IST
Highlights

വാഹനത്തിന്റെ വിന്‍ഡ് സ്‌ക്രീനില്‍ ഉറപ്പിക്കുന്ന ടാഗ് വഴി ലിങ്ക് ചെയ്യപ്പെട്ട  പ്രീപെയ്ഡ് അക്കൗണ്ടില്‍ നിന്നോ  സേവിങ് അക്കൗണ്ടില്‍ നിന്നോ ടോള്‍ നിരക്ക് ഓട്ടോമാറ്റിക്കായി ഈടാക്കും. ടാഗില്‍  നടന്ന എല്ലാ ഇടപാടുകളെ കുറിച്ചും ഉപഭോക്താവിന് രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പറിലേക്ക് എസ്എംഎസ് സന്ദേശം ലഭിക്കും. 

തിരുവനന്തപുരം: അടുത്ത മാസം മുതല്‍ ദേശീയപാതകളിലെ എല്ലാ ടോള്‍ ബൂത്തുകളിലും ഫാസ്റ്റാഗ് കാര്‍ഡുകള്‍ നിര്‍ബന്ധമാക്കാനിരിക്കെ കാര്‍ഡുകളുടെ വില്‍പ്പനയില്‍ വന്‍ വര്‍ധന. നാഷണല്‍ ഇലക്ട്രോണിക് ടോള്‍ കളക്ഷന്‍ (എന്‍ഇടിസി) പ്രോഗ്രാമിന്റെ കീഴിലുള്ള ഫാസ്റ്റ് ടാഗ് ഇടപാടുകളുടെ എണ്ണം 2019 ഒക്‌ടോബറില്‍ 31 ദശലക്ഷം കടന്നതായി  നാഷണല്‍ പേയ്‌മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (എന്‍പിസിഐ) അറിയിച്ചു.

വാഹനത്തിന്റെ വിന്‍ഡ് സ്‌ക്രീനില്‍ ഉറപ്പിക്കുന്ന ടാഗ് വഴി ലിങ്ക് ചെയ്യപ്പെട്ട  പ്രീപെയ്ഡ് അക്കൗണ്ടില്‍ നിന്നോ സേവിങ് അക്കൗണ്ടില്‍ നിന്നോ ടോള്‍ നിരക്ക് ഓട്ടോമാറ്റിക്കായി ഈടാക്കും. ടാഗില്‍  നടന്ന എല്ലാ ഇടപാടുകളെ കുറിച്ചും ഉപഭോക്താവിന് രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പറിലേക്ക് എസ്എംഎസ് സന്ദേശം ലഭിക്കും. ഫാസ്റ്റ്ടാഗുള്ള വാഹനം ടോള്‍ പ്ലാസയില്‍ പണമിടപാടുകള്‍ക്കായി  നിര്‍ത്തേണ്ടതില്ലാത്തതിനാല്‍ ഉപഭോക്താക്കള്‍ക്ക് സമയവും ഇന്ധനവും ലാഭിക്കാനാവും. 

2019 ഒക്‌ടോബറില്‍ ഫാസ്റ്റ്ടാഗ് ഇടപാടുകളുടെ എണ്ണം 31.46 ദശലക്ഷമായി ഉയര്‍ന്നു. 702.86 കോടി രൂപയാണ് ഇടപാട് മൂല്യം. 2019 സെപ്തംബറില്‍ 29.01 ദശലക്ഷം ഇടപാടുകള്‍ വഴി 658.94 കോടി രൂപ മൂല്യമുള്ള ഇടപാടുകളാണ് നടന്നത്. 

ഫാസ്റ്റ്ടാഗ് നല്‍കുന്ന 23 അംഗ ബാങ്കുകളും ടോള്‍ പ്ലാസയില്‍  ഫാസ്റ്റ്ടാഗ് ഇടപാടുകള്‍ നടത്താന്‍ പത്തംഗ ബാങ്കുകളുണ്ട്. രാജ്യത്തൊട്ടാകെയുള്ള 528ല്‍ അധികം ടോള്‍ പ്ലാസകളില്‍ ഫാസ്റ്റ്ടാഗ് ഇടപാടുകള്‍ നടക്കുന്നുണ്ട്. ഇതിന് പുറമെ സംസ്ഥാന ഹൈവേകളിലും  സിറ്റി ടോള്‍ പ്ലാസകളിലും പ്രാദേശിക, നഗര വാസികള്‍ക്കും ഡിജിറ്റല്‍ ടോള്‍ പേയ്‌മെന്റ് സൗകര്യം ഫാസ്റ്റ്ടാഗ് നല്‍കുന്നുണ്ടെന്ന് എന്‍പിസിഐ ചീഫ് ഓപ്പറേറ്റിങ് ഓഫീസര്‍ പ്രവീണ റായ് പറഞ്ഞു.   

2017 ഡിസംബര്‍ ഒന്ന് മുതല്‍ എല്ലാ കാറുകളും പ്രീ ആക്റ്റിവേറ്റഡ് ഫാസ്റ്റ്ടാഗുകളോടും കൂടിയാണ് പുറത്തിറക്കുന്നത്. തെരഞ്ഞെടുത്ത ടോള്‍ പ്ലാസകള്‍, ബാങ്ക് ശാഖകള്‍, റീട്ടെയില്‍ പിഒഎസ് ലൊക്കേഷനുകള്‍, ഇഷ്യുവര്‍ ബാങ്ക് വെബ്‌സൈറ്റ്, മൈ ഫാസ്റ്റ്ടാഗ് ആപ്പ്, ഓണ്‍ലൈന്‍ കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകള്‍ എന്നിവ വഴിയും ഫാസ്റ്റ്ടാഗ്  വാങ്ങാം. ക്രെഡിറ്റ് കാര്‍ഡ്/ഡെബിറ്റ് കാര്‍ഡ്/എന്‍ഇഎഫ്ടി/ആര്‍ടിജിഎസ്/യുപിഐ അല്ലെങ്കില്‍ നെറ്റ് ബാങ്കിങ് വഴി ടാഗ് റീചാര്‍ജ്ജ് ചെയ്യാം.

പെട്രോള്‍ പമ്പുകളിലും ഫാസ്റ്റാഗ് ഉടന്‍ ലഭ്യമാകും. പെട്രോള്‍ വാങ്ങുന്നതിനും പാര്‍ക്കിങ് ഫീസ് അടയ്ക്കുന്നതിനും പിന്നീട് ഇത് ഉപയോഗിക്കാനാവും. 2019 ഡിസംബര്‍ ഒന്ന് മുതല്‍ എല്ലാ ദേശീയപാത ടോള്‍ പ്ലാസകളിലും ഫാസ്റ്റ്ടാഗ് നിര്‍ബന്ധമായിക്കും.
 

click me!