
കഠിനാധ്വാനം ചെയ്ത് ജോലി ചെയ്യുന്നതിനിടയില്‍ പെട്ടെന്നൊരു ദിവസം മാനേജ്മെന്റ് നിങ്ങളെ ഒരു 'പെര്‍ഫോമന്‍സ് ഇംപ്രൂവ്മെന്റ് പ്ലാനില്‍' ഉള്‍പ്പെടുത്തിയതായി അറിയിക്കുന്നു. സ്വാഭാവികമായും ആരുടെയും ഉള്ളൊന്നു കാളും. ജോലി നഷ്ടപ്പെടുമോ? ഇത് പിരിച്ചുവിടുന്നതിന് മുന്നോടിയായുള്ള വെറും നാടകമാണോ? ചോദ്യങ്ങള്‍ നിരവധിയാണ്. എന്നാല്‍ പിഐപി എന്നത് ജോലി കളയാനുള്ള വഴി മാത്രമല്ല, മറിച്ച് നിങ്ങളുടെ കരിയര്‍ മെച്ചപ്പെടുത്താനുള്ള ഒരു അവസരം കൂടിയാണെന്ന് തിരിച്ചറിയുക. ഇന്ത്യയിലെ തൊഴില്‍ നിയമങ്ങളും കോടതി വിധികളും ഈ ഘട്ടത്തില്‍ ജീവനക്കാര്‍ക്ക് വലിയ സുരക്ഷ നല്‍കുന്നുണ്ട്.
ലളിതമായി പറഞ്ഞാല്‍, ഒരു ജീവനക്കാരന്റെ ജോലിയിലുള്ള പ്രകടനം പോരാ എന്ന് കമ്പനിക്ക് തോന്നുമ്പോള്‍ അത് മെച്ചപ്പെടുത്താന്‍ നല്‍കുന്ന ഒരു കൃത്യമായ പ്ലാനാണിത്. 30 മുതല്‍ 60 ദിവസം വരെയാണ് ഇതിന്റെ സാധാരണ കാലാവധി. ഈ സമയത്തിനുള്ളില്‍ ജീവനക്കാരന്‍ കൈവരിക്കേണ്ട ലക്ഷ്യങ്ങള്‍ കമ്പനി കൃത്യമായി രേഖാമൂലം നല്‍കണം.
കമ്പനി പിഐപി നല്‍കുമ്പോള്‍ ജീവനക്കാരന്‍ കേവലം ഇരയല്ല. അവര്‍ക്ക് കൃത്യമായ അവകാശങ്ങളുണ്ട്:
കാരണം വ്യക്തമാക്കണം: എന്തുതരം വീഴ്ചയാണ് നിങ്ങളുടെ ഭാഗത്തുനിന്ന് ഉണ്ടായതെന്ന് വ്യക്തമായ ഉദാഹരണങ്ങള്‍ സഹിതം കമ്പനി വിശദീകരിക്കണം. 'പ്രകടനം മോശം' എന്ന പൊതുവായ വാക്കുകള്‍ പോരാ.
മെച്ചപ്പെടാന്‍ മതിയായ സമയം: പ്രകടനം മെച്ചപ്പെടുത്താന്‍ ന്യായമായ സമയം നല്‍കണം. 10-15 ദിവസത്തിനുള്ളില്‍ വലിയ മാറ്റങ്ങള്‍ ആവശ്യപ്പെടുന്നത് നിയമപരമായി നിലനില്‍ക്കില്ല.
പരിശീലനവും പിന്തുണയും: വീഴ്ചകള്‍ പരിഹരിക്കാന്‍ കമ്പനി നിങ്ങളെ സഹായിക്കണം. ആവശ്യമായ ട്രെയിനിംഗ്, മെന്റര്‍ഷിപ്പ് എന്നിവ നല്‍കാന്‍ തൊഴിലുടമ ബാധ്യസ്ഥനാണ്.
വിവേചനം പാടില്ല: ഒരേ തസ്തികയിലുള്ള മറ്റുള്ളവര്‍ക്ക് നല്‍കാത്ത മാനദണ്ഡങ്ങള്‍ നിങ്ങളില്‍ മാത്രം അടിച്ചേല്‍പ്പിക്കാന്‍ കമ്പനിക്ക് അധികാരമില്ല.
ഇന്ത്യയിലെ ഉന്നത കോടതികള്‍ പലപ്പോഴായി ജീവനക്കാര്‍ക്ക് അനുകൂലമായ വിധികള്‍ പുറപ്പെടുവിച്ചിട്ടുണ്ട്.
സുമതി പി. ഷേറെ കേസ് (1989): ജീവനക്കാരന്റെ പ്രകടനത്തില്‍ കുറവുണ്ടെങ്കില്‍ അത് അവരെ കൃത്യമായി അറിയിക്കണമെന്നും മെച്ചപ്പെടാന്‍ അവസരം നല്‍കണമെന്നും സുപ്രീം കോടതി ഈ കേസില്‍ വ്യക്തമാക്കിയിട്ടുണ്ട്.
അഭിജിത് ഗുപ്ത കേസ് (2007): പിഐപിക്ക് ശേഷം ഒരാളെ പിരിച്ചുവിടുകയാണെങ്കില്‍, അത് അയാളുടെ സ്വഭാവദൂഷ്യം കാരണമല്ല, മറിച്ച് നിശ്ചിത നിലവാരത്തിലേക്ക് എത്താന്‍ കഴിയാത്തതുകൊണ്ടാണെന്ന് കൃത്യമായി രേഖപ്പെടുത്തണം. ജീവനക്കാരന്റെ അന്തസ്സിനെ ബാധിക്കുന്ന തരത്തിലുള്ള ആരോപണങ്ങള്‍ ഉന്നയിച്ച് പിരിച്ചുവിടുന്നത് തെറ്റാണെന്നും കോടതി നിരീക്ഷിച്ചു.
രേഖകള്‍ സൂക്ഷിക്കുക: പിഐപി കാലയളവില്‍ നിങ്ങള്‍ നടത്തിയ പുരോഗതികള്‍, അയച്ച ഇമെയിലുകള്‍, ലഭിച്ച ഫീഡ്ബാക്കുകള്‍ എന്നിവ കൃത്യമായി സൂക്ഷിച്ച് വെക്കുക.
ചോദ്യങ്ങള്‍ ചോദിക്കുക: നല്‍കിയിട്ടുള്ള ടാര്‍ഗെറ്റുകള്‍ അപ്രായോഗികമാണെന്ന് തോന്നിയാല്‍ അപ്പോള്‍ തന്നെ അത് അധികൃതരെ അറിയിക്കുക.
ചുരുക്കത്തില്‍ പിഐപി ലഭിച്ചു എന്നതിനര്‍ത്ഥം നാളെ ജോലി പോകുമെന്നല്ല. പലപ്പോഴും മികച്ച പരിശീലനം ലഭിക്കാത്തതോ ആശയവിനിമയത്തിലെ കുറവോ ആകാം ഇതിന് കാരണം. എന്നാല്‍ കമ്പനി നിങ്ങളെ അന്യായമായി വേട്ടയാടുകയാണെന്ന് തോന്നിയാല്‍ നിയമസഹായം തേടാന്‍ മടിക്കരുത്.