
ദില്ലി: നിക്ഷേപ ഇൻഷുറൻസിനായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ അവതരിപ്പിച്ച പുതിയ റിസ്ക്-ബേസ്ഡ് പ്രീമിയം ഫ്രെയിംവർക്ക്, മികച്ച രീതിയിൽ പ്രവർത്തിക്കുന്ന ബാങ്കുകളുടെ ലാഭം വർധിപ്പിക്കാൻ സഹായിക്കുമെന്ന് ഐസിആർഎ റിപ്പോർട്ട്. കൂടാതെ, ബാങ്കിംഗ് മേഖലയിൽ മൊത്തത്തിൽ മികച്ച റിസ്ക് മാനേജ്മെൻ്റ് രീതികൾ കൊണ്ടുവരാൻ ഇത് ബാങ്കുകളെ പ്രേരിപ്പിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു. 2026 ഫെബ്രുവരി 6-ന് പുറത്തിറക്കിയ ഈ പുതിയ ചട്ടക്കൂട്, നിലവിലുള്ള രീതിക്ക് പകരമായാണ് വരുന്നത്. ഇപ്പോൾ എല്ലാ ബാങ്കുകളും ഓരോ 100 രൂപയുടെ നിക്ഷേപത്തിനും 12 പൈസ എന്ന നിരപ്പിലാണ് പ്രീമിയം അടയ്ക്കുന്നത്. എന്നാൽ പുതിയ സംവിധാനത്തിൽ ഓരോ ബാങ്കിൻ്റെയും റിസ്ക് സാധ്യതകൾ വിലയിരുത്തി പ്രീമിയം നിരക്ക് നിശ്ചയിക്കും. ഡെപ്പോസിറ്റ് ഇൻഷുറൻസ് ആൻഡ് ക്രെഡിറ്റ് ഗ്യാരണ്ടി കോർപ്പറേഷൻ്റെ (DICGC) റേറ്റിംഗ് അനുസരിച്ചായിരിക്കും ഇത്. മികച്ച രീതിയിൽ പ്രവർത്തിക്കുന്ന, റിസ്ക് കുറഞ്ഞ ബാങ്കുകൾ കുറഞ്ഞ പ്രീമിയം നൽകിയാൽ മതി. എന്നാൽ ദുർബലമായ ബാങ്കുകൾക്ക് ഉയർന്ന നിരക്ക് നൽകേണ്ടി വരും.
ഐസിആർഎയുടെ കണക്കുകൂട്ടൽ പ്രകാരം, മികച്ച പ്രവർത്തന ചരിത്രമുള്ളതും മുൻപ് ക്ലെയിമുകൾ ഇല്ലാത്തതുമായ ബാങ്കുകളുടെ ആസ്തിയിൽ നിന്നുള്ള വരുമാനം ഏകദേശം 4 ബേസിസ് പോയിൻ്റ് വരെ മെച്ചപ്പെടാം. രാജ്യത്തെ മൊത്തം നിക്ഷേപത്തിൻ്റെ 80 ശതമാനത്തോളം വരുന്ന ബാങ്കുകൾക്ക് കുറഞ്ഞ പ്രീമിയത്തിൻ്റെ ഗുണം ലഭിക്കും. ഇത് ബാങ്കിംഗ് മേഖലയിൽ മൊത്തത്തിൽ ഏകദേശം 3 ബേസിസ് പോയിൻ്റിൻ്റെ വർധനവിന് കാരണമാകും. കൂടാതെ, വലിയ പ്രതിസന്ധികളില്ലാതെ ഡെപ്പോസിറ്റ് ഇൻഷുറൻസ് ഫണ്ടിലേക്ക് ദീർഘകാലം സംഭാവന നൽകിയ ബാങ്കുകൾക്ക് 'വിൻ്റേജ് ഇൻസെൻ്റീവ്' എന്ന പേരിൽ പ്രത്യേക ഇളവും ലഭിക്കും.
ഭാവിയിൽ നിക്ഷേപ ഇൻഷുറൻസ് പരിധി ഉയർത്തുകയാണെങ്കിൽ ബാങ്കുകളുടെ പ്രീമിയം ചെലവ് കൂടാനും ലാഭത്തെ ബാധിക്കാനും സാധ്യതയുണ്ടെന്ന് ഐസിആർഎ ചൂണ്ടിക്കാട്ടുന്നു. എന്നാൽ, പുതിയ സംവിധാനം വഴി മികച്ച ബാങ്കുകൾക്ക് ലഭിക്കുന്ന ഇളവുകൾ ഈ അധികഭാരം ഒരു പരിധി വരെ കുറയ്ക്കാൻ സഹായിക്കും. നിലവിൽ ഒരു നിക്ഷേപകന് ഒരു ബാങ്കിൽ ലഭിക്കുന്ന ഇൻഷുറൻസ് പരിധി 5 ലക്ഷം രൂപയാണ്. പുതിയ പ്രീമിയം ഘടന ഭാവിയിൽ ഈ പരിധി ഉയർത്താൻ വഴിയൊരുക്കുമെന്നും റിപ്പോർട്ട് സൂചിപ്പിക്കുന്നു.