കേരളത്തിലെ സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭകരുടെ ഉത്പന്നങ്ങൾ യുഎസ്, യൂറോപ്യൻ വിപണികളിൽ എത്തിക്കാൻ പുതിയ പദ്ധതി. സംസ്ഥാന സർക്കാരുമായി ചേർന്ന് ഫ്ലിപ്കാർട്ടാണ് പുതിയ പദ്ധതി നടപ്പിലാക്കുന്നത്.വാൾമാർട്ടിന്റെ സിഎസ്ആർ പദ്ധതിയുടെ ഭാഗമായി സംരംഭകർക്ക് ഡിജിറ്റൽ ബിസിനസ്, ബ്രാൻഡിംഗ്, വിദേശ വിപണിയിലെ നിയമങ്ങൾ എന്നിവയിൽ സംരംഭകർക്ക് പരിശീലനവും നൽകും.

തിരുവനന്തപുരം: കേരള ഉത്പന്നങ്ങൾ യുഎസ്, യൂറോപ്യൻ വിപണികളിൽ എത്തിക്കാൻ പദ്ധതിയൊരുങ്ങുന്നു. സംസ്ഥാന സർക്കാരുമായി ഫ്ലിപ്കാ‍ർട്ട് സഹകരിച്ചാണ് ഈ പദ്ധതി നടപ്പിലാക്കാനൊരുങ്ങുന്നത്. ഇതോടെ കേരളത്തിലെ സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങൾക്ക് എളുപ്പത്തിൽ വിദേശ വിപണികളിലേക്ക് ഇറങ്ങിച്ചെല്ലാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഫ്ലിപ്കാർട്ടിന്റെ മാതൃകമ്പനിയായ വാൾമാർട്ടിന്റെ സിഎസ്ആർ പദ്ധതികളുടെ ഭാ​ഗമായാണ് ഈ പദ്ധതി. നേരത്തെ കർണാടക അടക്കമുള്ള സംസ്ഥാനങ്ങളിൽ നടപ്പാക്കിയ വൃദ്ധി സ്കീമിന്റെ മാതൃകയിലാണ് കേരളത്തിലെ സംരംഭക‍ർക്ക് ഇത് സഹായമാകുക.

നിലവിൽ പദ്ധതി സംബന്ധിച്ച നിർദേശം ഫ്ലിപ്കാർട്ട് സർക്കാരിന് കൈമായിട്ടുണ്ട്. പദ്ധതിയിൽ അ‍ർഹരായ സംരംഭകരെ കണ്ടെത്താൻ സ‍ർക്കാ‍ർ സഹായിക്കും. എന്നാൽ, ഇതിന്റെ മറ്റു ചെലവുകൾ വഹിക്കുക ഫ്ലിപ്കാ‍ർട്ട് തന്നെയായിരിക്കും. സംരംഭത്വ വികസനം ഉൾപ്പെടെ സ‍ർക്ക‍ാർ ഇത്തവണ ബജറ്റിൽ പ്രഖ്യാപിച്ച വിവിധ മിഷനുകളുടെ ഭാഗമായാകും പ്രവർത്തനം.

സംരംഭക‍ർക്കും തൊഴിലാളികൾക്കും ഡിജിറ്റൽ ബിസിനസ്, ഓൺലൈൻ വിപണനം, പാക്കിംഗ്, ബ്രാൻഡിംഗ്, വിദേശ വിപണിയിലെ നിയമങ്ങൾ എന്നിവയിൽ സൗജന്യ പരിശീലനം നൽകും. രാജ്യത്തിനുള്ളിൽ വിൽക്കാൻ ഫ്ലിപ്കാർട്ട് വഴി തന്നെ കൂടുതൽ സൗകര്യമൊരുക്കും.

വിദേശ വിപണിക്ക് അനുയോജ്യമായ ഉൽപ്പന്നങ്ങൾ വാൾമാർട്ട് വഴി അന്താരാഷ്ട്ര തലത്തിൽ വിറ്റഴിക്കാനാണ് അവസരമൊരുങ്ങുന്നത്. ഉൽപന്നങ്ങൾ ഇ– കൊമേഴ്സ് പ്ലാറ്റ്ഫോമിൽ ലിസ്റ്റ് ചെയ്യുന്നതിലും പ്രൊഡക്ട് ഇമേജ് ഉണ്ടാക്കാൻ എഐ സാങ്കേതികവിദ്യയുടെ സഹായവും കമ്പനി ഒരുക്കും.