വായ്പയെടുത്തതിന്റെ പേരില്‍ ഭീഷണിപ്പെടുത്തല്‍; മരിച്ചയാളുടെ കുടുംബത്തിന് തുണയായി ആര്‍ബിഐ ഓംബുഡ്‌സ്മാന്‍

Published : Dec 10, 2025, 06:56 PM IST
RBI

Synopsis

പ്രമുഖ ബാങ്കായ ഐസിഐസിഐ ബാങ്കിനും സഹ-വായ്പാ പങ്കാളിയായ എസ്ബിഎഫ്സി ഫിനാന്‍സിനും എതിരെ റിസര്‍വ് ബാങ്ക് ഓംബുഡ്‌സ്മാന്റെ ഇടപെടല്‍. പരാതിയുടെ അടിസ്ഥാനത്തില്‍ ആര്‍ബിഐ ഓംബുഡ്‌സ്മാന്‍ ഓഫിസില്‍ ഒത്തുതീര്‍പ്പ് യോഗം ചേര്‍ന്നു

വായ്പയെടുത്തയാള്‍ മരിച്ചതിനു പിന്നാലെ കുടുംബത്തെ ഭീഷണിപ്പെടുത്തിയതിനും നടപടിക്രമങ്ങള്‍ ലംഘിച്ചതിനും പ്രമുഖ ബാങ്കായ ഐസിഐസിഐ ബാങ്കിനും സഹ-വായ്പാ പങ്കാളിയായ എസ്ബിഎഫ്സി ഫിനാന്‍സിനും എതിരെ റിസര്‍വ് ബാങ്ക് ഓംബുഡ്‌സ്മാന്റെ ഇടപെടല്‍. മരിച്ച വ്യക്തിയുടെ മകന്റെ പരാതിയില്‍, നടപടിക്രമങ്ങളിലെ പിഴവുകളും കെവൈസി നിയമങ്ങള്‍ ലംഘിച്ചതും ഓംബുഡ്‌സ്മാന്‍ കണ്ടെത്തി. മാനസിക വിഷമത്തിന് നഷ്ടപരിഹാരം നല്‍കാനും വായ്പാ അക്കൗണ്ട് ക്ലോസ് ചെയ്യാനും ഓംബുഡ്‌സ്മാന്‍ ഉത്തരവിട്ടു.

സംഭവത്തിന്റെ നാള്‍വഴികള്‍

2022-ലാണ് സംഭവം നടക്കുന്നത്. മുംബൈയിലെ സാന്റാക്രൂസ് സ്വദേശിയായ അബ്ദുള്‍ വഹാബ് പാര്‍ക്കര്‍ ഐസിഐസിഐ ബാങ്കും എസ്ബിഎഫ്സി ഫിനാന്‍സും ചേര്‍ന്നുള്ള സഹ-വായ്പാ പദ്ധതി പ്രകാരം 13 ലക്ഷം രൂപ വായ്പയെടുത്തു. അദ്ദേഹത്തിന്റെ മകനായ അഹമ്മദ് പാര്‍ക്കറും മരുമകളും വായ്പയുടെ സഹ-അപേക്ഷകരായിരുന്നു. 2023 ഡിസംബര്‍ 26-ന് അബ്ദുള്‍ വഹാബ് പാര്‍ക്കര്‍ മരിച്ചു. പാര്‍ക്കറുടെ മരണശേഷം വായ്പയുടെ തിരിച്ചടവിന് വേണ്ടി ഏജന്റുമാര്‍ അദ്ദേഹത്തിന്റെ സാന്റാക്രൂസിലെ വീട്ടില്‍ ഇടക്കിടെ എത്തി. വീട്ടില്‍ സ്ത്രീകള്‍ മാത്രമുള്ളപ്പോള്‍ വന്ന് ഭീഷണിപ്പെടുത്തുകയും വായ്പാ രേഖകള്‍ നല്‍കാതെ ഇഎംഐ ആവശ്യപ്പെടുകയും ചെയ്തു. സ്വത്ത് കണ്ടുകെട്ടുമെന്ന് ഭീഷണിപ്പെടുത്തിക്കൊണ്ടുള്ള ഈ നടപടികള്‍ക്കെതിരെ മകന്‍ അഹമ്മദ് പാര്‍ക്കര്‍ 2024 നവംബര്‍ 24-ന് ആര്‍ബിഐയുടെ പരാതി പരിഹാര സംവിധാനത്തില്‍ പരാതി നല്‍കി.

പരാതിയുടെ അടിസ്ഥാനത്തില്‍ ആര്‍ബിഐ ഓംബുഡ്‌സ്മാന്‍ ഓഫിസില്‍ ഒത്തുതീര്‍പ്പ് യോഗം ചേര്‍ന്നു.വായ്പയെടുക്കുന്ന സമയത്ത് സഹ-അപേക്ഷകനായ അഹമ്മദ് പാര്‍ക്കര്‍ ഖത്തറിലായിരുന്നു. അദ്ദേഹത്തിന്റെ ഒപ്പ് നേരിട്ട് പരിശോധിച്ച് ഉറപ്പാക്കിയിട്ടില്ല. ഈ ഗുരുതരമായ കെവൈസി ലംഘനം ബാങ്കുകള്‍ സമ്മതിച്ചു. വായ്പയ്ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കാനായി 20,982 രൂപ പ്രീമിയം ഇനത്തില്‍ ഈടാക്കിയിരുന്നു. എന്നാല്‍, പിന്നീട് ഈ ഇന്‍ഷുറന്‍സ് പോളിസി റദ്ദാക്കുകയും കുടുംബത്തെ അറിയിക്കാതെ മറ്റൊരാളുടെ പേരില്‍ നല്‍കുകയും ചെയ്തു.

ഓംബുഡ്‌സ്മാന്‍ ഉത്തരവ്

1.വായ്പ എടുത്തപ്പോള്‍ ഈടാക്കിയ ഇന്‍ഷുറന്‍സ് പ്രീമിയം (20,982 രൂപ) വായ്പ അക്കൗണ്ടില്‍ വരവ് വെച്ച് അക്കൗണ്ട് അവസാനിപ്പിക്കണം.

2.കുടുംബത്തിനുണ്ടായ മാനസിക ബുദ്ധിമുട്ടിന് നഷ്ടപരിഹാരമായി ഐസിഐസിഐ ബാങ്കും എസ്ബിഎഫ്സി ഫിനാന്‍സും 50,000 വീതം (ആകെ 1 ലക്ഷം) നല്‍കണം.

3.ഏഴു ദിവസത്തിനകം ഈ ഉത്തരവുകള്‍ നടപ്പാക്കണം, കൂടാതെ കുടുംബത്തിന് വായ്പയുടെ അസല്‍ രേഖകള്‍ തിരികെ നല്‍കണം.

സംഭവം സ്ഥിരീകരിച്ച ഐസിഐസിഐ ബാങ്ക്, ഓംബുഡ്‌സ്മാന്റെ ഉത്തരവുകള്‍ സമയബന്ധിതമായി പാലിച്ചതായും വായ്പ പൂര്‍ണ്ണമായി സെറ്റില്‍ ചെയ്ത് അക്കൗണ്ട് ക്ലോസ് ചെയ്തതായും രേഖകള്‍ തിരികെ നല്‍കിയതായും പ്രതികരിച്ചു.

PREV
Read more Articles on
click me!

Recommended Stories

'നിങ്ങളുടെ പണം, നിങ്ങളുടെ അവകാശം': ഓര്‍മ്മപ്പെടുത്തി പ്രധാനമന്ത്രി
16,000 പേർക്ക് എല്ലാ വർഷവും ജോലി നൽകും, മുന്നൂറോളം ശാഖകൾ തുറക്കാൻ എസ്‌ബി‌ഐ