
വിദേശരാജ്യങ്ങളുമായുള്ള വ്യാപാരത്തിനും ടൂറിസം ഇടപാടുകള്‍ക്കും കരുത്തേകാന്‍ ഡിജിറ്റല്‍ കറന്‍സികളെ ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ടുള്ള ചര്‍ച്ചകള്‍ക്ക് തുടക്കമിട്ട് ഇന്ത്യ. ബ്രിക്‌സ് രാജ്യങ്ങളിലെ ഡിജിറ്റല്‍ കറന്‍സികളെ പരസ്പരം ബന്ധിപ്പിക്കണമെന്ന നിര്‍ദ്ദേശമാണ് റിസര്‍വ് ബാങ്ക് മുന്നോട്ടുവെച്ചിരിക്കുന്നത്. ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന 2026-ലെ ബ്രിക്‌സ് ഉച്ചകോടിയില്‍ ഈ വിഷയം പ്രധാന ചര്‍ച്ചയാക്കാന്‍ ആര്‍.ബി.ഐ കേന്ദ്ര സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തു.
അന്താരാഷ്ട്ര വിപണിയില്‍ അമേരിക്കന്‍ ഡോളറിനുള്ള ആധിപത്യം കുറയ്ക്കാനും സ്വന്തം കറന്‍സികളെ ശക്തിപ്പെടുത്താനും ലക്ഷ്യമിട്ടാണ് ഈ മാറ്റം. ബ്രസീല്‍, റഷ്യ, ചൈന, ദക്ഷിണാഫ്രിക്ക എന്നിവരടങ്ങുന്ന ബ്രിക്‌സ് കൂട്ടായ്മയിലേക്ക് യു.എ.ഇ, ഇറാന്‍, ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങളും അടുത്തിടെ ചേര്‍ന്നിരുന്നു.
എന്താണ് ലക്ഷ്യം? വിദേശയാത്ര നടത്തുന്നവര്‍ക്കും വ്യാപാരികള്‍ക്കും മറ്റു രാജ്യങ്ങളിലെ ഡിജിറ്റല്‍ കറന്‍സികള്‍ ഉപയോഗിച്ച് പണമിടപാടുകള്‍ നടത്തുന്നത് എളുപ്പമാക്കുക എന്നതാണ് ഇതിന്റെ പ്രധാന ലക്ഷ്യം. നിലവില്‍ പരീക്ഷണാടിസ്ഥാനത്തിലുള്ള ഇന്ത്യയുടെ 'ഇ-റുപ്പീ' മറ്റ് രാജ്യങ്ങളുടെ ഡിജിറ്റല്‍ കറന്‍സികളുമായി ലിങ്ക് ചെയ്യുന്നതോടെ അന്താരാഷ്ട്ര തലത്തില്‍ രൂപയുടെ സ്വീകാര്യത വര്‍ദ്ധിക്കും.
അമേരിക്കയുടെ കണ്ണുരുട്ടല്‍
ഇന്ത്യയുടെ ഈ നീക്കം അമേരിക്കയെ പ്രകോപിപ്പിച്ചേക്കും. ഡോളറിനെ മറികടന്നുകൊണ്ടുള്ള ഏത് നീക്കത്തിനും എതിരെ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. ബ്രിക്‌സ് രാജ്യങ്ങളുടെ നീക്കങ്ങള്‍ അമേരിക്കയ്ക്ക് വിരുദ്ധമാണെന്നും ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്ന രാജ്യങ്ങള്‍ക്ക് മേല്‍ വലിയ തീരുവ ചുമത്തുമെന്നുമാണ് ട്രംപിന്റെ നിലപാട്. എന്നാല്‍ രൂപയുടെ മൂല്യം വര്‍ദ്ധിപ്പിക്കാനാണ് ഇന്ത്യ ശ്രമിക്കുന്നതെന്നും ഡോളറിനെ തകര്‍ക്കാന്‍ തങ്ങള്‍ക്ക് ഉദ്ദേശമില്ലെന്നുമാണ് ആര്‍.ബി.ഐ വ്യക്തമാക്കിയിട്ടുള്ളത്.
വെല്ലുവിളികള്‍ ഏറെ
പദ്ധതി നടപ്പിലാക്കാന്‍ ചില സാങ്കേതിക തടസ്സങ്ങളുണ്ട്:
സാങ്കേതിക ഐക്യം: എല്ലാ രാജ്യങ്ങളുടെയും ഡിജിറ്റല്‍ സംവിധാനങ്ങള്‍ ഒരേപോലെ പ്രവര്‍ത്തിക്കണം.
വിശ്വാസ്യത: മറ്റ് രാജ്യങ്ങളുടെ സാങ്കേതിക പ്ലാറ്റ്ഫോമുകള്‍ ഉപയോഗിക്കുന്നതിലുള്ള ആശങ്കകള്‍ പരിഹരിക്കേണ്ടതുണ്ട്.
പഴയ പാഠങ്ങള്‍: റഷ്യയുമായി സ്വന്തം കറന്‍സിയില്‍ ഇടപാട് നടത്തിയപ്പോള്‍ വലിയ തുക രൂപയായി റഷ്യന്‍ ബാങ്കുകളില്‍ കെട്ടിക്കിടന്നത് പ്രതിസന്ധിയായിരുന്നു. ഇത് പരിഹരിക്കാന്‍ ബാങ്കുകള്‍ തമ്മില്‍ കറന്‍സി കൈമാറ്റത്തിന് പ്രത്യേക വ്യവസ്ഥകള്‍ കൊണ്ടുവരേണ്ടി വരും.
ഇ-റുപീ കുതിക്കുന്നു 2022-ല്‍ പുറത്തിറക്കിയ ഇന്ത്യയുടെ ഡിജിറ്റല്‍ രൂപയ്ക്ക് നിലവില്‍ 70 ലക്ഷത്തോളം ഉപഭോക്താക്കളുണ്ട്. സുരക്ഷിതമല്ലാത്ത ക്രിപ്റ്റോ കറന്‍സികള്‍ക്കും സ്റ്റേബിള്‍ കോയിനുകള്‍ക്കും പകരമായി സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ഡിജിറ്റല്‍ രൂപയെ മാറ്റാനാണ് ആര്‍.ബി.ഐയുടെ ശ്രമം. ഓഫ്ലൈന്‍ പേയ്മെന്റ് സൗകര്യം കൂടി വരുന്നതോടെ ഡിജിറ്റല്‍ രൂപ കൂടുതല്‍ ജനകീയമാകുമെന്ന് ആര്‍.ബി.ഐ ഡെപ്യൂട്ടി ഗവര്‍ണര്‍ ടി. രബി ശങ്കര്‍ പറഞ്ഞു.