
രാജ്യത്തെ പ്രധാനപ്പെട്ട തിരിച്ചറിയൽ രേഖകളിൽ ഒന്നാണ് ആധാർ കാർഡ്. സർക്കാർ സബ്‌സിഡികളും സ്കീമുകളും ലഭിക്കുന്നതിനും ആധാർ കാർഡ് നിർബന്ധമാണ്. എന്നാൽ ആധാർ കാർഡിൽ ബ്ലൂ ആധാർ എന്ന വിഭാഗം ഉണ്ട് എന്നത് എത്ര പേർക്ക് അറിയാം? എന്താണ് ബ്ലൂ ആധാർ? ആർക്കൊക്കെ ബ്ലൂ ആധാർ വേണം? യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ) ഒരു നിശ്ചിത പ്രായത്തിന് താഴെയുള്ള കുട്ടികൾക്ക് നീല ആധാർ കാർഡ് എന്നറിയപ്പെടുന്ന മറ്റൊരു പതിപ്പ് നൽകുന്നുണ്ടെന്ന് പലർക്കും അറിയില്ല, ഇത് ഔദ്യോഗികമായി ബാൽ ആധാർ എന്നറിയപ്പെടുന്നു . അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികൾക്കായി പ്രത്യേകം രൂപകൽപ്പന ചെയ്തൂതാണ് ബ്ലൂ ആധാർ. വിവിധ സർക്കാർ ക്ഷേമ പരിപാടികളിൽ കുട്ടികളെ ഉൾപ്പെടുത്തുമ്പോൾ നടപടികൾ എളുപ്പമാക്കാൻ ഇത് സഹായിക്കുന്നു.
അതേസമയം, അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികൾക്ക് മുതിർന്നവർക്കുള്ള ബയോമെട്രിക് ഡാറ്റ നൽകേണ്ടതില്ല എന്നതാണ് നീല ആധാറിന്റെ സവിശേഷതകളിലൊന്ന്. പകരം, അവരുടെ വ്യക്തി വിവരങ്ങളും മാതാപിതാക്കളുടെ യുഐഡിയുമായി ലിങ്ക് ചെയ്യുകയും വേണം. കുട്ടിക്ക് 5 വയസ്സ് തികയുമ്പോൾ, ബയോമെട്രിക്‌സ് നിർബന്ധമായും അപ്‌ഡേറ്റ് ചെയ്യേണ്ടതുണ്ട്.കുഞ്ഞിന് അഞ്ച് വയസ്സ് തികയുമ്പോൾ കയ്യിലെ പത്ത് വിരലുകളുടെ ബയോമെട്രിക്കും രേഖപ്പെടുത്താം.
നീല ആധാറും വെള്ള ആധാറും തമ്മിലുള്ള വ്യത്യാസം എന്താണ്?
നീല ആധാറും വെള്ള ആധാറും തമ്മിലുള്ള പ്രധാന വ്യത്യാസം ബയോമെട്രിക് ഡാറ്റയിലാണ്. 5 വയസ്സും അതിൽ കൂടുതലുമുള്ള വ്യക്തികൾക്ക് നൽകുന്ന വെള്ള ആധാർ കാർഡിൽ പത്ത് വിരലുകളുടെയും വിരലടയാളങ്ങളും ഐറിസ് സ്കാനുകളും ഉൾപ്പെടെയുള്ള പൂർണ്ണമായ ബയോമെട്രിക് വിവരങ്ങൾ അടങ്ങിയിരിക്കുന്നു. നീല ആധാർ കാർഡിൽ ബയോമെട്രിക് ഡാറ്റയൊന്നും ഉൾപ്പെടുത്തിയിട്ടില്ല . കാരണം, വളരെ ചെറുപ്പത്തിൽ തന്നെ കുട്ടിയുടെ വിരലടയാളങ്ങളും ഐറിസ് പാറ്റേണുകളും സ്ഥിരമായിരിക്കില്ല, വളരുന്തോറും അവ മാറിക്കൊണ്ടിരിക്കും. ജൈവശാസ്ത്രപരമായ ഈ കാരണംകൊണ്ട് അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികളുടെ ബയോമെട്രിക് വിശദാംശങ്ങൾ UIDAI ശേഖരിക്കുന്നില്ല. ഇത് നീല ആധാറിനെ ഒരു നോൺ-ബയോമെട്രിക് തിരിച്ചറിയൽ രേഖയാക്കി മാറ്റുന്നു.