സ്വര്‍ണവിലയിലെ 'തിളക്കം' ആര്‍ബിഐക്ക് ആശങ്ക; വിലക്കയറ്റ ഭീഷണിയില്‍ സ്വര്‍ണവും വെള്ളിയും നിര്‍ണ്ണായകം

Published : Feb 06, 2026, 06:19 PM IST
RBI gold loan

Synopsis

സ്വര്‍ണത്തെ ഒഴിവാക്കി കണക്കാക്കിയാല്‍ ഡിസംബറിലെ അടിസ്ഥാന പണപ്പെരുപ്പ നിരക്ക് 2.6 ശതമാനം മാത്രമാണ്.

 

രാജ്യത്തെ വിലക്കയറ്റ നിരക്കിനെ ബാധിക്കുന്ന പ്രധാന ഘടകമായി സ്വര്‍ണത്തിന്റെയും വെള്ളിയുടെയും വില വര്‍ധന മാറുന്നതായി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ .സാധാരണ ഗതിയില്‍ ആഹാരസാധനങ്ങളുടെയും ഇന്ധനത്തിന്റെയും വിലയാണ് പണപ്പെരുപ്പത്തെ നിയന്ത്രിക്കാറുള്ളത്. എന്നാല്‍ നിലവില്‍ ഇവ രണ്ടും നിയന്ത്രണവിധേയമാണെങ്കിലും സ്വര്‍ണവിലയിലെ കുതിപ്പ് റിസര്‍വ് ബാങ്കിന്റെ കണക്കുകൂട്ടലുകള്‍ തെറ്റിക്കുന്നുണ്ട്.

സ്വര്‍ണം മാറ്റിനിര്‍ത്തിയാല്‍ ആശ്വാസം

രാജ്യത്തെ അടിസ്ഥാന വിലക്കയറ്റ നിരക്ക് നിലവില്‍ കുറഞ്ഞ നിലയിലാണെന്ന് ആര്‍ബിഐ ചൂണ്ടിക്കാട്ടി. സ്വര്‍ണത്തെ ഒഴിവാക്കി കണക്കാക്കിയാല്‍ ഡിസംബറിലെ അടിസ്ഥാന പണപ്പെരുപ്പ നിരക്ക് 2.6 ശതമാനം മാത്രമാണ്. എന്നാല്‍ സ്വര്‍ണത്തിന്റെയും വെള്ളിയുടെയും വിലയിലുണ്ടായ വര്‍ധനവ് പണപ്പെരുപ്പ സൂചികയില്‍ 60 മുതല്‍ 70 വരെ ബേസിസ് പോയിന്റിന്റെ (0.6% - 0.7%) വര്‍ധനവിന് കാരണമാകുന്നു. ചുരുക്കത്തില്‍, സ്വര്‍ണവിലയിലെ വര്‍ധനവില്ലായിരുന്നെങ്കില്‍ രാജ്യത്തെ വിലക്കയറ്റ തോത് ഇതിലും കുറഞ്ഞ നിലയിലാകുമായിരുന്നു.

എന്തുകൊണ്ട് സ്വര്‍ണ വില കൂടുന്നു?

ആഗോള വിപണിയിലെ അസ്ഥിരതയും യുദ്ധസാഹചര്യങ്ങളുമാണ് സ്വര്‍ണവില വര്‍ധിക്കാന്‍ പ്രധാന കാരണം. ലോകമെമ്പാടുമുള്ള നിക്ഷേപകര്‍ ഏറ്റവും സുരക്ഷിതമായ നിക്ഷേപമായി സ്വര്‍ണത്തെ കാണുന്നു. ഇന്ത്യ ആവശ്യമായ സ്വര്‍ണത്തിന്റെ ഭൂരിഭാഗവും ഇറക്കുമതി ചെയ്യുന്നതാണ്. അതുകൊണ്ട് തന്നെ ആഗോള വിപണിയിലെ മാറ്റങ്ങളും രൂപയുടെ മൂല്യത്തകര്‍ച്ചയും സ്വര്‍ണവില പെട്ടെന്ന് കൂടാന്‍ കാരണമാകുന്നു.

ഭക്ഷണസാധനങ്ങളുടെ വില കുറയും

അരിയും ഗോതമ്പും അടക്കമുള്ള ഭക്ഷ്യധാന്യങ്ങളുടെ വില വരും മാസങ്ങളില്‍ നിയന്ത്രണവിധേയമായിരിക്കുമെന്ന് റിസര്‍വ് ബാങ്ക് പ്രത്യാശ പ്രകടിപ്പിച്ചു. നല്ല വിളവെടുപ്പും സര്‍ക്കാരിന്റെ കൈവശമുള്ള കൃത്യമായ സ്റ്റോക്കും ഇതിന് തുണയാകും. കാലാവസ്ഥ അനുകൂലമായാല്‍ ഭക്ഷ്യവിലക്കയറ്റം ഭീഷണിയാകില്ല.

വെല്ലുവിളികള്‍ ബാക്കി

എങ്കിലും ചില കാര്യങ്ങളില്‍ ആര്‍ബിഐ ജാഗ്രത നിര്‍ദ്ദേശിക്കുന്നുണ്ട്:

ആഗോള പ്രശ്‌നങ്ങള്‍: വിദേശ രാജ്യങ്ങളിലെ യുദ്ധസമാനമായ സാഹചര്യങ്ങള്‍.

ഇന്ധനവില: ക്രൂഡ് ഓയില്‍ വിലയിലുണ്ടാകാന്‍ സാധ്യതയുള്ള മാറ്റങ്ങള്‍.

കാലാവസ്ഥ: അപ്രതീക്ഷിതമായുണ്ടാകുന്ന പ്രകൃതിക്ഷോഭങ്ങള്‍.

PREV
Read more Articles on
click me!

Recommended Stories

തെരഞ്ഞെടുപ്പിന് മൂന്നുനാള്‍ മുന്‍പ് അമേരിക്കയുമായി 'രഹസ്യ' കരാര്‍; ബംഗ്ലാദേശില്‍ രാഷ്ട്രീയപ്പോര് മുറുകുന്നു
ബിറ്റ്കോയിന് വന്‍ തിരിച്ചടി: വില 65,000 ഡോളറിലേക്ക് കൂപ്പുകുത്താന്‍ സാധ്യത; നിക്ഷേപകര്‍ക്ക് നെഞ്ചിടിപ്പ്