
മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന് 56.44 കോടി രൂപയുടെ പിഴ ചുമത്തി ചരക്ക് സേവന നികുതി വകുപ്പ് . ഇന്‍പുട്ട് ടാക്‌സ് ക്രെഡിറ്റ് വകയിരുത്തിയതുമായി ബന്ധപ്പെട്ട ചില പ്രശ്‌നങ്ങളെത്തുടര്‍ന്നാണ് അഹമ്മദാബാദിലെ സെന്‍ട്രല്‍ ജിഎസ്ടി ജോയിന്റ് കമ്മീഷണര്‍ പിഴ ചുമത്തിയത്. 2017-ലെ കേന്ദ്ര-സംസ്ഥാന ചരക്ക് സേവന നികുതി നിയമത്തിലെ സെക്ഷന്‍ 74 പ്രകാരമാണ് പിഴ ചുമത്തിയിരിക്കുന്നത്.
എന്നാല്‍, അധികൃതരുടെ നടപടിക്കെതിരെ അപ്പീല്‍ നല്‍കുമെന്ന് റിലയന്‍സ് അറിയിച്ചു. പുറംകരാര്‍ നല്‍കിയ ചില സേവനങ്ങളുടെ നികുതി കണക്കാക്കിയതിലെ സാങ്കേതികമായ അവ്യക്തതയാണ് പിഴയ്ക്ക് കാരണമെന്നാണ് കമ്പനിയുടെ വിശദീകരണം. നിലവിലുള്ള നിയമങ്ങള്‍ക്കനുസൃതമായി മാത്രമാണ് നികുതി ഇളവുകള്‍ നേടാന്‍ ശ്രമിച്ചതെന്നും അതിനാല്‍ തന്നെ നിയമനടപടികളുമായി മുന്നോട്ട് പോകുമെന്നും കമ്പനി വ്യക്തമാക്കി. റിലയന്‍സിന് ലഭിച്ച സേവനം ഏത് വിഭാഗത്തില്‍ പെടുന്നു എന്ന് സേവനദാതാവ് എങ്ങനെയാണ് കണക്കാക്കിയത് എന്ന് പരിഗണിക്കാതെ, ഈ ടാക്‌സ് ക്രെഡിറ്റ് 'തടയപ്പെട്ട ക്രെഡിറ്റ്' എന്ന വിഭാഗത്തില്‍ ഉള്‍പ്പെടുന്നതായി ജിഎസ്ടി അധികൃതര്‍ വ്യാഖ്യാനിച്ചു എന്നാണ് റിലയന്‍സിന്റെ ആരോപണം.
വന്‍തുക പിഴയായി വിധിച്ചെന്ന വാര്‍ത്ത പുറത്തുവന്നെങ്കിലും റിലയന്‍സിന്റെ ഓഹരികളെ അത് ബാധിച്ചില്ല. വിപണിയില്‍ റിലയന്‍സ് ഓഹരികള്‍ നേട്ടത്തിലാണ് വ്യാപാരം നടത്തിയത്. ഇത് കേവലം ഒരു നികുതി തര്‍ക്കം മാത്രമാണെന്നും കമ്പനിയുടെ അടിസ്ഥാന പ്രവര്‍ത്തനങ്ങളെ ബാധിക്കില്ലെന്നും വിപണി വിദഗ്ധര്‍ വിലയിരുത്തി. പിഴത്തുകയല്ലാതെ മറ്റ് സാമ്പത്തിക ബാധ്യതകളൊന്നും ഈ നടപടി വഴി ഉണ്ടാകില്ലെന്നും, കമ്പനിയുടെ ദൈനംദിന പ്രവര്‍ത്തനങ്ങളെയോ പദ്ധതികളെയോ ഇത് ബാധിക്കില്ലെന്നും റിലയന്‍സ് അധികൃതര്‍ അറിയിച്ചു. വന്‍കിട കമ്പനികളുടെ ജിഎസ്ടി ഫയലിംഗുകളില്‍ നികുതി വകുപ്പ് കര്‍ശന പരിശോധന നടത്തുന്നതിന്റെ ഭാഗമായാണ് ഇത്തരം നടപടികള്‍ വര്‍ദ്ധിച്ചുവരുന്നത്.