ഭവനവായ്പയെടുത്തവര്‍ക്ക് ആശ്വാസം; റിപ്പോ നിരക്കില്‍ മാറ്റമില്ല, കുറഞ്ഞ ഇഎംഐ തുടരും

Published : Feb 07, 2026, 11:59 AM IST
Home loan

Synopsis

റിപ്പോ നിരക്ക് മാറ്റമില്ലാതെ തുടരുന്നതിനാല്‍ നിലവിലുള്ള ഇഎംഐകളില്‍ മാറ്റം വരില്ല.

 

ഭവനവായ്പ എടുത്തവര്‍ക്കും എടുക്കാന്‍ ഇരിക്കുന്നവര്‍ക്കും ആശ്വാസകരമാണ് റിപ്പോ നിരക്കുകളില്‍ മാറ്റം വരുത്താതെ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ പ്രഖ്യാപിച്ച പുതിയ വായ്പാ നയം . റിപ്പോ നിരക്ക് 5.25 ശതമാനത്തില്‍ തന്നെ തുടരും. 2025-ല്‍ പലിശ നിരക്കുകളില്‍ വലിയ കുറവ് വരുത്തിയ ശേഷം നിലവില്‍ ആ നിരക്കില്‍ മാറ്റം വരുത്തേണ്ടതില്ലെന്നാണ് ആര്‍ബിഐയുടെ തീരുമാനം. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ആകെ 1.25 ശതമാനത്തിന്റെ (125 ബേസിസ് പോയിന്റ്) കുറവാണ് റിപ്പോ നിരക്കില്‍ വരുത്തിയത്. സമ്പദ്വ്യവസ്ഥയ്ക്ക് കരുത്തുപകരാന്‍ ലക്ഷ്യമിട്ടായിരുന്നു ഈ നീക്കം.

വായ്പാ നിരക്കുകള്‍ ഒറ്റനോട്ടത്തില്‍ (ജനുവരി 30 പ്രകാരം)

പൊതുമേഖലാ ബാങ്കുകളിലാണ് പലിശ നിരക്ക് ഏറ്റവും കുറവ്. സ്വകാര്യ ബാങ്കുകള്‍ അല്പം ഉയര്‍ന്ന നിരക്കാണ് ഈടാക്കുന്നത്.

പൊതുമേഖലാ ബാങ്കുകളില്‍ കാനറ ബാങ്കും യൂണിയന്‍ ബാങ്കുമാണ് ഏറ്റവും കുറഞ്ഞ പലിശ നിരക്കായ 7.15% വാഗ്ദാനം ചെയ്യുന്നത്.

ബാങ്ക് ഓഫ് ബറോഡയില്‍ നിലവില്‍ 7.20% ആണ് പലിശ നിരക്ക്.

രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ എസ്.ബി.ഐ 7.25% പലിശ ഈടാക്കുമ്പോള്‍, പഞ്ചാബ് നാഷണല്‍ ബാങ്കില്‍ ഇത് 7.30% ആണ്.

സ്വകാര്യ ബാങ്കുകളില്‍ ഐസിഐസിഐ ബാങ്ക് 7.45% നിരക്കിലും കൊട്ടക് മഹീന്ദ്ര ബാങ്ക് 7.70% നിരക്കിലും വായ്പ നല്‍കുന്നു.

എച്ച്ഡിഎഫ്‌സി ബാങ്കില്‍ 7.90% നിരക്കും ആക്‌സിസ് ബാങ്കില്‍ 8.00% നിരക്കുമാണ് ഈടാക്കുന്നത്.

പട്ടികയിലെ ബാങ്കുകളില്‍ ഏറ്റവും ഉയര്‍ന്ന നിരക്കുള്ളത് യെസ് ബാങ്കിനാണ് (9.00%).

പലതവണകളിലായി പലിശ കുറച്ചതോടെ ലഭിക്കുന്ന ലാഭം

50 ലക്ഷം രൂപ വായ്പ എടുത്തവര്‍ക്ക്:

പലിശ നിരക്ക് 8.50 ശതമാനത്തില്‍ നിന്ന് 7.25 ശതമാനമായി കുറഞ്ഞതോടെ, പ്രതിമാസ തിരിച്ചടവ് 43,391 രൂപയില്‍ നിന്ന് 39,518 രൂപയായി കുറഞ്ഞു. ഇതുവഴി വായ്പയെടുത്തവര്‍ക്ക് ഓരോ മാസവും 3,872 രൂപ ലാഭിക്കാന്‍ സാധിക്കും. വായ്പാ കാലാവധി കഴിയുമ്പോള്‍ പലിശ ഇനത്തില്‍ മാത്രം ആകെ 9,29,366 രൂപയുടെ വന്‍ ലാഭമാണ് ഇവര്‍ക്കുണ്ടാകുന്നത്.

75 ലക്ഷം രൂപ വായ്പ എടുത്തവര്‍ക്ക്:

75 ലക്ഷം രൂപ വായ്പയുള്ളവര്‍ക്ക് പ്രതിമാസ തിരിച്ചടവ് 65,086 രൂപയില്‍ നിന്ന് 59,278 രൂപയായി താഴ്ന്നു. ഇവര്‍ക്ക് ഓരോ മാസവും തിരിച്ചടവില്‍ 5,808 രൂപ ലാഭിക്കാം. 20 വര്‍ഷത്തെ വായ്പാ കാലാവധി പൂര്‍ത്തിയാകുമ്പോള്‍ ആകെ പലിശയില്‍ 13,94,050 രൂപയുടെ വലിയ ലാഭം ഇവര്‍ക്ക് ലഭിക്കും.

ഇനി എന്ത്?

റിപ്പോ നിരക്ക് മാറ്റമില്ലാതെ തുടരുന്നതിനാല്‍ നിലവിലുള്ള ഇഎംഐകളില്‍ മാറ്റം വരില്ല. വായ്പയെടുത്തവര്‍ക്ക് ഇത് തങ്ങളുടെ സാമ്പത്തിക പദ്ധതികള്‍ കൃത്യമായി മുന്നോട്ട് കൊണ്ടുപോകാന്‍ സഹായിക്കും. പലിശ കുറഞ്ഞ ഈ സാഹചര്യത്തില്‍ വായ്പകള്‍ പുനഃക്രമീകരിക്കാനോ കുറഞ്ഞ നിരക്കുള്ള ബാങ്കുകളിലേക്ക് മാറാനോ ഉള്ള മികച്ച സമയമാണിതെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

PREV
Read more Articles on
click me!

Recommended Stories

30 ലക്ഷം കോടി ഡോളറിന്റെ സമ്പദ്വ്യവസ്ഥ; ഇന്ത്യയില്‍ 100 റിലയന്‍സുകള്‍ കൂടി വരും: മുകേഷ് അംബാനി
ബാങ്ക് ഇടപാടുകാര്‍ക്ക് ആര്‍ബിഐയുടെ കവചം; തട്ടിപ്പിന് ഇരയായാല്‍ 25,000 രൂപ വരെ നഷ്ടപരിഹാരം