പ്രവാസിക്ക് മടങ്ങിവരവ്: സാമ്പത്തിക സുരക്ഷിതത്വത്തിന് ഒരു 'ചെക്ക്ലിസ്റ്റ്'; ശ്രദ്ധിച്ചില്ലെങ്കില്‍ നഷ്ടം വരും!

Published : Oct 05, 2025, 06:57 PM IST
NRI

Synopsis

വിദേശ ബാങ്കുകള്‍ പ്രതിമാസം 2.5% വരെ പലിശ ഈടാക്കുമ്പോള്‍ അടയ്ക്കാത്ത തുക അതിവേഗം ഇരട്ടിക്കാന്‍ സാധ്യതയുണ്ട്. ഉപയോഗിച്ചില്ലെങ്കില്‍ പോലും ക്രെഡിറ്റ് കാര്‍ഡുകള്‍ക്ക് വാര്‍ഷിക ഫീസ് ഉണ്ടാവാം.

വിദേശരാജ്യങ്ങളിലെ വിസ നിയമങ്ങളിലെ അനിശ്ചിതത്വവും ജീവിതച്ചെലവിലെ വര്‍ധനയും കാരണം രാജ്യത്തേക്ക് മടങ്ങിയെത്തുന്ന പ്രവാസികള്‍ ശ്രദ്ധിക്കേണ്ട സുപ്രധാനമായ ചില കാര്യങ്ങളുണ്ട്. മടങ്ങിവരവ് സുഗമമാക്കാന്‍ തൊഴില്‍ സുരക്ഷിതത്വം, ക്രെഡിറ്റ് കാര്‍ഡ് കടങ്ങള്‍ തീര്‍ക്കല്‍, ബാങ്ക് അക്കൗണ്ടുകള്‍ കൈകാര്യം ചെയ്യല്‍, ആരോഗ്യ ഇന്‍ഷുറന്‍സ്, എന്നിവയില്‍ വ്യക്തമായ ആസൂത്രണം അത്യാവശ്യമാണ്.

തൊഴില്‍ ഉറപ്പാക്കണം, വൈകിയാല്‍ നഷ്ടം

ഇന്ത്യയിലേക്ക് മടങ്ങിയെത്തുന്നതിന് മുന്‍പ് തന്നെ തൊഴില്‍ ഉറപ്പാക്കുക എന്നതിനാണ് പ്രഥമ പരിഗണന നല്‍കേണ്ടത്. സോഷ്യല്‍ മീഡിയ നെറ്റ്വര്‍ക്കുകള്‍ ഉപയോഗിച്ചും, ജോലിക്കെടുക്കാന്‍ സാധ്യതയുള്ള സ്ഥാപനങ്ങളുമായി ബന്ധപ്പെട്ടും, ഇതിനുള്ള ശ്രമങ്ങള്‍ നടത്തണം. കുടുംബത്തില്‍ ഒരാള്‍ക്കെങ്കിലും ജോലി ഉറപ്പാക്കിയ ശേഷം മടങ്ങിയെത്തുന്നത് സാമ്പത്തിക ഭദ്രത ഉറപ്പാക്കാന്‍ അത്യന്താപേക്ഷിതമാണ്.

ക്രെഡിറ്റ് കാര്‍ഡ് കടങ്ങള്‍ തീര്‍ക്കണം

മടങ്ങിയെത്തുന്നതിന് മുന്‍പ് വിദേശത്തുള്ള എല്ലാ ക്രെഡിറ്റ് കാര്‍ഡ് കടങ്ങളും തീര്‍ത്ത് ഉപയോഗിക്കാത്ത അക്കൗണ്ടുകള്‍ അവസാനിപ്പിക്കണം. വിദേശ ബാങ്കുകള്‍ പ്രതിമാസം 2.5% വരെ പലിശ ഈടാക്കുമ്പോള്‍ അടയ്ക്കാത്ത തുക അതിവേഗം ഇരട്ടിക്കാന്‍ സാധ്യതയുണ്ട്. ഉപയോഗിച്ചില്ലെങ്കില്‍ പോലും ക്രെഡിറ്റ് കാര്‍ഡുകള്‍ക്ക് വാര്‍ഷിക ഫീസ് ഉണ്ടാവാം. ഇത് ഒഴിവാക്കാന്‍ അക്കൗണ്ടുകള്‍ കൃത്യമായി കൈകാര്യം ചെയ്യണം. വിദേശ ബാങ്കുകള്‍ ഇന്ത്യയിലെ ഏജന്റുമാര്‍ വഴി നിയമപരമായി കടം തിരിച്ചുപിടിക്കാന്‍ സാധ്യതയുണ്ട്. കടം തിരിച്ചടയ്ക്കാത്തവര്‍ക്ക് ഭാവിയില്‍ ആ രാജ്യങ്ങളിലേക്കുള്ള യാത്രാവിലക്ക് ഉള്‍പ്പെടെ നേരിടേണ്ടി വന്നേക്കാം. പൂര്‍ണമായി തുക തിരിച്ചടയ്ക്കാന്‍ കഴിയുന്നില്ലെങ്കില്‍ ബാങ്കുമായി സംസാരിച്ച് തുക ഒത്തുതീര്‍പ്പാക്കാന്‍ ശ്രമിക്കാവുന്നതാണ്. ഒത്തുതീര്‍പ്പ് നടന്നാല്‍ ബാങ്കില്‍ നിന്ന് അത് സംബന്ധിച്ച ഒരു ക്ലോഷര്‍ റിപ്പോര്‍ട്ട് വാങ്ങാന്‍ മറക്കരുത്.

വിദേശത്തെ ഭവന വായ്പ: കൈകാര്യം ചെയ്യേണ്ട വഴികള്‍

ദീര്‍ഘകാല ഭവന വായ്പകള്‍ പോലുള്ള സാമ്പത്തിക ബാധ്യതകള്‍ പരിഹരിക്കാനുള്ള നടപടികളെടുക്കണം. വാടക വരുമാനം കൊണ്ട് ഭവന വായ്പ അടയ്ക്കാന്‍ കഴിയുമെങ്കില്‍, ആ വീട് വാടകയ്ക്ക് നല്‍കുന്നത് ഒരു നല്ല മാര്‍ഗമാണ്..

ബാങ്ക് അക്കൗണ്ടുകള്‍: ടാക്സ് നിയമങ്ങള്‍ ശ്രദ്ധിക്കണം

ഇന്ത്യയിലേക്ക് മടങ്ങുന്നവരും ഒന്നുമുതല്‍ മൂന്ന് വര്‍ഷം വരെ ഇവിടെ താമസിക്കാന്‍ ഉദ്ദേശിക്കുന്നവരും ഇന്ത്യന്‍ നികുതി നിയമങ്ങള്‍ പാലിക്കുന്നതിന് ബാങ്ക് അക്കൗണ്ടുകള്‍ ജാഗ്രതയോടെ കൈകാര്യം ചെയ്യണം.

എന്‍ആര്‍ഇ അക്കൗണ്ടുകള്‍

നോണ്‍-റെസിഡന്റ് എക്‌സ്റ്റേണല്‍ സേവിങ്സ് അക്കൗണ്ട് തുറക്കുന്നത് പ്രവാസികള്‍ക്ക് ഗുണകരമാണ്.

ഇതില്‍ വിദേശ കറന്‍സിയില്‍ നിക്ഷേപിക്കുന്ന പണം, നിബന്ധനകളില്ലാതെ ഇന്ത്യയിലേക്ക് കൊണ്ടുവരാം.

ഈ അക്കൗണ്ടിലെ പലിശയ്ക്ക് ആദായനികുതിയില്‍ നിന്ന് ഇളവ് ലഭിക്കും.

വെല്‍ത്ത് ടാക്സില്‍ നിന്നും അക്കൗണ്ട് ബാലന്‍സുകളെ ഒഴിവാക്കിയിട്ടുണ്ട്.

അക്കൗണ്ട് മാറ്റണം

ഇന്ത്യയില്‍ തിരിച്ചെത്തിയാല്‍, ഏതാനും മാസങ്ങള്‍ക്കുള്ളില്‍ നിലവിലുള്ള FCNR/NRE അക്കൗണ്ടുകള്‍ റസിഡന്റ് ഫോറിന്‍ കറന്‍സി അക്കൗണ്ടുകളിലേക്കോ അല്ലെങ്കില്‍ താമസക്കാര്‍ക്ക് അനുയോജ്യമായ മറ്റ് അക്കൗണ്ടുകളിലേക്കോ മാറ്റണം. ഇത് ഫോറിന്‍ എക്‌സ്‌ചേഞ്ച് മാനേജ്മെന്റ് ആക്ട് നിയമങ്ങള്‍ പാലിക്കാനും, ഡെബിറ്റ്-ക്രെഡിറ്റ് ഇടപാടുകളുമായി ബന്ധപ്പെട്ട നിയമലംഘനങ്ങള്‍ ഒഴിവാക്കാനും അത്യാവശ്യമാണ്.

ആരോഗ്യ ഇന്‍ഷുറന്‍സ്: കാലതാമസം വരുത്തരുത്

ആവശ്യമുള്ള സമയത്ത് ഇന്‍ഷുര്‍ ചെയ്യാത്ത അവസ്ഥ ഒഴിവാക്കാന്‍, സമഗ്രമായ ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസി തിരഞ്ഞെടുക്കുന്നതില്‍ കാലതാമസം വരുത്തരുത്

പുതിയ വീട് വാങ്ങുന്നതിന് മുന്‍പ് വാടകയ്ക്ക് താമസിക്കുക

മടങ്ങിവരുന്ന പ്രവാസികളോട് സാമ്പത്തിക ഉപദേഷ്ടാക്കള്‍ ശുപാര്‍ശ ചെയ്യുന്നത്, ഉടന്‍ തന്നെ പുതിയ വീട് വാങ്ങാതെ ആറ് മുതല്‍ ഒമ്പത് മാസം വരെ വാടകയ്ക്ക് താമസിക്കാന്‍ ശ്രമിക്കുക എന്നതാണ്. സ്ഥിര വരുമാനം ഉറപ്പാക്കിയ ശേഷം വീടു വാങ്ങുന്നതായിരിക്കും ഉചിതം. വാടകയ്ക്ക് താമസിക്കുന്നത്, സ്ഥിരമായി ഇന്ത്യയില്‍ തുടരണോ അതോ ഏതാനും വര്‍ഷങ്ങള്‍ക്കു ശേഷം തിരികെ പോകണോ എന്ന് തീരുമാനമെടുക്കാന്‍ സഹായിക്കുകയും നിക്ഷേപങ്ങളെക്കുറിച്ച് കൂടുതല്‍ പക്വതയാര്‍ന്ന തീരുമാനങ്ങള്‍ എടുക്കാന്‍ അവസരം നല്‍കുകയും ചെയ്യും.

PREV
Read more Articles on
click me!

Recommended Stories

Gold Rate Today: വീഴ്ചയക്ക് ശേഷം ഉയർന്ന് സ്വർണവില; പവന് ഇന്ന് എത്ര നൽകണം?
ടാറ്റയെ നയിച്ച പെൺകരുത്ത്; ടാറ്റ ട്രസ്റ്റ് ചെയർമാൻ്റെ അമ്മ സൈമൺ ടാറ്റ അന്തരിച്ചു