
രൂപയുടെ വിനിമയ നിരക്ക് കൈകാര്യം ചെയ്യുന്ന രീതിയില്‍ നിര്‍ണായകമായ മാറ്റം വരുത്തി അന്താരാഷ്ട്ര നാണയ നിധി . രൂപയുടെ നിലവിലെ വിനിമയ സംവിധാനം ഇനി 'സ്ഥിരതയുള്ളത്' എന്ന വിഭാഗത്തില്‍ നിന്ന് 'ക്രമേണ മാറുന്നത്' എന്ന പുതിയ ലേബലിലേക്ക് മാറ്റിയതായി ഐഎംഎഫ് പ്രഖ്യാപിച്ചു. രൂപയുടെ വിനിമയ നിരക്കിലെ ചാഞ്ചാട്ടം വര്‍ധിച്ചതിനെ തുടര്‍ന്നാണ് ഈ മാറ്റം. വിപണിയില്‍ ഡോളറിനെതിരെ രൂപ കൂടുതല്‍ സ്വതന്ത്രമായി ചലിക്കുന്നുണ്ട് എന്നതിന്റെ സൂചനയാണിത്.
ഒരു കറന്‍സി ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഒരു പ്രത്യേക ട്രെന്‍ഡ് ലൈനിലൂടെ പതുക്കെ നീങ്ങുന്നു.
ഇടപാടുകാരായ രാജ്യങ്ങളിലെ പണപ്പെരുപ്പ നിരക്കിലെ വ്യത്യാസങ്ങള്‍ക്കനുസരിച്ച് ചെറിയ, സ്ഥിരമായ മാറ്റങ്ങള്‍ വരുത്തുന്നു.
കഴിഞ്ഞ ആറ് മാസമായി കറന്‍സി വിനിമയ നിരക്ക് 2% എന്ന പരിധിയില്‍ ഒതുങ്ങിനില്‍ക്കുന്നു.
മുമ്പ് 'സ്ഥിരതയുള്ളത്' എന്നായിരുന്നു രൂപയെ ഐഎംഎഫ് വിശേഷിപ്പിച്ചിരുന്നത്. അതായത്, രൂപയുടെ വിനിമയ നിരക്ക് ഒരു പ്രത്യേക പരിധിക്കുള്ളില്‍ നിലനിര്‍ത്താന്‍ ആര്‍ബിഐ നിരന്തരം ഇടപെടുന്നു എന്നായിരുന്നു അതിന്റെ അര്‍ത്ഥം. എന്നാല്‍, ഇപ്പോഴത്തെ മാറ്റം സൂചിപ്പിക്കുന്നത്, ആര്‍ബിഐയുടെ ഇടപെടല്‍ കുറഞ്ഞതിനാല്‍ രൂപയ്ക്ക് കൂടുതല്‍ 'ചലന സ്വാതന്ത്ര്യം' ലഭിച്ചിട്ടുണ്ട് എന്നാണ്.
ഒരു വര്‍ഷത്തിനിടെ രൂപയുടെ മൂല്യത്തിലെ ചാഞ്ചാട്ടം 5% കടന്നു. ഇതിന്റെ പ്രധാന കാരണം, വിപണിയിലെ ആര്‍ബിഐയുടെ ഇടപെടല്‍ കുറച്ചതാണ്. എന്നാല്‍, കഴിഞ്ഞ ആഴ്ച രൂപയുടെ മൂല്യം റെക്കോര്‍ഡ് താഴ്ചയായ 89.49-ല്‍ എത്തിയപ്പോള്‍ ആര്‍ബിഐ കരുതല്‍ ധനശേഖരത്തില്‍ നിന്ന് ഡോളര്‍ വിറ്റ് വിപണിയില്‍ ഇടപെട്ടു. ഈ വര്‍ഷം മാത്രം രൂപയുടെ മൂല്യം 4% ഇടിഞ്ഞു. യുഎസ് ഏര്‍പ്പെടുത്തിയ 50% തീരുവ മൂലം കയറ്റുമതി മേഖലയ്ക്ക് തിരിച്ചടി നേരിട്ടതാണ് ഇതിന് ഒരു കാരണം.