സമൂസയും ജിലേബിയുമെല്ലാം ഇനി സര്‍ക്കാര്‍ നിരീക്ഷണത്തില്‍: പുതിയ ആരോഗ്യ മുന്നറിയിപ്പ് ബോര്‍ഡുകള്‍ വരുന്നു!

Published : Jul 15, 2025, 11:55 AM IST
Samosa Jalebi

Synopsis

സമൂസ, ജിലേബി, ലഡ്ഡു, വട പാവ് തുടങ്ങിയ ദൈനംദിന പലഹാരങ്ങളിലെ അപകടസാധ്യതകളെക്കുറിച്ച് ഈ ബോര്‍ഡുകള്‍ ഓര്‍മ്മപ്പെടുത്തും

ജിലേബിയും സമൂസയും അടക്കമുള്ള പ്രിയപ്പെട്ട പലഹാരങ്ങള്‍ കഴിക്കുമ്പോള്‍ ഇനി ഒരു നിമിഷം ചിന്തിച്ചേക്കാം, കാരണം ഇവ വിതരണം ചെയ്യുന്ന സ്ഥലങ്ങളില്‍ ഈ പലഹാരങ്ങള്‍ ഉണ്ടാക്കുന്ന ആരോഗ്യ പ്രശ്‌നങ്ങളെക്കുറിച്ചുള്ള മുന്നറിയിപ്പ് ബോര്‍ഡ് വായിക്കേണ്ടിവരും. ഭക്ഷണത്തിലെ കൊഴുപ്പിന്റെയും പഞ്ചസാരയുടെയും അളവ് സംബന്ധിച്ച് പൊതുജനങ്ങളെ ബോധവാന്മാരാക്കാന്‍ ലക്ഷ്യമിട്ട്, ആരോഗ്യ മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിക്കാന്‍ കേന്ദ്ര ആരോഗ്യ മന്ത്രാലയം നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ്. സിഗരറ്റ് പാക്കറ്റുകളിലെ മുന്നറിയിപ്പുകള്‍ക്ക് സമാനമായ ഈ നീക്കം, രാജ്യത്തിന്റെ ആരോഗ്യ രംഗത്ത് ഒരു പുതിയ അധ്യായം കുറിക്കുകയാണ്. ജങ്ക് ഫുഡിന്റെ അപകടസാധ്യതകളെക്കുറിച്ച് പൊതുജനങ്ങളെ ബോധവാന്മാരാക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ കാന്റീനുകളിലും പൊതു ഇടങ്ങളിലും ഈ ബോര്‍ഡുകള്‍ സ്ഥാപിക്കും. സമൂസ, ജിലേബി, ലഡ്ഡു, വട പാവ് തുടങ്ങിയ ദൈനംദിന പലഹാരങ്ങളിലെ അപകടസാധ്യതകളെക്കുറിച്ച് ഈ ബോര്‍ഡുകള്‍ ഓര്‍മ്മപ്പെടുത്തും. നാഗ്പൂര്‍ എയിംസിലെ ഉദ്യോഗസ്ഥര്‍ക്ക് ഈ നിര്‍ദ്ദേശം ലഭിച്ചതായും നടപ്പാക്കിക്കൊണ്ടിരിക്കുകയാണെന്നും സ്ഥിരീകരിച്ചു. ഭക്ഷണങ്ങളുടെ ലേബലിംഗും സിഗരറ്റ് മുന്നറിയിപ്പുകള്‍ പോലെ ഗൗരവമുള്ളതാകുന്നതിന്റെ തുടക്കമാണിതെന്ന് കാര്‍ഡിയോളജിക്കല്‍ സൊസൈറ്റി ഓഫ് ഇന്ത്യ അധികൃതര്‍ പറഞ്ഞു. നിരോധനങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനുപകരം, ആദ്യ ഘട്ടമെന്ന് നിലയ്ക്ക് അപായ സൂചനകള്‍ നല്‍കാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്.

പൊണ്ണത്തടി പുതിയ വെല്ലുവിളി

രാജ്യത്തെ വര്‍ദ്ധിച്ചുവരുന്ന പൊണ്ണത്തടിയുമായി ബന്ധപ്പെട്ട് ഈ നീക്കത്തിന് ബന്ധമുണ്ട്. 2050 ആകുമ്പോഴേക്കും 44.9 കോടിയിലധികം ഇന്ത്യക്കാര്‍ അമിതഭാരമുള്ളവരോ പൊണ്ണത്തടിയുള്ളവരോ ആകുമെന്നാണ് പ്രവചനം. ഇത് യുഎസിന് ശേഷം ലോകത്ത് രണ്ടാം സ്ഥാനത്തേക്ക് ഇന്ത്യയെത്താന്‍ കാരണമാകും. നിലവില്‍ നഗരങ്ങളിലെ അഞ്ചില്‍ ഒരു വ്യക്തിക്ക് അമിതഭാരമുണ്ട്. മോശം ഭക്ഷണക്രമവും കുറഞ്ഞ ശാരീരിക പ്രവര്‍ത്തനങ്ങളും കാരണം കുട്ടികളിലെ പൊണ്ണത്തടിയും ആശങ്കാജനകമായി വര്‍ദ്ധിച്ചുവരികയാണ്. പ്രമേഹം, ഹൃദയരോഗം, രക്തസമ്മര്‍ദ്ദം തുടങ്ങിയ ജീവിതശൈലീ രോഗങ്ങള്‍ക്കെതിരായ വലിയ പോരാട്ടത്തിന്റെ ഭാഗമായാണ് ഡോക്ടര്‍മാരും പൊതുജനാരോഗ്യ വിദഗ്ധരും ഇതിനെ കാണുന്നത്.

PREV
Read more Articles on
click me!

Recommended Stories

മുത്തശ്ശി ഐസിയുവിൽ, ജോലിക്കിടെ ആശുപത്രിയിലെത്തിയ ജീവനക്കാരന്റെ ശമ്പളം വെട്ടി ബോസ്സ്; വൈറലായി റെഡ്ഡിറ്റ് പോസ്റ്റ്
റിപ്പോ നിരക്ക് കുറച്ചത് ഫിക്സഡ് ഡെപ്പോസിറ്റിടുന്നവരെ എങ്ങനെ ബാധിക്കും? പലിശ നിരക്കുകൾ പരിശോധിക്കാം