വെള്ളി വിലയില്‍ വന്‍ തകര്‍ച്ച; ഒറ്റദിവസം ഇടിഞ്ഞത് 11,000 രൂപ; വിപണിയില്‍ 'ലാഭമെടുക്കല്‍' തകൃതി

Published : Jan 10, 2026, 12:07 PM IST
Silver Jewelry

Synopsis

2025-ല്‍ റെക്കോര്‍ഡ് നേട്ടങ്ങള്‍ സ്വന്തമാക്കിയ വെള്ളി വിലയില്‍ പുതുവര്‍ഷത്തിന്റെ തുടക്കത്തില്‍ തന്നെ വലിയ ചാഞ്ചാട്ടമാണ് രേഖപ്പെടുത്തുന്നത്.

റെക്കോര്‍ഡ് കുതിപ്പിന് പിന്നാലെ വെള്ളി വിലയില്‍ വന്‍ ഇടിവ്. എം.സി.എക്സ് വിപണിയില്‍ ഒരു കിലോ വെള്ളിയുടെ വിലയില്‍ 11,000 രൂപയുടെ കുറവാണുണ്ടായത്. ആഗോള വിപണിയിലുണ്ടായ തളര്‍ച്ചയും നിക്ഷേപകര്‍ കൂട്ടത്തോടെ ലാഭം എടുത്തുമാറാന്‍ ശ്രമിച്ചതുമാണ് വില ഇടിയാന്‍ കാരണം. 2025-ല്‍ റെക്കോര്‍ഡ് നേട്ടങ്ങള്‍ സ്വന്തമാക്കിയ വെള്ളി വിലയില്‍ പുതുവര്‍ഷത്തിന്റെ തുടക്കത്തില്‍ തന്നെ വലിയ ചാഞ്ചാട്ടമാണ് രേഖപ്പെടുത്തുന്നത്.

വില കുത്തനെ താഴേക്ക്

2,59,692 രൂപ വരെ ഉയര്‍ന്ന വെള്ളി വില പിന്നീട് കുത്തനെ താഴുകയായിരുന്നു. ഒരു ഘട്ടത്തില്‍ വില 2,40,605 രൂപ എന്ന നിലയിലേക്ക് വരെ താഴ്ന്നു. ഏകദേശം 11,000 രൂപയുടെ ഇടിവാണ് രേഖപ്പെടുത്തിയത്. ആഗോള വിപണിയില്‍ സ്‌പോട്ട് സില്‍വര്‍ വില 2.7 ശതമാനം കുറഞ്ഞ് 76 ഡോളറിലെത്തി.

എന്തുകൊണ്ട് വില ഇടിഞ്ഞു?

പ്രധാനമായും രണ്ട് കാരണങ്ങളാണ് വിപണിയെ സ്വാധീനിച്ചത്:

അമേരിക്കയുടെ നീക്കം: റഷ്യന്‍ എണ്ണ ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങള്‍ക്കെതിരെ 500% വരെ നികുതി ചുമത്താനുള്ള ബില്ലിന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അനുമതി നല്‍കിയേക്കുമെന്ന വാര്‍ത്ത വിപണിയില്‍ ആശങ്ക പരത്തി. ഇത് ആഗോള വ്യാപാരത്തെ ബാധിച്ചേക്കാമെന്ന ഭയം നിക്ഷേപകരെ പിന്നോട്ട് വലിച്ചു.

ലാഭമെടുക്കല്‍: 2025-ല്‍ വെള്ളി വില 147 ശതമാനത്തോളം വര്‍ധിച്ചിരുന്നു. ഈ റാലിക്ക് ശേഷം നിക്ഷേപകര്‍ തങ്ങളുടെ ലാഭം ഉറപ്പാക്കാനായി വെള്ളി വിറ്റഴിക്കാന്‍ തുടങ്ങിയത് വില ഇടിയാന്‍ കാരണമായി.

വിപണിയില്‍ ചാഞ്ചാട്ടം തുടരാനാണ് സാധ്യതയെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.

സപ്പോര്‍ട്ട് ലെവല്‍: എം.സി.എക്സില്‍ 2,42,000 - 2,40,000 രൂപ റേഞ്ചില്‍ വെള്ളിക്ക് സപ്പോര്‍ട്ട് ലഭിച്ചേക്കാം. എന്നാല്‍ 2,35,000 രൂപയ്ക്ക് താഴെ പോയാല്‍ വില ഇനിയും 15,000 രൂപയോളം കുറയാന്‍ സാധ്യതയുണ്ടെന്ന് എസ്.എസ് വെല്‍ത്ത് സ്ട്രീറ്റ് സ്ഥാപക സുഗന്ധ സച്ച്‌ദേവ പറയുന്നു.

കുതിപ്പ് എപ്പോള്‍?

ആഗോള വിപണിയില്‍ 82 ഡോളറിന് മുകളില്‍ ക്ലോസ് ചെയ്താല്‍ മാത്രമേ ഇനി ഒരു വലിയ കുതിപ്പ് പ്രതീക്ഷിക്കേണ്ടതുള്ളൂവെന്ന് യാ വെല്‍ത്ത് ഡയറക്ടര്‍ അനുജ് ഗുപ്ത അഭിപ്രായപ്പെട്ടു.വെള്ളി ഇ.ടി.എഫുകളിലും സമ്മിശ്ര പ്രതികരണമാണ് കാണുന്നത്. എസ്.ബി.ഐ, ആക്സിസ് തുടങ്ങിയ ചില ഫണ്ടുകള്‍ നേരിയ നേട്ടം ഉണ്ടാക്കിയപ്പോള്‍ മറ്റുള്ളവയില്‍ ഉണര്‍വുണ്ടായില്ല. സ്വര്‍ണത്തേക്കാള്‍ കൂടുതല്‍ ചാഞ്ചാട്ടം വെള്ളിയില്‍ പ്രകടമാകുന്നതിനാല്‍ നിക്ഷേപകര്‍ ജാഗ്രത പാലിക്കണമെന്ന് സാമ്പത്തിക വിദഗ്ധര്‍ നിര്‍ദേശിക്കുന്നു.

PREV
Read more Articles on
click me!

Recommended Stories

ക്രിപ്റ്റോ നിക്ഷേപമുണ്ടോ? സൂക്ഷിച്ചില്ലെങ്കില്‍ പണം നഷ്ടമാകും; അരങ്ങുവാണ് തട്ടിപ്പുകാര്‍
ചൈനീസ് കമ്പനികള്‍ക്ക് 'പച്ചക്കൊടി'; സര്‍ക്കാര്‍ കരാറുകളിലെ നിയന്ത്രണം നീക്കാന്‍ കേന്ദ്ര നീക്കം