
പതിറ്റാണ്ടുകളായി ഇന്ത്യന്‍ വിപണി അടക്കിഭരിച്ചിരുന്ന ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ , നെസ്ലെ ഇന്ത്യ, ഐടിസി, ടാറ്റ കണ്‍സ്യൂമര്‍ പ്രോഡക്ട്‌സ് തുടങ്ങിയ ഭീമന്‍ ബ്രാന്‍ഡുകള്‍ക്ക് വെല്ലുവിളിയുയര്‍ത്തി പ്രാദേശിക ബ്രാന്‍ഡുകളുടെ കുതിപ്പ്. ഫാസ്റ്റ് മൂവിങ് കണ്‍സ്യൂമര്‍ ഗുഡ്സ് (FMCG) മേഖലയില്‍ ചെറുകിട കമ്പനികള്‍ പുതിയ സാധ്യതകള്‍ കണ്ടെത്തുകയാണ്. ഉപഭോക്താക്കളുടെ മാറുന്ന അഭിരുചികളും പ്രാദേശികമായ ആവശ്യകതകളും മനസ്സിലാക്കി അതിവേഗം പുതിയ ഉല്‍പ്പന്നങ്ങള്‍ വിപണിയിലെത്തിക്കുന്ന ഈ ബ്രാന്‍ഡുകള്‍, വന്‍കിട കമ്പനികള്‍ക്ക് കടുത്ത വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്. ഈ മാറ്റം വിപണിയില്‍ പുതിയൊരു മത്സരത്തിന് വഴിതുറന്നിരിക്കുകയാണ്.
ചെറുകിട ബ്രാന്‍ഡുകളുടെ ഉദയം നൂറുകണക്കിന് പ്രാദേശികവും ഡയറക്ട്-ടു-കണ്‍സ്യൂമര്‍ ബ്രാന്‍ഡുകളുമാണ് നൂഡില്‍സ്, ചായ, സൗന്ദര്യവര്‍ധക വസ്തുക്കള്‍, ലഘുഭക്ഷണങ്ങള്‍ തുടങ്ങി വിവിധ മേഖലകളില്‍ വന്‍കിട ബ്രാന്‍ഡുകളുടെ വിപണി വിഹിതം കൈയടക്കുന്നത്. ചെറുകിട ബ്രാന്‍ഡുകളുടെ വളര്‍ച്ചയുടെ പ്രധാന കാരണം ഉപഭോക്താക്കളുടെ മാറുന്ന താല്‍പര്യങ്ങളാണ്. ഇന്ത്യയെപ്പോലെ വൈവിധ്യമാര്‍ന്ന ഒരു രാജ്യത്ത്, ദേശീയ ബ്രാന്‍ഡുകള്‍ക്ക് എല്ലാ പ്രദേശങ്ങളിലെയും തനതായ ആവശ്യങ്ങള്‍ നിറവേറ്റാന്‍ പലപ്പോഴും കഴിയില്ല. എന്നാല്‍ പ്രാദേശിക ബ്രാന്‍ഡുകള്‍ക്ക് ഈ വിഷയത്തില്‍ വലിയ മുന്‍ഗണനയുണ്ട്. തദ്ദേശീയമായ താല്‍പര്യങ്ങള്‍, രുചികള്‍, എന്നിവ മനസ്സിലാക്കി ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കാന്‍ അവര്‍ക്ക് സാധിക്കുന്നു.
ഈ ചെറുകിട കമ്പനികള്‍ ലക്ഷക്കണക്കിന് ഉല്‍പ്പന്നങ്ങള്‍ വില്‍ക്കാന്‍ ശ്രമിക്കുന്നില്ല. പകരം, ഏതാനും പ്രദേശങ്ങളില്‍ മാത്രം വില്‍ക്കാനാണ് അവര്‍ ശ്രമിക്കുന്നത് . ചെറിയ പ്രവര്‍ത്തനങ്ങളും പ്രാദേശിക വിതരണ ശൃംഖലകളും കാരണം ഈ കമ്പനികളുടെ പ്രവര്‍ത്തനച്ചെലവ് കുറവാണ്. ഇത് ഗുണമേന്മ നിലനിര്‍ത്തിക്കൊണ്ടുതന്നെ ഉല്‍പ്പന്നങ്ങള്‍ കുറഞ്ഞ വിലയില്‍ വില്‍ക്കാന്‍ അവരെ സഹായിക്കുന്നു. പ്രാദേശികമായ രുചിക്കൂട്ടുകള്‍ക്ക് മുന്‍ഗണന നല്‍കിക്കൊണ്ട് ലഘുഭക്ഷണങ്ങള്‍, പാനീയങ്ങള്‍ തുടങ്ങിയവയില്‍ ഈ ബ്രാന്‍ഡുകള്‍ വലിയ വിജയം നേടി.
ബ്ലിങ്കിറ്റ്, ബിഗ്ബാസ്‌കറ്റ്, ആമസോണ്‍ പോലുള്ള ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകള്‍ വഴി ഉല്‍പ്പന്നങ്ങള്‍ ഉപഭോക്താക്കളിലേക്ക് നേരിട്ടെത്തിക്കാന്‍ ഈ ചെറുകിട കമ്പനികള്‍ക്ക് കഴിയുന്നു. പരമ്പരാഗത വിതരണ ശൃംഖലയെ ആശ്രയിക്കാതെ നേരിട്ടുള്ള വില്‍പ്പന നടത്താന്‍ ഇത് അവരെ സഹായിക്കുന്നു.
പഠനം നടത്തി വലിയ ബ്രാന്‍ഡുകള്‍
ചെറിയ ബ്രാന്‍ഡുകള്‍ സൃഷ്ടിക്കുന്ന വെല്ലുവിളികള്‍ വന്‍കിട കമ്പനികള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. അവരുമായി മത്സരിക്കുന്നതിനു പകരം സഹകരിക്കാനാണ് പലരും ശ്രമിക്കുന്നത്. ഉദാഹരണത്തിന്, നെസ്ലെ ഇന്ത്യ സ്റ്റാര്‍ട്ടപ്പുകളുമായി സഹകരിക്കുന്നതിനായി ഒരു ആക്‌സിലറേറ്റര്‍ പ്രോഗ്രാം ആരംഭിച്ചു. പ്രാദേശിക ബ്രാന്‍ഡുകളുമായി സഹകരിക്കുന്നതിലൂടെ പ്രാദേശിക വിപണിയെക്കുറിച്ചുള്ള ഉള്‍ക്കാഴ്ചകള്‍ നേടാനും പുതിയ ഉല്‍പ്പന്നങ്ങള്‍ വികസിപ്പിക്കാനും അവര്‍ ശ്രമിക്കുന്നു. മാറുന്ന ഉപഭോക്തൃ താല്‍പര്യങ്ങള്‍ക്കനുസരിച്ച് പുതിയ സാങ്കേതികവിദ്യകള്‍ സ്വീകരിക്കാനും അതിവേഗം പുതിയ ഉല്‍പ്പന്നങ്ങള്‍ വിപണിയിലെത്തിക്കാനും വന്‍കിട കമ്പനികള്‍ ശ്രമിക്കുന്നുണ്ട്.