'ഇത്രം പണം ചെലവാക്കിയോ ഞാൻ?' എന്ന് ആശ്ചര്യപ്പെടാറുണ്ടോ? എന്താണ് സ്പെൻഡിംഗ് അമ്നീഷ്യ?

Published : Feb 27, 2026, 11:38 AM IST
Spending Amnesia

Synopsis

ഡിജിറ്റൽ പേയ്മെന്റുകളുടെ കാലത്ത് ചെലവഴിച്ച തുകകൾ മറന്നുപോകുന്ന 'സ്പെൻഡിംഗ് അമ്നീഷ്യ' എന്ന പ്രവണത സാധാരണമായിക്കൊണ്ടിരിക്കുകയാണ്. ഇത് കടബാധ്യത പോലുള്ള വലിയ സാമ്പത്തിക പ്രശ്നങ്ങളിലേക്ക് നയിക്കും. ഇത് മറികടക്കാനുള്ള മാർഗങ്ങൾ നോക്കാം..

എതെങ്കിലും സാധനങ്ങൾ ഷോപ്പ് ചെയ്തതിന് ശേഷമോ പേയ്മെന്റ് നടത്തിയതിന് ശേഷമോ “ഇത്രയും ചെലവാക്കിയോ?” എന്ന് ആശ്ചര്യം തോന്നിയിട്ടുണ്ടോ? ഇതിനെയാണ് സാമ്പത്തിക വിദഗ്ധർ ‘സ്പെൻഡിംഗ് അമ്നീഷ്യ’ (Spending Amnesia) എന്ന് വിശേഷിപ്പിക്കുന്നത്. അമ്നീഷ്യ എന്നൊക്കെ കേൾക്കുമ്പോൾ ഇത് ഗുരുതര രോഗമാണല്ലോ എന്നൊന്നും കരുതണ്ട. ഇത് പേഴ്സണൽ മണി മാനേജ്മെന്റിൽ വളരെ സാധാരണയായി കാണപ്പെടുന്ന ഒരു മാനസിക പ്രവണതയാണ്. ചെലവഴിച്ച തുകകൾ ഓർമ്മയിൽ സൂക്ഷിക്കാതെ പോകുന്നതോ, ചെറിയ ചെറിയ ചെലവുകൾ കൂടിച്ചേർന്ന് വലിയ തുകയാകുന്നത് തിരിച്ചറിയാതെ പോകുന്നതോ ഒക്കെ ഇതിന്റെ ലക്ഷണങ്ങളാണ്.

ചെറിയ പെട്ടിക്കടകളിൽ വരെ ഡിജിറ്റൽ പെയ്മെന്റുകൾ ഉള്ള കാലമാണിത്. പേഴ്സെടുക്കാതെ പുറത്തു പോയാലും ഫോണുണ്ടെങ്കിൽ കാര്യം നടക്കുമെന്ന് നമുക്കറിയാം. ഡിജിറ്റൽ പെയ്മെന്റ് മാർഗങ്ങളെല്ലാം വളരെ കൺവീനിയന്റ് ആണെന്ന കാര്യത്തിൽ ഒരു സംശയവുമില്ല. ഇതോടെ നമ്മുടെ ജീവിതത്തിൽ വന്ന മാറ്റങ്ങളും ചില്ലറയല്ല. നാണയത്തിന് ഇരു വശങ്ങൾ പോലെ, ഡിജിറ്റൽ പേയ്മെന്റുകൾ വ്യാപകമായതോടെ നേരത്തപ്പെറഞ്ഞ സ്പെൻഡിംഗ് അമ്നീഷ്യയും കൂടുതൽ സാധാരണമായി എന്ന് മാത്രം.

പേഴ്സിൽ നിന്ന് പണം എടുത്തു കൊടുക്കുമ്പോൾ പണം നമ്മൾ ടച്ച് ആന്റ് ഫീൽ ചെയ്യുന്നുണ്ട്. ഇത് കൂടാതെ ഇനി ബാക്കി എത്ര ഉണ്ടെന്ന് കൃത്യമായി നമുക്ക് കാണാനുമാകും. അതു കൊണ്ട് തന്നെ കൂടുതൽ ചെലവഴിക്കേണ്ടെന്ന് പേഴ്സ് തന്നെ നമ്മളോട് ഇൻഡയറക്ട് ആയി പറയുമായിരുന്നു. എന്നാൽ യുപിഐ/കാർഡ് പേയ്മെന്റുകൾ വഴി പണം ചെലവഴിക്കുമ്പോൾ കൈയിൽ നിന്ന് പണം പോകുന്നുവെന്ന് നമുക്ക് അങ്ങനെ പ്രത്യക്ഷമായി ഫീൽ ചെയ്യുന്നില്ല. അതായത് പണം തീർന്നു പോകുന്നുവെന്ന ആ ഫീൽ നമുക്ക് ഉണ്ടാകുന്നില്ല. ഇങ്ങനെ ചെറിയ തുകയെന്ന് കരുതി പലതവണ നമ്മൾ ചെലവഴിക്കുമ്പോൾ അവസാനം അതൊരു വലിയ ക്രെഡിറ്റ് കാർഡ് ബിൽ വരെ ആകും.

ഇനി സബ്‌സ്‌ക്രിപ്ഷൻ ഫീസുകൾ ശ്രദ്ധിക്കാതിരിക്കുക, ഇമോഷണൽ ഷോപ്പിംഗ് അല്ലെങ്കിൽ സ്ട്രെസ് സ്പെൻഡിംഗ് നടത്തുക തുടങ്ങി പലതും നമ്മൾ ഓർക്കാറേയില്ല. ഇത് കൂടാതെ ഷോപ്പിംഗ് മാളുകളിൽ കാണുന്ന 99 രൂപ, 199 രൂപ, 299 രൂപ പോലുള്ള ഓഫറുകൾ നമ്മുടെ മനസിനെ കൺഫ്യൂഷനിലാക്കുകയും ചെയ്യുന്നുണ്ട്. മാസാവസാനമാണ് ഇതെല്ലാം ഈ ചെറിയ സ്പെൻഡിംഗുകൾ എല്ലാം വലിയ തുകയായത് നമ്മൾ തിരിച്ചറിയുക. ഇനി ഇതിന്റെ അപകടവശങ്ങളെക്കുറിച്ച് എടുത്തു പറയേണ്ട കാര്യമൊന്നുമില്ലല്ലോ. ക്രെഡിറ്റ് കാർഡ് കുടിശ്ശിക കൂടും, സേവിംഗ്സ് കുറയും, കടബാധ്യത വർധിക്കും, നിക്ഷേപങ്ങളിന്മേലുള്ള പണത്തിന്റെ ഒഴുക്ക് കൂടും, വലിയ സാമ്പത്തിക പ്രതിസന്ധികളിലേക്ക് വരെ നമ്മളെ തള്ളി വിടുന്ന സാഹചര്യവും ഉണ്ടായേക്കാം.

ഈ ലൂപ്പിൽ നിന്ന് രക്ഷപ്പെടാനും ചില മാർഗങ്ങളുണ്ട്. മാസബജറ്റ് തയ്യാറാക്കി വരുമാനവും ചെലവും അപ്പപ്പോൾ അല്ലെങ്കിൽ രാത്രിയോടെ തന്നെ രേഖപ്പെടുത്തുക. ഡിജിറ്റൽ പേയ്മെന്റ് ആപ്പുകൾ വഴിയുള്ള ചെലവുകൾ ട്രാക്ക് ചെയ്യാൻ സുരക്ഷിതമായ ആപ്പുകൾ ഉപയോഗിക്കുക. ദിവസേന ചെലവുകൾ നിരീക്ഷിക്കുന്നത് ഒരു കൺട്രോൾ വരുത്താൻ സഹായിക്കും. ഇനി 7 ഡേ റൂൾ പരീക്ഷിക്കാം. നിങ്ങളൊരു സാധനം വാങ്ങണമെന്ന് വിചാരിച്ചാൽ, 7 ദിവസം അതിനായി കാത്തിരിക്കുക. 7 ദിവസം കഴിഞ്ഞും അത് അത്യാവശ്യമാണെന്ന് തോന്നുന്നുണ്ടെങ്കിൽ മാത്രം അത് വാങ്ങിക്കാം. ഇത് ഇമ്പൾസ് സ്പെൻഡിംഗ് കുറക്കാൻ സഹായിക്കുന്നു. എടുത്തു വച്ചിരിക്കുന്ന ഓൺലൈൻ സബ്‌സ്‌ക്രിപ്ഷനുകൾ ചെക്ക് ചെയ്ത് ആവശ്യമില്ലാത്തവ ക്യാൻസൽ ചെയ്യുക.

ഇനിയുള്ളത് പഴയിലേക്കൊരു തിരിച്ചു പോക്കാണ്. കയ്യിൽ പേഴ്സും അതിൽ ലിക്വിഡ് മണിയും കരുതുക. കയ്യിൽ നിന്ന് കാശ് എടുത്ത് ഉപയോഗിക്കുക. ചില ചെലവുകൾക്കൊക്കെ പൈസ കയ്യിൽ നിന്ന് എടുത്ത് തന്നെ ഉപയോഗിക്കുന്നത് നിങ്ങളിൽ ഒരു നിയന്ത്രണം കൊണ്ട് വരാൻ സഹായിക്കും. പുറമേ ഒരു നഗരത്തിൽ ജോലിക്കായി താമസിക്കുന്ന ആളാണ് നിങ്ങളെങ്കിൽ ഒരു ആഴ്ച്ചത്തേക്ക് പരമാവധി ചെലവാക്കേണ്ട പണമെന്ന പേരിൽ ഒരു ഗോൾ സെറ്റ് ചെയ്ത് വച്ച് നോക്കാം. വളരെ പ്രാക്ടിക്കൽ ആയ ഒരു തുക വേണ ഇതിനായി കരുതി വയ്ക്കാൻ..

സ്പെൻഡിംഗ് അമ്നീഷ്യ ഒരു ഗുരുതര രോഗമൊന്നുമല്ല. എന്നാൽ ഇത് നിങ്ങളുടെ നിത്യജീവിതത്തിലെ സാമ്പത്തിക ആരോഗ്യത്തെ ബാധിക്കുന്ന ഒരു ശീലമാണ്. ഡിജിറ്റൽ യുഗത്തിൽ ചെലവ് കൂടുകയും, സ്പെൻഡിംഗ് എളുപ്പമാകുകയും ചെയ്തതോടെ ആത്മ നിയന്ത്രണവും അത്ര തന്നെ നിർണായകമാണ്. ചെറുതാണെങ്കിലും ഓരോ രൂപയും ഓരോ ചെലവ് തന്നെയാണ് എന്നോർക്കുക.

PREV
Read more Articles on
click me!

Recommended Stories

സഞ്ചാരികളെ ആകര്‍ഷിക്കാന്‍ രാജ്യങ്ങള്‍ മല്‍സരിക്കുമ്പോള്‍ മാറി ചിന്തിച്ച് ബാര്‍സിലോന, ടൂറിസം ടാക്‌സ് കുത്തനെ കൂട്ടി
അടിച്ച് കേറി വാ! കെഎസ്ആർടിസിക്ക് 73.50 കോടി രൂപ കൂടി അനുവദിച്ചു, രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് ആകെ നൽകിയത് 8,619 കോടി