
ശതകോടീശ്വരന്‍ ഇലോണ്‍ മസ്‌കിന്റെ സ്റ്റാര്‍ലിങ്ക് സാറ്റലൈറ്റ് കമ്മ്യൂണിക്കേഷന്‍സ്, ഇന്ത്യയില്‍ ഉപഭോക്താക്കളെ ചേര്‍ക്കുന്നത് ആധാര്‍ അധിഷ്ഠിത വെരിഫിക്കിക്കേഷനിലൂടെ. ഇതിനായി യൂണീക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യയുമായി (യു.ഐ.ഡി.എ.ഐ.) കമ്പനി സഹകരിക്കും. കേന്ദ്ര ഇലക്ട്രോണിക്‌സ് & ഐടി മന്ത്രാലയം ആണ് ഇക്കാര്യം അറിയിച്ചത്. ഇതുവഴി അതിവേഗത്തിലും കെ.വൈ.സി. മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് ഉപഭോക്താക്കളെ ചേര്‍ക്കാന്‍ സ്റ്റാര്‍ലിങ്കിന് സാധിക്കും.
സ്റ്റാര്‍ലിങ്ക് - യു.ഐ.ഡി.എ.ഐ. പങ്കാളിത്തം
ആധാര്‍ ഉപയോഗിക്കുന്നതിലൂടെ സ്റ്റാര്‍ലിങ്കിന്റെ ഉപഭോക്താക്കളെ ചേര്‍ക്കല്‍ പേപ്പര്‍രഹിതവും കെവൈസി.മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടും അതിവേഗം നടത്താമെന്ന് മന്ത്രാലയം പ്രസ്താവനയില്‍ പറയുന്നു. നിലവിലുള്ള നിയമങ്ങള്‍ അനുസരിച്ച്, ആധാര്‍ പരിശോധന ഉപഭോക്താവിന്റെ അനുമതിപ്രകാരം മാത്രമായിരിക്കും. ഒരു ആഗോള ഉപഗ്രഹ ഇന്റര്‍നെറ്റ് സേവന ദാതാവ് ആധാര്‍ ഉപയോഗിക്കുന്നത് ഇന്ത്യയുടെ ഡിജിറ്റല്‍ അടിസ്ഥാന സൗകര്യങ്ങളുടെ വ്യാപ്തിയും വിശ്വാസ്യതയും അടിവരയിടുന്നതാണ്. സുതാര്യതയും ഉത്തരവാദിത്തവും ഉറപ്പാക്കിക്കൊണ്ട് സേവനങ്ങള്‍ നല്‍കുന്നതില്‍ ആധാര്‍ എങ്ങനെ സഹായകമാകുമെന്നും ഇത് വ്യക്തമാക്കുന്നു.
ഇലോണ്‍ മസ്‌കിന്റെ സ്റ്റാര്‍ലിങ്ക് ഇന്ത്യയില്‍ ഓഗസ്റ്റ് ഒന്നിന് ഇലോണ്‍ മസ്‌കിന്റെ സ്റ്റാര്‍ലിങ്കിന് ഇന്ത്യയില്‍ ഉപഗ്രഹ അധിഷ്ഠിത ഇന്റര്‍നെറ്റ് സേവനങ്ങള്‍ ആരംഭിക്കാന്‍ അനുമതി നല്‍കിയതായി കേന്ദ്ര ടെലികോം മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ സ്ഥിരീകരിച്ചിരുന്നു. ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ടെലികമ്മ്യൂണിക്കേഷന്‍സ് (ഡി.ഒ.ടി.) സ്റ്റാര്‍ലിങ്കിന് യൂണിഫൈഡ് ലൈസന്‍സ് അനുവദിച്ചതായും അദ്ദേഹം വ്യക്തമാക്കി. ഇന്റര്‍നെറ്റ് ലഭ്യമല്ലാത്ത വിദൂര സ്ഥലങ്ങളില്‍ കണക്ടിവിറ്റി ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് സ്റ്റാര്‍ലിങ്ക് പ്രവര്‍ത്തിക്കുന്നത്. അതുകൊണ്ട് തന്നെ, അവരുടെ സേവനങ്ങള്‍ പ്രധാനമായും ഇന്റര്‍നെറ്റ് കണക്ടിവിറ്റിയെ അടിസ്ഥാനമാക്കിയുള്ളതാണ്. എന്നാല്‍, ഉപഭോക്താക്കളുടെ ആവശ്യങ്ങള്‍ക്കനുസരിച്ച് ഈ സേവനങ്ങളില്‍ മാറ്റങ്ങള്‍ വരുത്താനും പുതിയ പ്ലാനുകള്‍ അവതരിപ്പിക്കാനും സ്റ്റാര്‍ലിങ്ക് ശ്രമിക്കുന്നുണ്ട്്. കൂടാതെ, സ്റ്റാര്‍ലിങ്കിന്റെ സൈനിക ആവശ്യങ്ങള്‍ക്കായുള്ള പതിപ്പായ സ്റ്റാര്‍ഷീല്‍ഡ് എന്നൊരു സേവനവും നിലവിലുണ്ട്. ഇത് പ്രധാനമായും സര്‍ക്കാര്‍ ആവശ്യങ്ങള്‍ക്കായി രൂപകല്‍പ്പന ചെയ്തതാണ്. ടവറുകള്‍ ഇല്ലാത്ത സ്ഥലങ്ങളിലും മൊബൈല്‍ ഫോണുകളില്‍ ടെക്സ്റ്റ് മെസേജുകള്‍ അയക്കാനും സ്വീകരിക്കാനുമുള്ള സേവനങ്ങളും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്.