10,000 കോടി സമാഹരിക്കാന്‍ സ്വിഗ്ഗി; ക്വിക്ക് കൊമേഴ്സിൽ മല്‍സരം മുറുകുന്നു

Published : Nov 02, 2025, 11:32 AM IST
Swiggy Share Price

Synopsis

കമ്പനിക്ക് പെട്ടെന്നുള്ള സാമ്പത്തിക ബുദ്ധിമുട്ടുകള്‍ ഇല്ലാത്ത സാഹചര്യത്തിലും കൂടുതല്‍ പണത്തിനായി ശ്രമിക്കുന്നത്, 'ക്വിക്ക് കൊമേഴ്സ്' വിഭാഗത്തിലെ കടുത്ത മത്സരമാണ് കാണിക്കുന്നതെന്ന് വിദഗ്ധര്‍ 

ക്വിക്ക് കൊമേഴ്സ് രംഗത്തെ മത്സരം അതിശക്തമായതോടെ, എതിരാളികളായ ബ്ലിങ്കിറ്റിനും സെപ്റ്റോയ്ക്കുമെതിരെ മല്‍സരം കടുപ്പിക്കാന്‍ വന്‍ തുക സമാഹരിക്കാന്‍ ഒരുങ്ങി പ്രമുഖ ഓണ്‍ലൈന്‍ ഡെലിവറി കമ്പനിയായ സ്വിഗി. 'ക്വാളിഫൈഡ് ഇന്‍സ്റ്റിറ്റിയൂഷണല്‍ പ്ലേസ്മെന്റ്' വഴി 10,000 കോടി രൂപ വരെ സമാഹരിക്കാനാണ് സ്വിഗ്ഗി ലക്ഷ്യമിടുന്നത്. ഈ പുതിയ ഫണ്ട് സമാഹരണം പൂര്‍ത്തിയാകുന്നതോടെ സ്വിഗ്ഗിയുടെ കൈവശമുള്ള മൊത്തം കരുതല്‍ ധനം ഏകദേശം 17,000 കോടി രൂപയായി ഉയരും. കഴിഞ്ഞ വര്‍ഷം 11,327 കോടി രൂപയുടെ ഐ.പി.ഒ നടത്തിയതിനു പിന്നാലെയാണ് കമ്പനി വീണ്ടും ഇത്രയും വലിയൊരു തുക സമാഹരിക്കാന്‍ പദ്ധതിയിടുന്നത് എന്നതും ശ്രദ്ധേയമാണ്. കമ്പനിയുടെ നിലവിലെ സാമ്പത്തിക നില ഭദ്രമാണെങ്കിലും, മത്സരത്തിനായി പണം അത്യാവശ്യമാണെന്നാണ് സൂചന.

മത്സരമാണ് കാരണം, സാമ്പത്തിക പ്രതിസന്ധിയല്ല

കമ്പനിക്ക് പെട്ടെന്നുള്ള സാമ്പത്തിക ബുദ്ധിമുട്ടുകള്‍ ഇല്ലാത്ത സാഹചര്യത്തിലും കൂടുതല്‍ പണത്തിനായി ശ്രമിക്കുന്നത്, 'ക്വിക്ക് കൊമേഴ്സ്' വിഭാഗത്തിലെ കടുത്ത മത്സരമാണ് കാണിക്കുന്നതെന്ന് വിദഗ്ധര്‍ പറയുന്നു. അടുത്തിടെ എതിരാളിയായ സെപ്റ്റോ 450 മില്യണ്‍ ഡോളര്‍ സമാഹരിച്ച് തങ്ങളുടെ പണത്തിന്റെ കരുതല്‍ ഏകദേശം 8,000 കോടി രൂപയാക്കി ഉയര്‍ത്തിയിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് സ്വിഗ്ഗിയുടെ ഈ നീക്കം.

പ്രതിരോധമല്ല, നീക്കം വളര്‍ച്ചയ്ക്ക്

തങ്ങളുടെ സാമ്പത്തിക സ്ഥിതിയില്‍ പൂര്‍ണ്ണ വിശ്വാസമുണ്ടെങ്കിലും, മാറിക്കൊണ്ടിരിക്കുന്ന കടുത്ത മത്സര സാഹചര്യത്തില്‍ വളര്‍ച്ചയ്ക്ക് പിന്തുണ നല്‍കാനും തന്ത്രപരമായ നീക്കങ്ങള്‍ക്കുള്ള സ്വാതന്ത്ര്യം നിലനിര്‍ത്താനും കൂടുതല്‍ പണം ആവശ്യമാണെന്ന് സ്വിഗ്ഗി ഓഹരി ഉടമകളെ അറിയിച്ചു. കഴിഞ്ഞ പാദത്തില്‍ സ്വിഗ്ഗിയുടെ പ്രവര്‍ത്തനം മെച്ചപ്പെട്ടിട്ടുണ്ട്: വരുമാനം 5,561 കോടി രൂപയായാണ് ഉയര്‍ന്നത്. ഇത് മുന്‍ പാദത്തെ അപേക്ഷിച്ച് 12% കൂടുതലാണ്, കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 54% ആണ് വര്‍ദ്ധന.: എങ്കിലും നഷ്ടം 1,092 കോടി രൂപയായി വര്‍ദ്ധിച്ചു.

ക്വിക്ക് കൊമേഴ്സ് വിഭാഗമായ ഇന്‍സ്റ്റാമാര്‍ട്ടിന്റെ വരുമാനം 980 കോടി രൂപയായി (മുന്‍ പാദത്തെ അപേക്ഷിച്ച് 21.5% വളര്‍ച്ച, കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 100% വളര്‍ച്ച). ഈ പാദത്തില്‍ ഇന്‍സ്റ്റാമാര്‍ട്ട് 40 പുതിയ 'ഡാര്‍ക്ക് സ്റ്റോറുകള്‍' (അതിവേഗ ഡെലിവറിക്കായി മാത്രം ഒരുക്കുന്ന സംഭരണ കേന്ദ്രങ്ങള്‍) മാത്രമാണ് തുറന്നത്. എന്നാല്‍ ഇതേ സമയം എതിരാളിയായ ബ്ലിങ്കിറ്റ് 272 പുതിയ ഡാര്‍ക്ക് സ്റ്റോറുകള്‍ തുറന്നു.

PREV
Read more Articles on
click me!

Recommended Stories

ഇന്ത്യയുടെ സ്വകാര്യമേഖലാ വളര്‍ച്ച പത്ത് മാസത്തെ താഴ്ന്ന നിലയില്‍; ഉല്‍പാദനം കൂടിയിട്ടും നിയമനങ്ങള്‍ കൂടിയില്ല
അമേരിക്കയുടെ 'താരിഫ്' പ്രഹരം; ഒമാനെ കൂട്ടുപിടിച്ച് ഇന്ത്യയുടെ മറുപടി