നിലവില്‍ 5 ലക്ഷം രൂപ വരെയുള്ള ഓണ്‍ലൈന്‍ ഐഎംപിഎസ് ഇടപാടുകള്‍ സൗജന്യമായിരുന്നു. ഈ ഇളവാണ് ബാങ്ക് ഇപ്പോള്‍ പിന്‍വലിക്കുന്നത്.

എസ്ബിഐ വഴി ഓണ്‍ലൈനായി പണം അയക്കുന്നവര്‍ക്ക് ഇനി മുതല്‍ ചെറിയ തോതില്‍ സര്‍വീസ് ചാര്‍ജ് നല്‍കേണ്ടി വരും. 25,000 രൂപയ്ക്ക് മുകളിലുള്ള ഐഎംപിഎസ് ഇടപാടുകള്‍ക്കാണ് ബാങ്ക് പുതിയ നിരക്കുകള്‍ പ്രഖ്യാപിച്ചത്. 2026 ഫെബ്രുവരി 15 മുതലാണ് പുതിയ മാറ്റം പ്രാബല്യത്തില്‍ വരുന്നത്. നിലവില്‍ 5 ലക്ഷം രൂപ വരെയുള്ള ഓണ്‍ലൈന്‍ ഐഎംപിഎസ് ഇടപാടുകള്‍ സൗജന്യമായിരുന്നു. ഈ ഇളവാണ് ബാങ്ക് ഇപ്പോള്‍ പിന്‍വലിക്കുന്നത്. അതേസമയം ബാങ്ക് ശാഖകള്‍ വഴി നേരിട്ട് നടത്തുന്ന ഇടപാടുകളുടെ നിരക്കില്‍ മാറ്റമില്ല.

ഓണ്‍ലൈന്‍ ഇടപാടുകളുടെ പുതിയ നിരക്ക്:

25,000 രൂപ വരെയുള്ള ഇടപാടുകള്‍ക്ക് ഇപ്പോഴത്തെ പോലെ തന്നെ ചാര്‍ജ് നല്‍കേണ്ടതില്ല. അതിനു മുകളിലുള്ള തുകയ്ക്കാണ് താഴെ പറയുന്ന നിരക്കുകള്‍ ബാധകമാകുക:

25,000 രൂപ വരെയുള്ള ഓണ്‍ലൈന്‍ ഇടപാടുകള്‍ക്ക് സര്‍വീസ് ചാര്‍ജ് ബാധകമല്ല.

25,000 രൂപ മുതല്‍ ഒരു ലക്ഷം രൂപ വരെയുള്ള തുക കൈമാറുന്നതിന് 2 രൂപയും ജിഎസ്ടിയും സര്‍വീസ് ചാര്‍ജായി ഈടാക്കും.

ഒരു ലക്ഷം രൂപ മുതല്‍ രണ്ട് ലക്ഷം രൂപ വരെയുള്ള പണമിടപാടുകള്‍ക്ക് 6 രൂപയും ജിഎസ്ടിയുമാണ് പുതിയ നിരക്ക്.

രണ്ട് ലക്ഷം രൂപ മുതല്‍ അഞ്ച് ലക്ഷം രൂപ വരെയുള്ള തുക അയക്കാന്‍ 10 രൂപയും ജിഎസ്ടിയും സര്‍വീസ് ചാര്‍ജായി നല്‍കണം.

നേരിട്ട് ബാങ്കില്‍ പോയി പണം അയക്കുമ്പോള്‍ നിലവിലുള്ള നിരക്കുകള്‍ തന്നെ തുടരും:

1,000 രൂപ വരെ: സൗജന്യം 1,001 മുതല്‍ 1 ലക്ഷം വരെ: 4 രൂപ + ജിഎസ്ടി 1 ലക്ഷം മുതല്‍ 2 ലക്ഷം വരെ: 12 രൂപ + ജിഎസ്ടി 2 ലക്ഷം മുതല്‍ 5 ലക്ഷം വരെ: 20 രൂപ + ജിഎസ്ടി

ഐഎംപിഎസ് പണമിടപാടുകളില്‍ ശ്രദ്ധിക്കാന്‍:

1. പരിധി: ഒരു ദിവസം പരമാവധി 5 ലക്ഷം രൂപ വരെ ഐഎംപിഎസ് വഴി അയക്കാം.

2. തിരിച്ചുപിടിക്കാനാവില്ല: ഐഎംപിഎസ് വഴി പണം അയച്ചാല്‍ അത് ഉടന്‍ തന്നെ മറുഭാഗത്തെ അക്കൗണ്ടിലെത്തും. അതിനാല്‍ ഒരിക്കല്‍ പണം അയച്ചാല്‍ അത് റദ്ദാക്കാനോ തടയാനോ സാധിക്കില്ല. എന്തെങ്കിലും പരാതികളുണ്ടെങ്കില്‍ ഉടന്‍ ബാങ്ക് ശാഖയുമായോ ഹെല്‍പ്പ് ലൈന്‍ നമ്പറുമായോ ബന്ധപ്പെടണം.