
ഒരു വീട് വാങ്ങുക എന്നുള്ളത് ഭൂരിഭാഗം പേരുടെയും സ്വപ്നമാണ്. ഇതിനായി പണമില്ലെങ്കിൽ വായ്പ എടുക്കുക എന്നുള്ള ഓപ്‌ഷൻ ആണ് ബാക്കി നിൽക്കുന്നത്. എന്നാൽ ഒറ്റയ്ക്ക് വലിയ സാമ്പത്തിക ഭാരം തലയിലേറ്റാൻ കഴിയില്ലെങ്കിൽ ജോയിന്റ് ഹോം ലോൺ എടുക്കാം. സാധാരണയായി പങ്കാളി, മാതാപിതാക്കൾ അല്ലെങ്കിൽ സഹോദരൻ എന്നിവരുമായി ഒരുമിച്ച് ഭവന വായ്പ എടുക്കാൻ കഴിയും. ഇത് സാമ്പത്തിക ഭാരം കുറയ്ക്കുന്നതിനൊപ്പം നികുതി ആനുകൂല്യങ്ങളും നേടാൻ സഹായിക്കും
ഇതൊന്നും കൂടാതെ, രണ്ട് അപേക്ഷകരുള്ളതുകൊണ്ട് നിയമപരമായ ഉടമസ്ഥാവകാശവും പങ്കിടേണ്ടി വരും. ഇത് കൂടാതെ പ്രധാന നേട്ടങ്ങൾ എന്തൊക്കെയെന്ന് പരിശോധിക്കാം
വായ്പാ യോഗ്യത കൂടുതലായിരിക്കും: രണ്ട് അപേക്ഷകരുടെയും വരുമാനം ബാങ്കുകൾ പരിഗണിക്കുന്നതിനാൽ ഒരുമിച്ച് അപേക്ഷിച്ചാൽ വായ്പ ലഭിക്കാനുള്ള യോഗ്യത കൂടും. എന്നാൽ തിരിച്ചടിയുമുണ്ട്. രണ്ട് പേരുടെയും നിലവിലുള്ള കടങ്ങൾ യോഗ്യതയെ ബാധിച്ചേക്കാം, അതുകൊണ്ട് അപേക്ഷിക്കുന്നതിന് മുമ്പ് കട-വരുമാന അനുപാതം പരിശോധിക്കുക.
നികുതി ആനുകൂല്യങ്ങൾ: രണ്ട് അപേക്ഷകർ ഉള്ളതിനാൽ നികുതി ആനുകൂല്യങ്ങൾ കൂടുതലായിരിക്കും. രണ്ട് സഹ-വായ്പക്കാർക്കും വായ്പ തുകയ്ക്ക് 1.5 ലക്ഷം രൂപ വരെയും പലിശയ്ക്ക് 2 ലക്ഷം രൂപ വരെയും നികുതി കിഴിവുകൾ ക്ലെയിം ചെയ്യാൻ കഴിയും,
ലോൺ കാലാവധി: ജോയിന്റ് ലോണുകൾ എടുക്കുന്നതിനുള്ള പ്രധാന ഗുണം തിരിച്ചടവ് കാലയളവ് കൂടുതൽ ലഭിക്കുമെന്നുള്ളതാണ്. ഇത് ഇഎംഐകൾ കുറയ്ക്കും, പക്ഷേ പലിശ ചെലവ് വർദ്ധിപ്പിക്കും.
തിരിച്ചടവ് ബാധ്യത: ഒന്നിലധികം വായ്പക്കാർ ഉള്ളതിനാൽ തിരിച്ചടി ബാധ്യത പങ്കിടാം. അതിനാൽ വ്യക്തിഗത സാമ്പത്തിക ഭാരം കുറയുന്നു.
ഉടമസ്ഥാവകാശം: മിക്ക ബാങ്കുകളും ജോയിന്റ് വായ്പ നൽകുമ്പോൾ അപേക്ഷകർ സ്വത്തിന്റെ സഹ-ഉടമകളായിരിക്കണമെന്ന് ആവശ്യപ്പെടും. അതുകൊണ്ടുതന്നെ, നിയമപരമായ ഒരു കരാർ ഉണ്ടായിരിക്കുന്നത് തർക്കങ്ങൾ ഒഴിവാക്കാൻ സഹായിക്കും.