
ആധാര്‍ കാര്‍ഡിന്റെ ഫോട്ടോകോപ്പികള്‍ ശേഖരിക്കുന്ന രീതിക്ക് അന്ത്യം കുറിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കം. ഹോട്ടലുകള്‍, പരിപാടികളുടെ സംഘാടകര്‍, മറ്റ് സ്ഥാപനങ്ങള്‍ എന്നിവ ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പുകള്‍ സൂക്ഷിക്കുന്നത് തടയാനുള്ള പുതിയ നിയമം ഉടന്‍ നിലവില്‍ വരും. നിലവിലെ ആധാര്‍ നിയമപ്രകാരം തന്നെ ആധാര്‍ പകര്‍പ്പുകള്‍ കൈവശം വെക്കുന്നത് നിയമലംഘനമാണ് എന്നതിനാലാണ് ഈ കര്‍ശന നടപടി. ആധാര്‍ കാര്‍ഡ് ഉപയോഗിച്ചുള്ള പരിശോധന നടത്തുന്ന സ്ഥാപനങ്ങള്‍ ഇനി മുതല്‍ പുതിയ ഡിജിറ്റല്‍ സംവിധാനത്തില്‍ രജിസ്റ്റര്‍ ചെയ്യുകയും ഈ സാങ്കേതികവിദ്യ ഉപയോഗിച്ച് മാത്രം പരിശോധന നടത്തുകയും വേണമെന്ന് യുഐഡിഎഐ സിഇഒ ഭുവ്നേശ് കുമാര്‍ അറിയിച്ചു.
പുതിയ സംവിധാനത്തില്‍, ക്യുആര്‍ കോഡ് സ്‌കാന്‍ ചെയ്തോ അല്ലെങ്കില്‍ ഇപ്പോള്‍ വികസിപ്പിച്ചുകൊണ്ടിരിക്കുന്ന പുതിയ ആധാര്‍ മൊബൈല്‍ ആപ്ലിക്കേഷന്‍ വഴിയോ മാത്രമായിരിക്കും ആധാര്‍ വിവരങ്ങള്‍ പരിശോധിക്കാന്‍ കഴിയുക എന്ന് ഭുവ്നേശ് കുമാര്‍ പറഞ്ഞു. പുതിയ പരിശോധനാ രീതി നിലവില്‍ വരുന്നതോടെ, ഇടനിലക്കാരായ സെര്‍വറുകള്‍ വഴിയുള്ള ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാനും സാധിക്കും. ഓഫ്ലൈന്‍ പരിശോധന ആവശ്യമുള്ള സ്ഥാപനങ്ങള്‍ക്ക് എപിഐ ലഭ്യമാക്കും. ഇതുവഴി, അവര്‍ക്ക് സ്വന്തം സോഫ്റ്റ്വെയറില്‍ ഈ ആധാര്‍ പരിശോധനാ സംവിധാനം ഉള്‍ക്കൊള്ളിക്കാന്‍ കഴിയും.
ഓരോ തവണ വിവരങ്ങള്‍ പരിശോധിക്കുമ്പോഴും സെന്‍ട്രല്‍ സെര്‍വറുമായി ബന്ധിപ്പിക്കേണ്ട ആവശ്യമില്ലാത്ത 'ആപ്പ്-ടു-ആപ്പ്' പരിശോധനയ്ക്കുള്ള ഒരു പുതിയ മൊബൈല്‍ ആപ്ലിക്കേഷന്‍ പരീക്ഷണ ഘട്ടത്തിലാണ്. വിമാനത്താവളങ്ങള്‍, കടകള്‍ ഉള്‍പ്പെടെയുള്ള വിവിധ സ്ഥലങ്ങളില്‍ ഇത് ഉപയോഗിക്കാം. പേപ്പര്‍ അടിസ്ഥാനമാക്കിയുള്ള ആധാര്‍ കൈകാര്യം ചെയ്യുന്നതിലെ അപകടസാധ്യതകള്‍ ഒഴിവാക്കാനും വ്യക്തിഗത വിവരങ്ങളുടെ സുരക്ഷിതത്വം വര്‍ദ്ധിപ്പിക്കാനും പുതിയ ചട്ടക്കൂട് സഹായിക്കുമെന്ന് സിഇഒ ഉറപ്പുനല്‍കി. ഈ ആപ്പ് വഴി ഉപയോക്താക്കള്‍ക്ക് പുതുക്കിയ അഡ്രസ്സ് രേഖകള്‍ അപ്ലോഡ് ചെയ്യാനും, മൊബൈല്‍ ഫോണ്‍ ഇല്ലാത്ത കുടുംബാംഗങ്ങളെ ഉള്‍പ്പെടുത്താനും സാധിക്കും.