ഇന്‍ഷുറന്‍സിനും ഭവനവായ്പയ്ക്കും പരിഗണന ലഭിക്കുമോ? ബജറ്റില്‍ കണ്ണുനട്ട് ഇടത്തരം വരുമാനക്കാര്‍,

Published : Jan 27, 2026, 04:13 PM IST
Union Budget 2025 Winners and Losers Across Various Key Sectors

Synopsis

നിലവില്‍ ഇളവുകളില്ലാത്ത പുതിയ നികുതി വ്യവസ്ഥയാണ് 'ഡിഫോള്‍ട്ട്' സംവിധാനം. എന്നാല്‍, കുടുംബങ്ങളെ ബാധിക്കുന്ന സുപ്രധാന ചെലവുകളെക്കൂടി ഇതില്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യം ശക്തമാണ്.

 

2026-27 സാമ്പത്തിക വര്‍ഷത്തേക്കുള്ള കേന്ദ്ര ബജറ്റില്‍ പ്രതീക്ഷയോടെ നികുതിദായകര്‍. വര്‍ദ്ധിച്ചുവരുന്ന ജീവിതച്ചെലവും ചികിത്സാ ഭാരവും ഭവനവായ്പ തിരിച്ചടവും സാധാരണക്കാരന്റെ പോക്കറ്റ് ചോര്‍ത്തുന്ന സാഹചര്യത്തില്‍, പുതിയ നികുതി വ്യവസ്ഥയില്‍ കാതലായ മാറ്റങ്ങള്‍ വേണമെന്നാണ് ശമ്പളക്കാരുടെയും മുതിര്‍ന്ന പൗരന്മാരുടെയും ആവശ്യം. പുതിയ നികുതി വ്യവസ്ഥയിലേക്ക് കൂടുതല്‍ ആളുകളെ ആകര്‍ഷിക്കാന്‍ ഇന്‍ഷുറന്‍സ്, ഭവനവായ്പ തുടങ്ങിയ മേഖലകളില്‍ ഇളവുകള്‍ നല്‍കേണ്ടത് അത്യാവശ്യമാണെന്ന് സാമ്പത്തിക വിദഗ്ധരും ചൂണ്ടിക്കാട്ടുന്നു.

പുതിയ നികുതി വ്യവസ്ഥയില്‍ ഇളവുകള്‍ വരുമോ?

നിലവില്‍ ഇളവുകളില്ലാത്ത പുതിയ നികുതി വ്യവസ്ഥയാണ് 'ഡിഫോള്‍ട്ട്' സംവിധാനം. എന്നാല്‍, കുടുംബങ്ങളെ ബാധിക്കുന്ന സുപ്രധാന ചെലവുകളെക്കൂടി ഇതില്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യം ശക്തമാണ്.

ഭവനവായ്പ പലിശ, മെഡിക്കല്‍ ഇന്‍ഷുറന്‍സ് പ്രീമിയം, പെന്‍ഷന്‍ നിക്ഷേപങ്ങള്‍ എന്നിവയ്ക്ക് പുതിയ വ്യവസ്ഥയിലും ഇളവ് നല്‍കണമെന്നാണ് വിദഗ്ധരുടെ പക്ഷം. നിലവില്‍ സെക്ഷന്‍ 80ഡി പ്രകാരം ആരോഗ്യ ഇന്‍ഷുറന്‍സിനുള്ള പരിധി സ്വയം/കുടുംബം എന്നതിന് 50,000 രൂപയായും മുതിര്‍ന്ന പൗരന്മാര്‍ക്ക് ഒരു ലക്ഷം രൂപയായും ഉയര്‍ത്തുന്നത് മധ്യവര്‍ഗത്തിന് വലിയ ആശ്വാസമാകും. കൂടാതെ, 30-50 ലക്ഷം രൂപ വരെ വരുമാനമുള്ളവര്‍ക്ക് 25 ശതമാനം നികുതി സ്ലാബ് ഏര്‍പ്പെടുത്തുന്നതും പരിഗണിക്കാവുന്നതാണ്.

ചികിത്സാ ചെലവ് കുതിക്കുന്നു; പ്രതിരോധം അത്യാവശ്യം

ഏഷ്യയിലെ തന്നെ ഏറ്റവും ഉയര്‍ന്ന ചികിത്സാ പണപ്പെരുപ്പമാണ് ഇന്ത്യയിലുള്ളത് (11.5% മുതല്‍ 14% വരെ). ഇത് കണക്കിലെടുത്ത് ആരോഗ്യ മേഖലയില്‍ കൂടുതല്‍ ബജറ്റ് വിഹിതം വേണമെന്നാണ് ആവശ്യം.

പൊതുജനാരോഗ്യം: ജിഡിപിയുടെ 2.5 ശതമാനമെങ്കിലും ആരോഗ്യ മേഖലയ്ക്കായി നീക്കിവെക്കണമെന്ന ലക്ഷ്യത്തിലേക്ക് രാജ്യം എത്തേണ്ടതുണ്ടെന്ന് വിദഗ്ധര്‍ പറയുന്നു.

പ്രതിരോധ പരിശോധനകള്‍: രോഗം വന്ന ശേഷം ചികിത്സിക്കുന്നതിനേക്കാള്‍ നല്ലത് പ്രതിരോധിക്കുന്നതാണെന്നിരിക്കെ, പ്രിവന്റീവ് ഹെല്‍ത്ത് ചെക്കപ്പുകള്‍ക്കും ഒപിഡി സേവനങ്ങള്‍ക്കും സെക്ഷന്‍ 80ഡി പരിധിക്ക് പുറമെ പ്രത്യേക നികുതി ഇളവ് നല്‍കണം. ഇന്‍ഷുറന്‍സ് പ്രീമിയത്തിന്മേലുള്ള ജിഎസ്ടി ഒഴിവാക്കുന്നതും വലിയ മാറ്റമുണ്ടാക്കും.

ധനമന്ത്രി നിര്‍മല സീതാരാമന്‍ ബജറ്റ് അവതരിപ്പിക്കാന്‍ ഒരുങ്ങുമ്പോള്‍, പുതിയ നികുതി വ്യവസ്ഥയെ ജനപ്രിയമാക്കാനും ജനങ്ങള്‍ക്ക് സാമ്പത്തിക സുരക്ഷിതത്വം ഉറപ്പാക്കാനും സര്‍ക്കാര്‍ തയ്യാറാകുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.

PREV
Read more Articles on
click me!

Recommended Stories

ഈ പോക്കിതെങ്ങോട്ട് പൊന്നേ? ഇന്നും സ്വർണവിലയിൽ വൻ കുതിപ്പ്; ഒരു മാസത്തിനിടെ 20000 രൂപയുടെ വർധന
ഗ്രീന്‍ലന്‍ഡിനായി ട്രംപിന്റെ 'വാശി': യുഎസ് ഉല്‍പന്നങ്ങള്‍ക്ക് യൂറോപ്പ് കനത്ത നികുതി ചുമത്തിയേക്കും