
ഓണ്‍ലൈന്‍ ഷോപ്പിംഗില്‍ പരമ്പരാഗതമായ പണമിടപാട് രീതികളും ആധുനിക വായ്പാ ശീലങ്ങളും സമന്വയിപ്പിച്ച് ഇന്ത്യന്‍ ഉപഭോക്താക്കള്‍. നിത്യോപയോഗ സാധനങ്ങള്‍ വാങ്ങാന്‍ ഇപ്പോഴും യുപിഐ-യും പണവും ഉപയോഗിക്കുമ്പോള്‍, സ്മാര്‍ട്ട്ഫോണുകള്‍, ഫര്‍ണിച്ചറുകള്‍, ഗൃഹോപകരണങ്ങള്‍ പോലുള്ള വലിയ മൂല്യമുള്ള ഉല്‍പ്പന്നങ്ങള്‍ വാങ്ങുന്നതിന് ക്രെഡിറ്റ് കാര്‍ഡുകള്‍ ആണ് ഉപയോഗിക്കുന്നത്. കണ്‍സള്‍ട്ടിംഗ് സ്ഥാപനമായ കെര്‍ണിയും ആമസോണ്‍ പേയും ചേര്‍ന്ന് നടത്തിയ സര്‍വേയിലാണ് ഈ കാര്യങ്ങള്‍ പരാമര്‍ശിക്കുന്നത്. ഉപഭോക്താക്കളുടെ പണമിടപാട് രീതിയില്‍ വ്യക്തമായ വേര്‍തിരിവാണ് ഈ കണക്കുകള്‍ സൂചിപ്പിക്കുന്നത്. പലചരക്ക് സാധനങ്ങള്‍, വീട്ടുസാമഗ്രികള്‍ എന്നിവ വാങ്ങുമ്പോള്‍ വേഗവും ലാളിത്യവും കാരണം യുപിഐ തന്നെയാണ് പ്രിയപ്പെട്ട മാര്‍ഗ്ഗം. എന്നാല്‍, ഷോപ്പിംഗ് കൂടുകയും സാമ്പത്തിക ചെലവ് വര്‍ധിക്കുകയും ചെയ്യുമ്പോള്‍ ക്രെഡിറ്റ് കാര്‍ഡുകള്‍ രംഗപ്രവേശം ചെയ്യുന്നു.
റിവാര്‍ഡ് പോയിന്റുകളും ക്യാഷ്ബാക്ക് ഓഫറുകളുമാണ് ക്രെഡിറ്റ് കാര്‍ഡ് ഉപയോഗം വര്‍ധിപ്പിക്കുന്ന പ്രധാന ഘടകങ്ങളിലൊന്ന് . ക്രെഡിറ്റ് കാര്‍ഡുകളുടെയും ബയ് നൗ പേ ലേറ്റര്‍ (ബിഎന്‍പിഎല്‍) ഇടപാടുകളില്‍ 1000 രൂപയ്ക്ക് മുകളിലുള്ള വാങ്ങലുകള്‍ക്കാണ് കൂടുതല്‍ ഡിമാന്‍ഡ്. ഇടപാടുകളുടെ എണ്ണത്തില്‍ യുപിഐ മുന്നിലാണെങ്കിലും, മൊത്തം പണമിടപാട് മൂല്യം കൂടുതലും ക്രെഡിറ്റ് കാര്‍ഡുകള്‍ക്കും ബിഎന്‍പിഎല്ലിനുമാണ്.
നവരാത്രിയോടെ ആരംഭിച്ച നിലവിലെ ഉത്സവ സീസണില്‍ ഈ പ്രവണത കൂടുതല്‍ ദൃശ്യമാണ്. ഉപഭോക്താക്കള്‍ ഓണ്‍ലൈന്‍ വില്‍പ്പനകളും ആകര്‍ഷകമായ ഇഎംഐ ഓഫറുകളും പ്രയോജനപ്പെടുത്താന്‍ തുടങ്ങിയതോടെ ക്രെഡിറ്റ് അടിസ്ഥാനമാക്കിയുള്ള പണമിടപാടുകളില്‍ വലിയ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. ഓണ്‍ലൈന്‍ വ്യാപാര സ്ഥാപനങ്ങളുമായി ചേര്‍ന്ന് പുറത്തിറക്കുന്ന കോ-ബ്രാന്‍ഡഡ് ക്രെഡിറ്റ് കാര്‍ഡുകളുടെ വര്‍ധിച്ചുവരുന്ന സ്വീകാര്യതയും ഈ മാറ്റത്തിന് കാരണമാണ്. ഡിജിറ്റല്‍ മാര്‍ക്കറ്റ്പ്ലേസുകള്‍ക്കായി പ്രത്യേകമായി രൂപകല്‍പ്പന ചെയ്തിട്ടുള്ള ഈ കാര്‍ഡുകള്‍, പ്രത്യേക റിവാര്‍ഡുകളും ഓണ്‍ലൈന്‍ ഷോപ്പിംഗ് പ്ലാറ്റ്ഫോമുകളുമായുള്ള മികച്ച ഏകോപനവും വാഗ്ദാനം ചെയ്യുന്നു.
ഇന്ത്യയിലെ യുവ തലമുറയാണ് ഈ മാറ്റത്തിന് നേതൃത്വം നല്‍കുന്നത്. മില്ലേനിയലുകളും ജെന്‍ സി പ്രൊഫഷണലുകളും അവരുടെ ആദ്യ ജോലി നേടിയതിന് തൊട്ടുപിന്നാലെ തന്നെ ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ചു തുടങ്ങുന്നതായി റിപ്പോര്‍ട്ട് എടുത്തുപറയുന്നു. ചെലവുകള്‍ കൈകാര്യം ചെയ്യാനും റിവാര്‍ഡുകള്‍ നേടാനും മികച്ച ക്രെഡിറ്റ് പ്രൊഫൈല്‍ സ്ഥാപിക്കാനുമുള്ള ഒരു ഉപാധിയായാണ് പലരും ക്രെഡിറ്റ് കാര്‍ഡിനെ കാണുന്നത്.