പണം അത്യാവശ്യമാണോ? എഫ്ഡി 'പൊട്ടിക്കല്ലേ'; പകരം ഈ വഴി നോക്കൂ

Published : Nov 22, 2025, 11:39 PM IST
bank

Synopsis

പണം കണ്ടെത്താന്‍ മറ്റൊരു വഴിയുണ്ട്. അതാണ് 'എഫ്ഡി ഓവര്‍ഡ്രാഫ്റ്റ്' . സ്ഥിരനിക്ഷേപം പിന്‍വലിച്ച് സമ്പാദ്യം ഇല്ലാതാക്കുന്നതിനേക്കാള്‍ ലാഭകരമാണ് പലപ്പോഴും ഈ രീതി.

കയ്യിലുള്ള പണം തികയാതെ വരുമ്പോള്‍ നമ്മളില്‍ പലരും ആദ്യം ചിന്തിക്കുന്നത് ബാങ്കിലെ സ്ഥിരനിക്ഷേപം പിന്‍വലിക്കുന്നതിനെക്കുറിച്ചാണ്. എന്നാല്‍ എഫ്ഡി പൊട്ടിക്കാതെയും, പലിശ നഷ്ടപ്പെടാതെയും പണം കണ്ടെത്താന്‍ മറ്റൊരു വഴിയുണ്ട്. അതാണ് 'എഫ്ഡി ഓവര്‍ഡ്രാഫ്റ്റ്' . സ്ഥിരനിക്ഷേപം പിന്‍വലിച്ച് സമ്പാദ്യം ഇല്ലാതാക്കുന്നതിനേക്കാള്‍ ലാഭകരമാണ് പലപ്പോഴും ഈ രീതി.

എന്താണ് എഫ്ഡി ഓവര്‍ഡ്രാഫ്റ്റ്?

സ്ഥിരനിക്ഷേപം ഈടായി നല്‍കിക്കൊണ്ട് ബാങ്ക് ഒരു വായ്പാ പരിധി നിശ്ചയിച്ചു തരുന്നതാണ് ഈ സംവിധാനം. സാധാരണയായി നിക്ഷേപത്തുകയുടെ 75 മുതല്‍ 90 ശതമാനം വരെ തുക ഇത്തരത്തില്‍ ഉപയോഗിക്കാം. ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത, അനുവദിച്ച തുകയ്ക്ക് മുഴുവനായല്ല, മറിച്ച് എത്ര രൂപയാണോ പിന്‍വലിക്കുന്നത്, ആ തുകയ്ക്ക് മാത്രമേ പലിശ നല്‍കേണ്ടതുള്ളൂ എന്നതാണ്. നെറ്റ് ബാങ്കിംഗ് വഴിയോ ആപ്പുകള്‍ വഴിയോ നിമിഷങ്ങള്‍ക്കുള്ളില്‍ ഈ ഓവര്‍ഡ്രാഫ്റ്റ് സ്വന്തമാക്കാം. എഫ്ഡി ഈടായി ഉള്ളതുകൊണ്ട് സിബില്‍ സ്‌കോര്‍ പോലും പലപ്പോഴും ബാങ്കുകള്‍ നോക്കാറില്ല. കാലാവധി എത്തും മുന്‍പേ എഫ്ഡി പിന്‍വലിച്ചാല്‍ ബാങ്ക് പിഴ ഈടാക്കും. മാത്രമല്ല, ലഭിക്കേണ്ടിയിരുന്ന പലിശയും കുറയും. എന്നാല്‍ ഓവര്‍ഡ്രാഫ്റ്റ് എടുക്കുമ്പോള്‍ എഫ്ഡിക്ക് ലഭിച്ചുകൊണ്ടിരിക്കുന്ന പലിശ തുടര്‍ന്നും ലഭിക്കും.

വായ്പയായി എടുക്കുന്ന തുകയ്ക്ക്, എഫ്ഡി പലിശ നിരക്കിനേക്കാള്‍ 0.5% മുതല്‍ 2% വരെ അധികം പലിശ നല്‍കിയാല്‍ മതിയാകും. വ്യക്തിഗത വായ്പകളേക്കാളും , ക്രെഡിറ്റ് കാര്‍ഡ് പലിശയേക്കാളും വളരെ കുറഞ്ഞ നിരക്കാണിത്. ആശുപത്രി ആവശ്യങ്ങള്‍ക്കോ, വീട് പണി, കാര്‍ റിപ്പയര്‍ തുടങ്ങിയ പെട്ടെന്നുണ്ടാകുന്ന ആവശ്യങ്ങള്‍ക്കോ ഇത് അനുയോജ്യമാണ് . ദീര്‍ഘകാലത്തേക്ക് പണം ആവശ്യമുണ്ടെങ്കിലോ, എടുത്ത തുക പെട്ടെന്ന് തിരിച്ചടയ്ക്കാന്‍ കഴിയില്ലെങ്കിലോ ഓവര്‍ഡ്രാഫ്റ്റ് എടുക്കാതിരിക്കുന്നതാണ് നല്ലത്. കാരണം കാലക്രമേണ പലിശ ബാധ്യത കൂടും. ഇത്തരം സാഹചര്യങ്ങളില്‍ എഫ്ഡി പിന്‍വലിക്കുന്നതുതന്നെയാണ് ഉചിതം. ഓവര്‍ഡ്രാഫ്റ്റ് എപ്പോഴും ഒരു ഹ്രസ്വകാലത്തേക്കുള്ള പരിഹാരമായി മാത്രം കാണുക.

ഓവര്‍ഡ്രാഫ്റ്റ് എടുക്കുമ്പോള്‍ ശ്രദ്ധിക്കാന്‍

തിരിച്ചടവ്: പണം കയ്യില്‍ വരുമ്പോള്‍ തന്നെ ഓവര്‍ഡ്രാഫ്റ്റ് അക്കൗണ്ടിലേക്ക് തിരിച്ചടയ്ക്കുക. ഭാഗികമായി അടയ്ക്കാനും സാധിക്കും.

ബാലന്‍സ് പരിശോധിക്കുക: ഉപയോഗിച്ച തുകയ്ക്ക് ദിവസേനയാണ് പലിശ കണക്കാക്കുന്നത്. അതിനാല്‍ ബാധ്യത കൃത്യമായി പരിശോധിക്കണം.

പലിശ നിരക്ക്: ബാങ്ക് എഫ്ഡി പലിശയേക്കാള്‍ എത്ര ശതമാനം അധികമാണ് ഈടാക്കുന്നത് എന്ന് ചോദിച്ചു മനസ്സിലാക്കുക.

PREV
Read more Articles on
click me!

Recommended Stories

റിപ്പോ നിരക്ക് കുറച്ചത് ഫിക്സഡ് ഡെപ്പോസിറ്റിടുന്നവരെ എങ്ങനെ ബാധിക്കും? പലിശ നിരക്കുകൾ പരിശോധിക്കാം
രൂപ-റൂബിള്‍ ഇടപാട്: തടസ്സം രാഷ്ട്രീയമല്ല, കച്ചവടത്തിലെ 'കണക്കുകള്‍' മാത്രം; നിലപാട് വ്യക്തമാക്കി പുടിന്‍