
ലോകത്തിലെ ഏറ്റവും വിലകൂടിയ കാർ ഏതെന്ന് അറിയാമോ? ആഡംബര കാർ നിർമ്മാതാക്കളായ മെഴ്‌സിഡസ് ബെൻസിന്റെ (Mercedes-Benz) ക്ലാസിക് മോഡലായ 300 എസ്എൽആർ ഉഹ്‌ലെൻഹൗട്ട് കൂപ്പെ (Mercedes-Benz 300 SLR Uhlenhaut Coupé) തന്നെ. 143 മില്യൺ യുഎസ് ഡോളറിനാണ് കഴിഞ്ഞ ദിവസം ഈ വിന്റേജ് കൂപ്പെ ലേലം ചെയ്തത്. അതായത് ഏകദേശം 1,100 കോടി രൂപയ്ക്ക്.
ജർമ്മനിയിലെ സ്റ്റട്ട്ഗാർട്ടിലുള്ള മെഴ്‌സിഡസ് ബെൻസ് മ്യൂസിയത്തിൽ നടന്ന രഹസ്യ ലേലത്തിലാണ് റെക്കോർഡ് തുകയ്ക്ക് കാർ വിറ്റുപോയത്. വളരെ ചുരുക്കം ചിലർക്ക് മാത്രമാണ് ലേലത്തിൽ പങ്കെടുക്കാനുള്ള അനുവാദമുണ്ടായിരുന്നത്. ലേലത്തിന് ശേഷം മാത്രമാണ് കമ്പനി വിശദാംശങ്ങൾ പുറത്തുവിട്ടത്.
1955-ൽ നിർമ്മിച്ച ഈ വാഹനം മെഴ്‌സിഡസ്-ബെൻസ് റേസിംഗ് ഡിപ്പാർട്ട്‌മെന്റ് നിർമ്മിച്ച രണ്ട് പ്രോട്ടോടൈപ്പുകളിൽ ഒന്നാണ്. കാറിന്റെ സ്രഷ്ടാവും ചീഫ് എഞ്ചിനീയറുമായ റുഡോൾഫ് ഉഹ്‌ലെൻഹോട്ടിന്റെ പേരിലാണ് വാഹനം അറിയപ്പെടുന്നത്. 143 മില്യൺ യുഎസ് ഡോളറിന് വിറ്റുപോയതോടുകൂടി ലോകത്തിലെ ഏറ്റവും വിലകൂടിയ കാറായി ഉഹ്‌ലെൻഹൗട്ട് കൂപ്പെ മാറി
1962-ൽ നിർമ്മിച്ച ഫെരാരി 250 ജിടിഒ 2018-ൽ 48 മില്യൺ യുഎസ് ഡോളറിന് ലേലം ചെയ്തിരുന്നു. ഈ റെക്കോർഡാണ് ഉഹ്‌ലെൻഹൗട്ട് കൂപ്പെ മറികടന്നത്. ലേലത്തിൽ കാർ സ്വന്തമാക്കിയ വ്യക്തി പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കുന്നില്ലെന്ന് മെഴ്‌സിഡസ് ബെൻസ് ചെയർമാൻ ഒല കെലെനിയസ് അറിയിച്ചു. എന്നാൽ പ്രധാനപ്പെട്ട ചില അവസരങ്ങളിൽ കാർ പൊതു പ്രദർശനത്തിന് നൽകുമെന്ന് വാങ്ങിയ വ്യക്തി അറിയിച്ചിട്ടുണ്ട്. രണ്ടാമത്തെ 300 എസ്എൽആർ ഉഹ്‌ലെൻഹൗട്ട് കൂപ്പെ കമ്പനിയുടെ ഉടമസ്ഥതയിൽ തുടരുകയും സ്റ്റട്ട്ഗാർട്ടിലെ മെഴ്‌സിഡസ് ബെൻസ് മ്യൂസിയത്തിൽ പ്രദർശിപ്പിക്കുകയും ചെയ്യുമെന്ന് ഒല കെലെനിയസ് വ്യക്തമാക്കി.
Read Also : CNG price hike today: പെട്രോലൈനും ഡീസലിനും പിറകെ വെച്ച് പിടിച്ച് സിഎൻജി; 2 രൂപ വീണ്ടും വർധിച്ചു