
ശ്രീനഗര്‍: പുല്‍വാമ ഭീകരാക്രമണത്തിന്‍റെ പശ്ചാത്തലത്തില്‍ ഇന്ത്യന്‍ സേന നടപടികളുമായി മുന്നോട്ട് പോകുന്നതിനിടെ 100 കമ്പനി അര്‍ധസൈനിക വിഭാഗത്തെ അധികമായി കശ്മീരില്‍ എത്തിച്ചു. നടപടികള്‍ തുടരുന്നതിനിടെ കാശ്മീരില്‍ ക്രമസമാധാന നില തകരാന്‍ സാധ്യതയുണ്ടെന്ന് വിവരത്തെ തുടര്‍ന്നാണ് നടപടി. അടിയന്തിര സാഹചര്യം പരിഗണിച്ച് കഴിഞ്ഞ ദിവസം അര്‍ധരാത്രിയോടെയാണ് വിമാനത്തില്‍ സൈനികരെ കശ്മീരില്‍ എത്തിച്ചത്. വിഘടനവാദി നേതാവ് യാസിന്‍ മാലിക്കിനെ കഴിഞ്ഞ ദിവസം ജമ്മു കശ്മീര്‍ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
പുല്‍വാമ ആക്രമണത്തിന് പിന്നാലെ ജമ്മു കശ്മീരില്‍ ശക്തമായ നടപടികളുമായി പൊലീസും സൈന്യവും മുന്നോട്ട് പോകുന്നത്. ഇതിന്‍റെ ഭാഗമായാണ് യാസിന്‍ മാലിക്കിനെ ശ്രീനഗറിലെ വസതിയില്‍ നിന്ന് പൊലീസ് അറസ്റ്റ് ചെയ്തത്. ഇതിനു പിന്നാലെ കശ്മീരിലെ മറ്റ് വിഘടനവാദികളായ ജമാഅത്ത് ഇ ഇസ്ലാമിയുടെ തലവന്‍ അബ്ദുള്‍ ഹമീദ് ഫയാസ് അടക്കമുള്ള നിരവധി നേതാക്കളെയും കഴിഞ്ഞ ദിവസം അര്‍ധരാത്രിയോടെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
തുടര്‍ച്ചയായ അറസ്റ്റുകള്‍ പ്രതിഷേധത്തിന് വഴിയൊരുക്കുമെന്ന് കണ്ടാണ് 100 കമ്പനി അധിക സൈനികരെ അടിയന്തിരമായി എത്തിച്ചിരിക്കുന്നത്. പുല്‍വാമയിലെ ഭീകരാക്രമണത്തിന് പിന്നാലെ വിഘടനവാദി നേതാക്കള്‍ക്കുള്ള സുരക്ഷ കേന്ദ്രസര്‍ക്കാര്‍ പിന്‍വലിച്ചിരുന്നു. ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ഭരണഘടനയിലെ 35-എ എടുത്തുകളയണമെന്ന് ഹര്‍ജി സുപ്രീംകോടതി പരിഗണിക്കാനിരിക്കെയാണ് യാസിന്‍മാലിക്ക് അറസ്റ്റിലായിരിക്കുന്നത്. കലുഷിതമായ അന്തരീക്ഷം കണക്കിലെടുത്ത് ശ്രീനഗറിന്‍റെ നിയന്ത്രണം സൈന്യം ഏറ്റെടുത്തിരിക്കുകയാണിപ്പോള്‍.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam