
ദില്ലി: പ്രധാനമന്ത്രി ആയുഷ്മാൻ യോജനയുടെ ആദ്യ 24 മണിക്കൂറിൽ 1000 നിര്‍ദ്ധനര്‍ക്ക് സൗജന്യ വൈദ്യസഹായം ഉറപ്പുവരുത്താനായെന്ന് കേന്ദ്ര സര്‍ക്കാര്‍. ആദ്യ ചികിത്സ കിട്ടിയവരിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ചത്തീസ്ഗഡിലെ ആദിവാസികളും ഉൾപ്പെടുന്നു.
സാമ്പത്തികമായും സാമൂഹികമായും പിന്നോക്കം നിൽക്കുന്ന രാജ്യത്തെ 10 കോടി കുടുംബങ്ങളെ ലക്ഷ്യംവെയ്ക്കുന്ന പദ്ധതി വരുന്ന ലോക്സഭ തെരഞ്ഞെടുപ്പ് കൂടി മുന്നിൽ കണ്ടാണ് മോദി സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. ഉടൻ തെരഞ്ഞെടുപ്പ് നടക്കാൻ പോകുന്ന ചത്തീസ്ഗഡിലെ ആദിവാസി കുടുംബങ്ങൾക്കാണ് പദ്ധതിയുടെ ആദ്യ സഹായം കിട്ടിയത്.
ഒരു കുടുംബത്തിന് അഞ്ച് ലക്ഷം രൂപ വരെ ഇൻഷ്വറൻസ് പരിരക്ഷ ആയുഷ്മാൻ പദ്ധതി ഉറപ്പാക്കുന്നു. ചെറുചികിത്സകൾക്ക് അപ്പുറത്ത് ഹൃദ്രോഗങ്ങൾ, കരൾ-വൃക്ക രോഗങ്ങൾ, പ്രമേഹം, ബൈപ്പാസ് സര്‍ജറി, സ്റ്റെന്‍റ്, മുട്ടുമാറ്റിവെക്കൽ അങ്ങനെ എല്ലാ ചികിത്സക്കും ഇൻഷ്വറൻസ് ഉറപ്പാക്കാം.
1,354 ആരോഗ്യ പാക്കേജുകൾ പദ്ധതിയുടെ ഭാഗമാകിയിട്ടുണ്ട്. പദ്ധതിയിൽ ചേരാൻ പ്രത്യേക അപേക്ഷ നൽകേണ്ടതില്ല. 2011ലെ സെൻസസിന്‍റെ അടിസ്ഥാനത്തിലാകും ഗുണഭോക്താക്കളെ കണ്ടെത്തുക. ഗുണഭോക്താക്കൾക്ക് ക്യു ആര്‍ കോഡ് രേഖപ്പെടുത്തിയ കാര്‍ഡുകൾ ആരോഗ്യ മന്ത്രാലയം നേരിട്ടെത്തി നൽകും.
പട്ടികജാതി പട്ടിക വിഭാഗക്കാര്‍, 16 മുതൽ 59 വയസുവരെ പ്രായമുള്ള പുരുഷന്മാര്‍ ഇല്ലാത്ത കുടുംബങ്ങൾ, ഭൂരഹിതര്‍, സ്ഥിരവരുമാനമില്ലാത്തവര്‍ എന്നിവര്‍ക്ക് ആനുകൂല്യം കിട്ടും. ചികിത്സക്കായി ചിലവുവരുന്ന തുകയുടെ 60 ശതമാനം കേന്ദ്രവും 40 ശതമാനം സംസ്ഥാനവും വഹിക്കണം.
ഈ മാനദണ്ഡം അംഗീകരിക്കാനാകില്ലെന്നാണ് കേരളം ഉൾപ്പടെയുള്ള സംസ്ഥാനങ്ങളുടെ വാദം. ആയുഷ്മമാൻ പദ്ധതി മോദി കെയര്‍ എന്നു കൂടി അറിയപ്പെടുന്നതുകൊണ്ട് ബിജെപി ഇതര സംസ്ഥാനങ്ങൾ രാഷ്ട്രീയമായും പദ്ധതിയെ എതിര്‍ക്കുന്നു. പൂര്‍ണതോതിൽ നടപ്പാക്കിയാൽ ലോകത്തെ ഏറ്റവും വലിയ ആരോഗ്യ പദ്ധതിയാകും ഇതെന്നാണ് കേന്ദ്ര സര്‍ക്കാരിന്‍റെ അവകാശവാദം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam