
മലപ്പുറം: ഓണ്‍ലൈന്‍ വഴി സാമ്പത്തിക തട്ടിപ്പ് നടത്തിവന്ന കാമറൂണ്‍ സ്വദേശി മഞ്ചേരി പൊലീസിന്‍റെ പിടിയിലായി. മരുന്ന് ഉള്‍പ്പെടെയുള്ളവ ഹോള്‍സെയിലായി വില്‍ക്കാനുണ്ടെന്ന് കാണിച്ച് വ്യാപാരികളില്‍നിന്ന് മുന്‍കൂറായി പണം വാങ്ങിയായിരുന്നു തട്ടിപ്പ് നടത്തിയിരുന്നത്. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം മൂന്നായി.
കാമറൂണ്‍ നോര്‍ത്ത് വെസ്റ്റ് റീജ്യണ്‍ സ്വദേശിയായ മൈക്കിള്‍ ബൂന്‍വി ബോന്‍വയെയാണ് ഹൈദരാബാദില്‍നിന്ന് അറസ്റ്റ് ചെയ്തത്. നേരത്തെ പിടിയിലായവരില്‍നിന്ന് ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് മഞ്ചേരി പൊലീസ് ഹൈദരാബാദിലെത്തിയത്. പൊലീസ് എത്തിയെന്നറിഞ്ഞ് രക്ഷപ്പെടാന്‍ ശ്രമിച്ച മൈക്കിള്‍ ബൂന്‍വിയെ പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു.
മഞ്ചേരിയിലെ ഒരു മരുന്ന് കടയുടെ പേരിലായിരുന്നു ഹൈദരാബാദ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചിരുന്ന കാമറൂണ്‍ സംഘം തട്ടിപ്പ് നടത്തിയിരുന്നത്. മരുന്ന് കടയുടെ വിലാസം ഉപയോഗിച്ച് വ്യാജ വെബ്സൈറ്റ് ഉണ്ടാക്കി. മരുന്ന്, ചെമ്പുകമ്പി, A4 പേപ്പര്‍ തുടങ്ങിയവ കുറഞ്ഞ വിലക്ക് വില്‍ക്കാനുണ്ടെന്ന് വെബ്സൈറ്റില്‍ പരസ്യം ചെയ്തു.
തമിഴ്നാട്ടില്‍നിന്നും കര്‍ണ്ണാടകയില്‍നിന്നുമായി നിരവധി വ്യാപാരികളാണ് പരസ്യം കണ്ട് തട്ടിപ്പ് സംഘത്തിന് മുന്‍കൂര്‍ പണം നല്‍കിയത്. പക്ഷേ ആവശ്യപ്പെട്ട സാധനങ്ങള്‍ വ്യാപാരികള്‍ക്ക് കിട്ടിയതുമില്ല. കബളിപ്പിക്കപ്പെട്ട വ്യാപാരികള്‍ വെബ്സൈറ്റിലെ വിലാസത്തില്‍ കാണുന്ന മഞ്ചേരിയിലെ മരുന്നുകടക്കെതിരെ പരാതിപ്പെട്ടു. ഇതോടെയാണ് തട്ടിപ്പ് പുറത്തറിയുന്നത്.
വ്യാപാരികളെ വിളിച്ച ഫോണ്‍ നമ്പറും അവയുടെ ലൊക്കേഷനും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് പ്രതികളെ കുടുക്കിയത്. സംഘത്തിലെ വെര്‍ദി ടെന്‍യണ്ടയോംഗ്, ഡോഹ് ക്വെന്റിന്‍ന്വാന്‍സുവ എന്നിവര്‍ ഒരു മാസം മുന്‍പ് മഞ്ചേരി പൊലീസിന്‍റെ പിടിയിലായിരുന്നു. കൂടുതല്‍ പേര്‍ ഇനിയും പിടിയിലാകാനുണ്ട്. അഞ്ച് കോടി രൂപയുടെ തട്ടിപ്പ് ഈ സംഘം നടത്തിയെന്നാണ് പൊലീസിന്‍റെ ഇതുവരെയുള്ള കണ്ടെത്തല്‍.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam