
ചെന്നൈ: മകന്‍ ഉപേക്ഷിച്ച അമ്മയ്ക്ക് അപ്രതീക്ഷിത പിറന്നാള്‍ ആഘോഷമൊരുക്കി പൊലീസുകാര്‍. എട്ട് മാസങ്ങള്‍ക്ക് മുന്‍പാണ് നൊന്തു പെറ്റ മകന്‍ ഉപേക്ഷിച്ച പഴവന്തങ്കല്‍ സ്വദേശിനി അനുഷ്യ പൊലീസ് സ്റ്റേഷനില്‍ അഭയം തേടിയത്. ഭര്‍ത്താവിന്റെ മരണശേഷം മകന്റെ ഒപ്പമായിരുന്നു അനുഷ്യയുടെ താമസം. എന്നാല്‍ തികഞ്ഞ മദ്യപാനിയായ മകന്‍ അനുഷ്യയെ വഴിയില്‍ തള്ളുകയായിരുന്നു.
വഴിയില്‍ ഉപേക്ഷിച്ചിട്ടും മകന്റെ പേരിൽ കേസൊന്നും എടുക്കരുതെന്നും തനിക്ക് പോകാൻ ഇടമില്ലെന്നുമായിരുന്നു ഈ അമ്മയ്ക്ക് പറയാന്‍ ഉണ്ടായിരുന്നത്. അനുഷ്യയുടെ ദാരുണാവസ്ഥയിൽ മനംനൊന്ത പൊലീസുകാർ സ്റ്റേഷനിൽ തന്നെ അവർക്കൊരു ജോലി തരപ്പെടുത്തി കൊടുക്കുകയായിരുന്നു. പരിസരം വൃത്തിയാക്കുക, ഓഫീസിന് മുന്നിലെ കോളങ്ങൾ പൂരിപ്പിക്കുക, കുപ്പികളിലും മറ്റും വെള്ളം നിറച്ചുവയ്ക്കുക, ചെടികൾ നനയ്ക്കുക തുടങ്ങി ജോലികളെല്ലാം അനുഷ്യയാണ് ചെയ്യുന്നത്.
ഇവര്‍ക്ക് മൂന്നു നേരത്തേക്കുള്ള ഭക്ഷണം ഏര്‍പ്പാട് ചെയ്തിരിക്കുന്നതും പൊലീസുകാരാണ്. സ്റ്റേഷന് സമീപം നങ്ങനല്ലൂർ എന്ന സ്ഥലത്താണ് അനുഷ്യ താമസിക്കുന്നത്. ചൊവ്വാഴ്ച ഇവരുടെ പിറന്നാളാണെന്ന് മനസിലാക്കിയ പൊലീസുകാര്‍ സ്റ്റേഷനില്‍ ഇവര്‍ക്കായി അപ്രതീക്ഷിത വിരുന്നൊരുക്കുകയായിരുന്നു. സാധാരണ പോലെ രാവിലെ സ്റ്റേഷനിലെത്തിയ അനുഷ്യയെ പിറന്നാള്‍ ആശംസകളുമായാണ് പൊലീസുകാര്‍ സ്വീകരിച്ചത്.
ജീവിതത്തിൽ ഇതുവരെ പിറന്നാൾ ആഘോഷിക്കാത്ത അനുഷ്യ തന്റെ 67-ാം വയസ്സിൽ നിറകണ്ണുകളോടെയാണ് കേക്ക് മുറിച്ചത്. നൊന്ത് പെറ്റ മകനിൽനിന്നും കിട്ടാത്ത സ്നേഹം സ്വന്തം മക്കളെപോലെ കുരുതുന്ന പൊലീസുകാരില്‍ നിന്ന് കിട്ടിയതിലെ സന്തോഷം അനുഷ്യ മറച്ച് വച്ചില്ല. ഒരിക്കൽപോലും ഞാൻ എന്റെ പിറന്നാൾ ആഘോഷിച്ചിട്ടില്ല. പിറന്നാൾ ആഘോഷിക്കുന്നതിനായി പൊലീസുകാർ ഇത്രയുമധികം പ്രയാസപ്പെടുമെന്ന് വിശ്വസിക്കാൻ കഴിയുന്നില്ലെന്നും അനുഷ്യ പ്രതികരിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam