
ദില്ലി: മധ്യപ്രദേശിലെ ഇന്‍ഡോറിൽനിന്നും 50 ലക്ഷം ആളുകളെ കൊന്നൊടുക്കാന്‍ ശേഷിയുള്ള മരുന്നുകൾ പിടികൂടി. അനധികൃതമായി നടത്തി വരുന്ന ലബോറട്ടറിയില്‍ നിന്നുമാണ് മാരക ശേഷിയുള്ള ഹെറോയിൻ, ഫെന്റാനൈല്‍ എന്നീ ലഹരി മരുന്നുകൾ ഡയറക്ടറേറ്റ് ഓഫ് റെവന്യു ഇന്റലിജന്‍സ് പിടിച്ചെടുത്ത്. ഒരാഴ്ചയായി നടത്തി വരുന്ന അന്വേഷണത്തിനൊടുവിലാണ് മരുന്നുകൾ പിടികൂടിയത്. അനസ്തേഷ്യ നല്‍കുന്നതിനും വേദന സംഹാരിയായും മറ്റും ഉപയോഗിക്കുന്ന മരുന്നാണ് ഫെന്റാനൈല്‍.
ഡിഫന്‍സ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്‌മെന്റ് എസ്റ്റാബ്ലിഷ്‌മെന്റ് ലബോറട്ടറിയിലെ ശാസ്ത്രജ്ഞരുടെ സഹായത്തോടെയാണ് വൻ ലഹരിമരുന്ന് വേട്ട നടത്തിയത്. ഒമ്പത് കിലോയോളം വരുന്ന ലഹരി പദാർത്ഥങ്ങൾ ലാബിൽനിന്നും കണ്ടെടുത്തിട്ടുണ്ട്. ഇന്‍ഡോര്‍ സ്വദേശികളായ വ്യാപാരിയുടെയും പിഎച്ച്ഡിധാരിയായ മറ്റൊരു വ്യക്തിയുടേയും ഉടമസ്ഥതയിലുള്ളതാണ് ലാബ് പ്രവർത്തിക്കുന്നത്.
ഇന്ത്യയില്‍ ആദ്യമായാണ് ഇത്തരത്തില്‍ ഫെന്റാനൈല്‍ പിടികൂടുന്നത്. ഹെറോയിനേക്കാള്‍ 50 മടങ്ങും മോര്‍ഫിനേക്കാള്‍ 100 മടങ്ങും അധിക വീര്യമുള്ളതാണ് ഫെന്റാനൈല്‍. വളരെ പെട്ടെന്ന് വായുവില്‍ വ്യാപിക്കുന്നവയാണിവ. പരീക്ഷണശാലയില്‍വെച്ച് കൃത്രിമമായി നിര്‍മിക്കുന്ന ഫെന്റാനൈല്‍ ചർമ്മത്തിൽ ആഗിരണം ചെയ്യപ്പെടുകയോ ആകസ്മികമായി ശ്വസിക്കുകയോ ചെയ്താൽ തന്നെ ജീവന് ഭീഷണിയാണ്. അതായത് വെറും 2 മില്ലിഗ്രാം ഫെന്റാനൈലിന് ഒരു വ്യക്തിയെ കൊല്ലാൻ കഴിയും.
പരിശീലനം ലഭിച്ച ശാസ്ത്രജ്ഞര്‍ക്ക് മാത്രമാണ് ഈ മരുന്ന് അതീവ സുരക്ഷാ സംവിധാനങ്ങളോടെ ലബോറട്ടറിയില്‍ വെച്ച് നിര്‍മ്മിച്ചെടുക്കാന്‍ സാധിക്കൂ. സംഭവവുമായി ബന്ധപ്പെട്ട് ലാബ് നടത്തിപ്പുകാരനെയും സഹായിയായ മെക്സിക്കന്‍ സ്വദേശിയെ അറസ്റ്റ് ചെയ്തു. പിടിച്ചെടുത്ത ലഹരിമരുന്നിന് അന്താരാഷ്ട്ര വിപണിയില്‍ 110 കോടി വിലമതിക്കുന്നതാണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
2016ൽ അമേരിക്കയില്‍ മാത്രം ഫെന്റാനൈല്‍ ഉപയോഗത്തെ തുടര്‍ന്ന് 20,000 പേര്‍ മരിച്ചതായി അമേരിക്കൻ അതോറിറ്റികൾ റിപ്പോര്‍ട്ട് ചെയ്തു. അപ്പാഷെ, ചൈനാ ഗിരി, ചൈനാ ടൗണ്‍ തുടങ്ങിയ പേരുകളിൽ ലോകത്തിലെ വിവിധ രാജ്യങ്ങളിൽ ഫെന്റാനൈല്‍ ഗുളികകള്‍ സുലഭമായി ലഭിക്കും.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam