
തിരുവനന്തപുരം: വനംവകുപ്പിനെതിരെ രൂക്ഷ വിമർശനവുമായി തിരുവിതാംകൂർ ദേവസ്വം ബോർഡ്. ശബരിമലയെ തകർക്കാൻ വനംവകുപ്പ് ശ്രമിക്കുകയാണെന്ന് ദേവസ്വം ബോർഡ് പ്രസിഡന്‍റ് എ.പത്മകുമാർ കുറ്റപ്പെടുത്തി. എന്നാൽ ശബരിമലയെ സൗഹാർദപരമായാണ് കാണുന്നതെന്നും മാസ്റ്റർ പ്ലാൻ അംഗീകരിച്ച കെട്ടിടങ്ങൾക്ക് മാത്രമേ ശബരിമലയിൽ നിർമ്മാണ അനുമതി നൽകുകയുള്ളൂവെന്നും വനംമന്ത്രി കെ.രാജു പ്രതികരിച്ചു.
മണ്ഡലമാസതീർത്ഥാടനത്തിന് കേവലം ദിവസങ്ങൾ മാത്രം ശേഷിക്കെയാണ് വനം വകുപ്പും ദേവസ്വവും തമ്മിലുള്ള തർക്കം മുറുകുന്നത്. കേന്ദ്ര വനംപരിസ്ഥിതി മന്ത്രാലയത്തിലെ ഉന്നതാധികാര സമിതി സുപ്രീം കോടതിയിൽ സമർപ്പിച്ച റിപ്പോർട്ട് കൂടെ പരാമർശിച്ചാണ് ബോർഡ് പ്രസിഡന്‍റിന്‍റെ ആരോപണം. മംഗളാ ദേവി ക്ഷേത്രത്തെപോലെ ശബരിമലയെ തർക്ക പ്രദേശമാക്കാനാണ് വനം വകുപ്പിന്‍റെ ശ്രമമെന്നും എ. പത്മകുമാർ പറഞ്ഞു.
മാസ്റ്റർ പ്ലാൻ സംബന്ധിച്ച് ഉന്നാതാധികാര സമിതി പറഞ്ഞത് ശരിയാണെന്നും എന്നാൽ ആനാവശ്യ ഇടപെടലിനാണ് നീക്കമെന്നും ദേവസ്വം ബോർഡ് പ്രസിഡന്‍റ് കുറ്റപ്പെടുത്തി. എന്നാൽ വനത്തിന്‍റെ രൂപത്തിൽ തന്നെ ശബരിമലയെ നിലനിർത്താനാണ് സർക്കാർ ആഗ്രഹിക്കുതെന്നായിരുന്നു വനം മന്ത്രിയുടെ പ്രതികരണം. മാസ്റ്റർ പ്ലാൻ അംഗീകരിച്ച കെട്ടിടങ്ങൾക്ക് മാത്രമേ അനുമതി നൽകു എന്നും മന്ത്രി കെ.രാജു പറഞ്ഞു. വനംവകുപ്പും ദേവസ്വവും തമ്മിലുള്ള തർക്കം നിലക്കൽ ഇടതാവളത്തിന്‍റെ വികസനത്തെയും പമ്പാ പുനരുദ്ധാരണ പ്രവർത്തനങ്ങളെയും സാരമായി ബാധിച്ചേക്കുമെന്നും ആശങ്ക ഉയരുന്നുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam