മലപ്പുറം തിരുനാവായയിൽ സംഘടിപ്പിക്കുന്ന മഹാമാഘ മഹോത്സവത്തിൻ്റെ ഒരുക്കങ്ങൾക്ക് തിരിച്ചടി

മലപ്പുറം: മലപ്പുറം തിരുനാവായയിൽ സംഘടിപ്പിക്കുന്ന മഹാമാഘ മഹോത്സവത്തിൻ്റെ ഒരുക്കങ്ങൾക്ക് തിരിച്ചടി. കുംഭമേളയുടെ ഭാഗമായി ഭാരതപ്പുഴയ്ക്ക് കുറുകെ താത്കാലിക പാലം നിര്‍മിക്കുന്നത് റവന്യൂവകുപ്പ് തടഞ്ഞു. പുഴ കയ്യേറി പാലമുണ്ടാക്കുന്നത് നദീതീര സംരക്ഷണ നിയമത്തിൻ്റെ ലംഘനമെന്നാണ് വിശദീകരണം. ജനുവരി പതിനെട്ടുമുതൽ ഫെബ്രുവരി മൂന്ന് വരെയാണ് തിരുനാവായ മഹാമാഘ മഹോത്സവം. ഒരുക്കങ്ങൾ പുരോഗമിക്കുന്നതിനിടെയാണ് പ്രശ്നമുണ്ടായത്. പുഴയ്ക്ക് കുറുകെ ഒരു താത്കാലിക പാലം കെട്ടിയുണ്ടാക്കുന്നുണ്ട്. അത് നിയമ വിരുദ്ധമെന്ന് കാട്ടി, റവന്യൂവകുപ്പ് സ്റ്റോപ് മെമ്മോ നൽകിയിരിക്കുകയാണ്.

200 മീറ്ററലധികം നീളമുള്ള പാലം കവുങ്ങിൽ കാലുകൾ നാട്ടിയാണ് നിര്‍മിക്കുന്നത്. ഫിറ്റ്നസ് ഉൾപ്പെടെ പ്രശ്നങ്ങൾ വേറെയുമുണ്ട്. ഇതെല്ലാം കണക്കിലെടുത്താണ് സ്റ്റോപ് മെമ്മോ. എന്നാൽ, നവംബറിൽ തന്നെ കുംഭമേളയുടെ ഒരുക്കങ്ങൾ സംബന്ധിച്ച ജില്ലാ ഭരണകൂടത്തെ രേഖമൂലം അറിയിച്ചതാണെന്നും ഇപ്പോഴും തടസ്സപ്പെടുത്തുന്നത് എന്തിനാണെന്നുമാണ് സംഘാടകര്‍ ചോദിക്കുന്നത്. ജൂന അഖാഡയുടെയും മാതാ അമൃതാനന്ദമയി മഠത്തിന്‍റെയും നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. നൂറ്റാണ്ടുകൾക്കു മുൻപ് തിരുനാവായയിൽ നടന്നിരുന്ന മാഘമഖ മഹോത്സവം പൂ‍ര്‍ണാര്‍ത്ഥത്തിൽ തിരികെക്കൊണ്ടുവരാനുള്ള ശ്രമമാണ് നടത്തുന്നതെന്ന്സംഘാടകര്‍ വിശദീകരിച്ചു.