വീണ്ടും തി‌‌ളങ്ങി പ്രിയ വാര്യര്‍; ഇന്റർനെറ്റിൽ ഏറ്റവും കൂടുതൽ തിരഞ്ഞ വ്യക്തി: പട്ടിക പുറത്തുവിട്ട് ഗൂഗിൾ

By Web TeamFirst Published Dec 14, 2018, 8:12 PM IST
Highlights

ഒമർ ലുലു സംവിധാനം ചെയ്ത ചിത്രം ഒരു അഡാർ ലൗവിലെ മാണിക്ക്യ മലരായ പൂവി എന്ന ഗാനത്തിലൂടെ ലോകപ്രശസ്തയായ താരമാണ് പ്രിയ പ്രകാശ് വാര്യർ. ചിത്രത്തിലെ ഗാന രംഗത്തിൽ കണ്ണുകൾ കൊണ്ട് മായജാലം തീർത്താണ് പ്രിയ ലോക ജനത ശ്രദ്ധ പിടിച്ചുപറ്റിയത്. 

2018 ല്‍ ഇന്ത്യയിലെ ജനങ്ങള്‍ ഏറ്റവും കൂടുതല്‍ ഇന്റര്‍നെറ്റില്‍ തിരഞ്ഞ വ്യക്തികളുടെ പട്ടിക ഗൂഗിൾ പുറത്തുവിട്ടു. മലയാള ചലച്ചിത്രതാരം പ്രിയ പ്രകാശ് വാര്യരാണ് പട്ടികയിൽ ഒന്നാം സ്ഥാനത്തുളളത്. ഒമർ ലുലു സംവിധാനം ചെയ്ത ചിത്രം ഒരു അഡാർ ലൗവിലെ മാണിക്ക്യ മലരായ പൂവി എന്ന ഗാനത്തിലൂടെ ലോകപ്രശസ്തയായ താരമാണ് പ്രിയ പ്രകാശ് വാര്യർ. ചിത്രത്തിലെ ഗാന രംഗത്തിൽ കണ്ണുകൾ കൊണ്ട് മായജാലം തീർത്താണ് പ്രിയ ലോക ജനത ശ്രദ്ധ പിടിച്ചുപറ്റിയത്. 
 
അമേരിക്കൻ പോപ്പ് താരം നിക്ക് ജോനാസാണ് പട്ടികയിൽ രണ്ടാം സ്ഥാനത്ത്. ഭർത്താവായ നിക്ക് ജോനാസിനെയാണ് ആളുകൾ ഏറ്റവുമധികം തിരഞ്ഞത്. പട്ടികയിൽ പ്രിയങ്ക ചോപ്ര നാലാം സ്ഥാനത്താണുള്ളത്. നർത്തകിയും ബിഗ് ബോസ് ഹിന്ദി പതിപ്പ് മത്സരാർത്ഥിയുമായ സപ്നാ ചൗധരിയാണ് ഗൂഗിളിൽ ആളുകൾ തിരഞ്ഞ രണ്ടാമത്തെ വ്യക്തി. ഹരിയാനയിലെ ഗായികയും സ്‌റ്റേജ് പെർഫോർമറുമാണ് സപ്‌ന ചൗധരി. വ്യവസായിയും ബോളിവുഡ് താരം സോനം കപൂറിന്റെ ഭർത്താവുമായ ആനന്ദ് അഹൂജ പട്ടികയിൽ അഞ്ചാം സ്ഥാനം നേടി.  

അമേരിക്കയിൽ നിന്നെത്തി ബ്രിട്ടന്റെ രാജകുമാരിയായ മേഘൻ മാർക്കിളും ഇന്ത്യയിലെ ജനങ്ങൾ അന്വേഷിച്ചയാളാണ്. ബ്രിട്ടനിലെ ഹാരി രാജകുമാരന്റെ ഭാര്യയാണ് മേഘൻ മാർക്കിൾ. ഗായിക നേഹാ കാക്കറിന്റെ ദിൽബർ ആണ് ഗൂഗിളിൽ ആളുകൾ ഏറ്റവും കൂടുതൽ തിരഞ്ഞ ഗാനം. അർജിത് സിംഗിന്റെ തേരാ ഫിത്തൂർ രണ്ടാം സ്ഥാനത്തും ആതിഫ് അസ്ലത്തിന്റെ ദേക്തേ ദേക്തേ മൂന്നാം സ്ഥാനത്തുമാണുള്ളത്. അതേസമയം ലാറ്റിന്‍ ഗാനം ഡെസ്പസിറ്റോയും ഹിറ്റ് ലിസ്റ്റിൽ ഇടം നേടി. 

താര വിവാഹങ്ങളാണ് ഗൂഗിളിൽ ഏറ്റവും കൂടുതൽ തിരയപ്പെട്ട സംഭവങ്ങളിൽ പ്രധാനപ്പെട്ടത്. പ്രിയങ്ക-നിക്ക്, ദീപിക-രൺവീർ, സോനം-ആനന്ദ് എന്നിവയാണ് ഗൂഗിളിൽ തരംഗമായ വിവാഹങ്ങൾ. കേരളത്തെയാകെ ഭീതിയിലാക്കിയ നിപ വയറസ് ഗൂഗിളിൽ ഏറ്റവും കൂടുതൽ സെർച്ച് ചെയ്യപ്പെട്ട വിഷയമായിമായി. ഗുജറാത്തിലെ സ്റ്റാച്യു ഓഫ് യൂണിറ്റിയും പട്ടികയിലുണ്ട്. 
 
എന്താണ് കിക്കി ചലഞ്ച്? എന്താണ് 377-ാം വകുപ്പ്? എന്താണ് മീടു ക്യാമ്പയിൻ? സിറിയയിൽ എന്താണ് നടക്കുന്നത്? വാട്സ് ആപ്പിൽ സ്റ്റിക്കർ എങ്ങനെ അയക്കാം?, മൊബൈൽ നമ്പറുമായി ആധാർ എങ്ങനെ ബന്ധിപ്പിക്കാം? രംഗോളി എങ്ങനെ ഇടാം? ബിറ്റ് കോയിനിൽ എങ്ങനെ നിക്ഷേപം നടത്താം? തുടങ്ങിയ ചോദ്യങ്ങളാണ് ഗൂഗിളിൽ ഏറ്റവും കൂടുതൽ തിരഞ്ഞത്. 

ലോകകപ്പ് വർഷമായതിനാൽ തന്നെ കായിക മേഖലയിൽ നിന്ന് ഏറ്റവും കൂടുതൽ സെർച്ചുകൾ ഉണ്ടായത് റഷ്യയിൽ നടന്ന ഫുട്ബോൾ ലോകകപ്പുമായി ബന്ധപ്പെട്ടാണ്. ഇന്ത്യൻ പ്രീമിയർ ലീഗും മുന്നിൽ തന്നെയുണ്ട്. കർണാടക തെരഞ്ഞെടുപ്പ്, വിവിധ ഭാഷകളിലായി സംപ്രേഷണം ചെയ്ത ബിഗ് ബോസ് എന്നിവയും ആളുകള്‍ തിരഞ്ഞ പട്ടികയിൽ ഇടം നേടി. 

ബോളിവുഡ് സിനിമകളുടെ പട്ടികയിൽ 2.0 യാണ് ഒന്നാം സ്ഥാനത്ത്. ബാഗി 2, റേസ് 3 എന്നിവ രണ്ടും മൂന്നും സ്ഥാനങ്ങൾ നേടിയപ്പോൾ കുട്ടികളുടെ പരിപാടിയായ ‘ബാൽവിറും’,’ മോട്ടു പത്‍ലൂ’ എന്നിവയും പട്ടികയിൽ ഇടംപിടിച്ചു. അവഞ്ചേഴ്സ്: ഇൻഫിനിറ്റിവാർ, ബ്ലാക്ക് പാന്തർ, ഡെഡ് പൂൾ 2 എന്നിവയാണ് ഗൂഗിളിൽ തെരഞ്ഞ ഹോളിവുഡ് ചിത്രങ്ങൾ. 
 
കഴിഞ്ഞ വർഷത്തെ സിനിമ, വാർത്ത, കായികം, വിനോദം, രാഷ്ട്രീയം എന്നീ വിവിധ മേഖലകളിൽ ഏറ്റവും കൂടുതൽ തിരഞ്ഞ വ്യക്തികളുടെയും സംഭവങ്ങളുടെയും പട്ടിക എല്ലാ വർഷവും ഗൂഗിൽ പുറത്തുവിടാറുണ്ട്. 

click me!