'ഉപ്പോളം വരില്ല, ഉപ്പിലിട്ടത്; തുഷാറിനല്ല, മുരളീധരനാണ് സീറ്റ്, ബിഡിജെഎസ് എന്തു ചെയ്യും'

By Web DeskFirst Published Mar 12, 2018, 4:45 PM IST
Highlights
  • 'ഉപ്പോളം വരില്ല, ഉപ്പിലിട്ടത്; തുഷാറിനല്ല, മുരളീധരനാണ് സീറ്റ്, ബിഡിജെഎസ് എന്തു ചെയ്യും'

തിരുവനന്തപുരം: ഉപ്പോളം വരില്ല ഉപ്പിലിട്ടത് എന്നാണ്, വി മുരളീധരനാണ് ബിജെപി രാജ്യസഭാ സീറ്റ് നല്‍കിയതെന്ന വാര്‍ത്ത വന്നപ്പോള്‍ രാഷ്ട്രീയ നിരീക്ഷകന്‍ കൂടിയായ അഡ്വ. എ ജയശങ്കറിന്‍റെ പ്രതികരണം.  ബിഡിജെഎസ് ആത്മാര്‍ത്ഥമായി പിന്തുണച്ചാലും ചെങ്ങന്നൂരില്‍ ബിജെപി ജയിക്കാന്‍ സാധ്യതയില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ഇതുവരെ സീറ്റ് കൊടുത്തവരെല്ലാം വിരുന്നുകാരായിരുന്നെന്നും ഇപ്പോള്‍ വീട്ടുകാരനെ പരിഗണിച്ചു എന്നാണ് ജയശങ്കര്‍ ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നത്. പുതിയ രാഷ്ട്രീയ സാഹചര്യത്തില്‍ ബിഡിജെഎസ് എങ്ങോട്ടു നീങ്ങുമെന്ന സംശയവും അദ്ദേഹം പങ്കുവയ്ക്കുന്നു.

ജയശങ്കറിന്‍റെ കുറിപ്പ് ഇങ്ങനെ

ഉപ്പോളം വരില്ല, ഉപ്പിലിട്ടത് 

തുഷാർ വെള്ളാപ്പള്ളിയല്ല വി മുരളീധരനാണ് ബിജെപി രാജ്യസഭാ സീറ്റ് നൽകിയത്.

ബിഡിജെഎസ് ആത്മാർഥമായി പിന്താങ്ങിയാൽ പോലും ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിൽ ബിജെപിക്കു ജയസാദ്ധ്യത കുറവാണ്. തുഷാറിനെ രാജ്യസഭാംഗമാക്കിയാലും വലിയ വ്യത്യാസം ഉണ്ടാവില്ല.

വെളളാപ്പളളി നടേശനാണെങ്കിൽ മുഖ്യമന്ത്രിയെ പ്രശംസിച്ചു കൊണ്ടേയിരിക്കുന്നു. ചെങ്ങന്നൂരെ മൂന്ന് സ്ഥാനാർഥികളിൽ മിടുക്കൻ സഖാവ് സജി ചെറിയാനാണെന്ന് സർട്ടിഫിക്കറ്റും കൊടുത്തു.

ബിജെപിക്കു മറ്റൊരു വല്ലായ്മ കൂടി ഉണ്ടായിരുന്നു. ഇതുവരെ രാജ്യസഭാ സീറ്റ് കൊടുത്തവരൊക്കെ വിരുന്നുകാരാണ്: രാജീവ് ചന്ദ്രശേഖർ, റിച്ചാർഡ് ഹേ, സുരേഷ് ഗോപി, അൽഫോൻസ് കണ്ണന്താനം. ഇത്തവണ ഒരു വീട്ടുകാരനെ പരിഗണിച്ചു. അങ്ങനെ മുരളീധരനു നറുക്ക് വീണു.

ബിജെപിയുടെ വഞ്ചനയിൽ മനംനൊന്ത ബിഡിജെഎസ് ഇനി എന്തുചെയ്യും? എൻഡിഎയിൽ തുടരുമോ അതോ യുഡിഎഫിൽ ചേരുമോ? കേരള കോൺഗ്രസ് മാണി ഗ്രൂപ്പുമായി ചേർന്ന് സംസ്ഥാനത്ത് നാലാം ചേരി രൂപീകരിക്കുമോ? കാത്തിരുന്നു കാണാം.

click me!