നിർമ്മാണം ആരംഭിച്ച് 21വർഷം; രാജ്യത്തെ ഏറ്റവും നീളം കൂടിയ റെയില്‍-റോഡ് മേല്‍പ്പാലം ക്രിസ്തുമസ് ദിനത്തിൽ തുറക്കും

By Web TeamFirst Published Dec 23, 2018, 2:15 PM IST
Highlights

ഇന്ത്യൻ റെയിൽവേയുടെ നേതൃത്വത്തിലാണ് രണ്ട് തട്ടുകളുള്ള ബോഗിബീല്‍ നിർമ്മിച്ചിരിക്കുന്നത്. താഴത്തെ തട്ടില്‍ ഇരട്ട റെയില്‍ പാതയും മുകളില്‍ മൂന്ന് വരി റോഡുമാണുള്ളത്.

ദില്ലി: രാജ്യത്തെ ഏറ്റവും നീളം കൂടിയ റെയില്‍-റോഡ് മേല്‍പ്പാലമായ ബോഗിബീല്‍  ക്രിസ്തുമസ്  ദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്യും. അസമില്‍ ബ്രഹ്മപുത്ര നദിക്കു കുറുകെ റെയില്‍-റോഡ് പാതകള്‍ ബന്ധിപ്പിച്ചാണ് 4.94 കിലോമീറ്റർ നീളമുള്ള ഭീമൻ പാലം നിർമ്മിച്ചിരിക്കുന്നത്. മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയിയുടെ ജന്മദിനത്തോടനുബന്ധിച്ചാണ് പാലത്തിന്റെ ഉദ്ഘാടനം നടക്കുന്നത്. 21 വര്‍ഷത്തിന് ശേഷം പൂര്‍ത്തിയാക്കുന്ന പാലം ഉദ്ഘാടന ദിവസം തന്നെ ജനങ്ങൾക്കായി തുറന്ന് കൊടുക്കും.

4,857 കോടി മുതൽമുടക്കിലാണ് പാലം നിർമ്മിക്കാൻ തീരുമാനിച്ചിരുന്നതെങ്കിലും നിർമ്മാണം പൂർത്തിയാക്കാൻ 5,920 കോടി രൂപ ചെലവായി. ഇന്ത്യൻ റെയിൽവേയുടെ നേതൃത്വത്തിലാണ് രണ്ട് തട്ടുകളുള്ള ബോഗിബീല്‍ നിർമ്മിച്ചിരിക്കുന്നത്. താഴത്തെ തട്ടില്‍ ഇരട്ട റെയില്‍ പാതയും മുകളില്‍ മൂന്ന് വരി റോഡുമാണുള്ളത്. കൂടാതെ ഭാരം കൂടിയ സൈനിക ടാങ്കുകള്‍ക്ക് ഉള്‍പ്പെടെ കടന്നുപോകാനുള്ള കരുത്ത് പാലത്തിനുണ്ട്.  

'ബ്രഹ്മപുത്രയ്ക്ക് കുറുകെ ഒരു പാലം നിർമ്മിക്കുക എന്നത് ഞങ്ങളെ സംബന്ധിച്ചിടത്തോളം വലിയൊരു വെല്ലുവിളിയായിരുന്നു. മാത്രവുമല്ല ഇവിടം ഉയർന്ന തോതിൽ മഴ ലഭിക്കുന്നതും ഭൂചലന മേഖലയുമാണ്. അതുകൊണ്ട് പാലത്തിന്റെ നിർമ്മാണ വേളയിൽ കുറച്ച് കഷ്ടപ്പെടേണ്ടി വന്നു. ഇത് നമ്മുടെ രാജ്യത്തിന് ലഭിച്ച അതുല്യമായ പദ്ധതിയാണ്'- വടക്കുകിഴക്ക് ഫ്രണ്ടിയർ റെയിൽവേയുടെ സി പി ആർ ഒ ആയ  പ്രണവ് ജ്യോതി ശർമ്മ പറഞ്ഞു

പാലം തുറന്ന് കൊടുക്കുന്നതോടെ അരുണാചല്‍പ്രദേശില്‍നിന്ന് അസമിലേക്ക് യാത്ര ചെയ്യുന്നവര്‍ക്ക് യാത്ര ലഘൂകരിക്കാൻ ബോഗിബീല്‍  ഉപകാരപ്രദമാകും. ഇപ്പോൾ അരുണാചലിൽ നിന്ന് അസമിലേക്ക് പോകാൻ 500 കിലോമീറ്റർ ദൂരമാണെങ്കിൽ ചൊവ്വാഴ്ചയോടെ 100 കിലോമീറ്ററായി ദൂരം കുറയുമെന്നാണ് അധികൃതർ പറയുന്നത്.

വടക്കുകിഴക്കന്‍ മേഖലയിലെ യാത്രാക്ലേശം പരിഹരിക്കുകയെന്ന ലക്ഷ്യത്തോടെയാണ് പാലം നിര്‍മ്മാണമെങ്കിലും ചൈനീസ് അതിര്‍ത്തിയിലെ സൈനിക നീക്കം വേഗത്തിലാക്കുകയെന്ന ഉദ്ദേശ്യവും ഇതിന് പിന്നിലുണ്ട്. നദിക്ക് 32 മീറ്റര്‍ ഉയരത്തിലാണ് പാലം നിര്‍മ്മിച്ചിരിക്കുന്നത്. 1997 ജനുവരിയിൽ അന്നത്തെ പ്രധാനമന്ത്രിയായിരുന്ന എച്ച് ഡി ദേവഗൗഡയാണ് പാലത്തിന്റെ ആദ്യ ഘട്ട പ്രവർത്തനങ്ങൾ ആരംഭിച്ചതെങ്കിലും 2002ൽ വാജ്‌പേയിയുടെ കാലത്താണ് നിർമ്മാണം തുടങ്ങിയത്. തുടർന്ന് 2007ല്‍ അന്നത്തെ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്‌ ബോഗിബീല്‍ പാലം ദേശീയ പദ്ധതിയായി ഉയര്‍ത്തുകയും ചെയ്തു.

click me!